Followers

Tuesday, October 9, 2012

ജനിതകം.



അതെ, അതുതന്നെയാണു
ഞാനും പറയുന്നത്,
ചില്ലകളില്‍ ചോരപുരണ്ട്
കണ്ണു തുറിച്ച ഒലീവ് മരങ്ങള്‍,
ഗോതമ്പു വയലുകളിലേക്ക്
ആളിപ്പടരുന്ന തീ ജ്വാലകള്‍,
മഞ്ഞുരുകിയപ്പോള്‍ പൊന്തിവന്ന്
ഉടലിനെ നോക്കി ഉച്ചത്തില്‍
പല്ലിളിക്കുന്ന തലയോട്ടികള്‍,
കല്‍ക്കരി പാടങ്ങളിലെവിടെയോ
പാതിവെന്തൊരു പെണ്ണിന്റെ കാല്‍,

നിങ്ങളും കേൾക്കുന്നില്ലേ,
അതിരുകളില്ലാത്ത ആസക്തിയുടെ
ആർത്തിയുടെ ആഗോള സാധ്യതകളുടെ
മോഹവിലയില്‍ കുത്തിനിര്‍ത്തിയ
ഗോപുരങ്ങള്‍ ചീട്ടുകൊട്ടാരമായി
കൂപ്പുകുത്തുമ്പോൾ ,
തെരുവുകളിൽ എവിടെയെല്ലാമോ
ആരോ പിറുപിറുക്കുന്നു.
“ അവന്‍ പറഞ്ഞതത്രയും ശരിയായിരുന്നു ”

വരൂ,
വരണ്ടുണങ്ങിയ പാടങ്ങളില്‍
ഉഴുതുമറിച്ച് കാലാന്തരത്തില്‍
കൈമോശം വന്ന ജനിതക വിത്തില്‍
“നമുക്കായ് നാം തന്നെ“ സംഭരിച്ച
ചപ്പുചവറുകളെല്ലാം വളം ചേര്‍ത്ത്
പുതിയ കതിരുകള്‍ കാത്തിരിക്കാം.
വെള്ളരിപ്രാവുകള്‍ അവയ്ക്ക് കൂട്ടിരിക്കട്ടേ .
മേഘക്കീറുകള്‍ക്കിടയിലൂടെ എല്ലാം കണ്ട്
ജൂതന്റെ വെളുത്ത താടിയും കറുത്ത കോട്ടും
താഴേക്ക് നോക്കി ഊറിച്ചിരിക്കട്ടേ,
ഒരു ജനിതക വിത്താണു വേണ്ടതും.
അതുതന്നെയാണു ഞാനും പറയുന്നതും.

4 comments:

  1. എനിട്ട് പരിണമിക്കുകയും ചെയ്യട്ടെ

    നല്ല ആശയം, നല്ല എഴുത്തും

    ആശംസകൾ

    ReplyDelete
  2. സന്തോഷം സ്നേഹിതാ..

    ReplyDelete

  3. ലിബറല്‍ കാഴ്ച തന്നെ..

    ReplyDelete
  4. നന്ദി സംഗീത്...

    ReplyDelete