Followers

Tuesday, November 25, 2014

അധികാരം.

 അധികാരം.

അധികാരം മെല്ലെ
  രാജവീഥികളിലൂടെ
കൊട്ടാരം ലക്ഷ്യമാക്കി
നടക്കുക  ആയിരുന്നു,

ചരിത്രാവശിഷ്ടങ്ങളിൽ 
തട്ടി   വീഴാതെ  .
പതറാതെ  സൂക്ഷിച്ച്.


അകത്തളങ്ങളിൽ
ഒരു ഹോമ  കുണ്ഡം
എരിഞ്ഞ്  തീരവേ
 യജ്ഞ്യ മൃഗ മാംസത്തിനായ് 
കടി  പിടി കൂടുന്ന
സന്യാസിമാർ  ഒറ്റക്കെട്ടായി
വികൃത  മന്ത്രം  ജപിച്ചും ,

വിശുദ്ധ  ജലത്തിൽ കുളിച്ച 
കാക്കകൾ കൊക്കായി മാറി
ഒറ്റക്കാലിൽ ധ്യാനനിരതരായി
നൃത്തം ചവിട്ടിയും ,

സിംഹാസനത്തിൽ
അധികാരം കണ്ണുകളടച്ച്
പ്രാർത്ഥനയിലമരവേ,
കരിങ്കൽ  തുറുങ്കിലടച്ച 
സ്വാതന്ത്യം  എന്തിനോ
കൈകൾ പുറത്തേക്കിട്ട്
ഉറക്കെ നിലവിളിച്ചും .

അപ്പോളൂം അധികാരം
ആ മൌനത്തിലും
മഹാ മൃത്യുഞ്ജയ 
വിശുദ്ധ  മോഹത്താൽ
  മദോന്മത്തനും .

Friday, November 21, 2014

വണ്ട്


വണ്ട്

പൂവേ,  ഓരോ  തവണ
  നിനക്കു  വിത്തുകളുണ്ടാവുമ്പോഴും
  എത്ര  തവണയാണു
ഞാൻ   വഞ്ചിക്കപെടുന്നത്.

ഒരല്പം  പൂമ്പോടി 
പറ്റുമെങ്കിലൊരല്പം  തേൻ 
ഇതല്ലേ ഞാനും  കൊതിച്ചുള്ളൂ

എന്നെ  കാത്തിരുന്നതും
പരാഗണ  സ്വപ്നത്തിൽ 
നിർവൃതിയടഞ്ഞതും   നീ

  എന്നിട്ടും  എന്റെ  പൂവേ
എന്നെ  മാത്രം 
 ഇപ്പോളും കുറ്റപെടുത്തുന്നതെന്തേ
ഞങ്ങളില്ലായിരുന്നെങ്കിൽ
കാറ്റു  വരുന്നതും നോക്കിയിരുന്നു
  നിന്റെ  കാറ്റു  പോകില്ലായിരുന്നോ

 എല്ലാമറിഞ്ഞിട്ടും
ഇത്രയൊക്കെ  പരിഹസിച്ചിട്ടും
പിന്നെയും പിന്നെയും
മൂളിക്കൊണ്ട്  വരുന്നത്
പ്രണയം കൊണ്ടല്ല
വിശപ്പു  സഹിക്കാഞ്ഞിട്ടാ 
 എന്റെ   സുന്ദരിപ്പൂവേ

Wednesday, November 19, 2014

പരീക്ഷ

പരീക്ഷ

തോല്‍ക്കാതെ   പഠിച്ചെങ്കിലും
ഒന്നാമനായിരുന്നില്ല
ഞാന്‍ ഒരിക്കലും 
ഒരു മത്സരപ്പരീക്ഷയിലും 

തോല്‍ക്കാതിരിക്കാനുള്ള
ജീവിത അതിജീവന
മഹാ  ദയനീയതകള്‍ക്കിടയില്‍
കയ്യെത്തി പിടിക്കാനാവാത്ത
ഒന്നാം  സ്ഥാനമൊരിക്കലും
എന്നെ  അലട്ടിയിരുന്നും  ഇല്ല

  
ഒന്നാമന്മാര്‍  എന്നെ  നോക്കി
പരിഹസിച്ച്  പലതവണ
അര്‍ത്ഥം വെച്ച് ചിരിച്ചിട്ടും
എന്റെ നിര്‍വികാരതയില്‍  ചൂളി
നിരാശരായതും ഒരു പക്ഷേ
അതുകൊണ്ട്  തന്നെയാവാം
 
അക്കമിട്ട് നിരത്തിയ
  എത്രയെത്ര  ചോദ്യങ്ങള്‍
അവയുടെ മഹാ പ്രളയത്തില്‍
എഴുതാന്‍ മറന്ന് പോയ
എത്രയോ  ഉത്തരങ്ങള്‍
ആവര്‍ത്തന  വിരസമായ
ചോദ്യങ്ങള്‍ മടുത്ത്
ഉത്തരമെഴുതാതെ വെറുതെ
വിട്ടു കളഞ്ഞ ചിലതും 

ഒരു  തിരിച്ച്  പോക്കുപോലും
അസാധ്യമായ പകുതിയിലേറെ
  പിന്നിട്ടൊരീ  യാത്രയില്‍
ഇടയ്ക്കെല്ലാം വെറുതെയൊന്ന്
തിരിഞ്ഞ്  നോക്കാറുണ്ടിപ്പോളും.

Sunday, November 16, 2014

സല്ലാപം

നിറയെ  മാമ്പഴ
ചിരിയുമായെന്റെ  തൊടിയിൽ
നിൽക്കുന്ന  മാവു പോൽ
മധുരമേകിക്കടന്നു പോയീടുന്ന
മൃദുല  ചിന്തതൻ വർഷമേ
ചെറിയ കല്ലെടുത്തെറിയവേ
നിന്നെ  ഞാൻ വെറുതെ
മോഹച്ചിരുന്നുവോ
കനിവു കാട്ടി നീ പുതിയ വർഷവും
നിറയെ കായുമായ് പൂക്കവേ
കൊതിവിടാതെയീ  ചെറിയ  പയ്യനും
അരികെ വന്നു കളിച്ചിടാം

Monday, November 10, 2014

നാഗങ്ങൾ സാക്ഷി !!

നാഗങ്ങൾ  സാക്ഷി  !!

ഒട്ടും  പ്രതീക്ഷിക്കാതെ  വന്ന  മഴയയായിരുന്നു,    തൊട്ടടുത്ത്  കണ്ട  സർപ്പക്കാവിലേക്കോടിയെത്തിയപ്പോളേക്കും അവർ  ആകെ  നനഞ്ഞു കുതിർന്നിരുന്നു..രണ്ടും പേരും ഒരു  വലിയ  മരത്തിനു കീഴിലേക്ക്  ഒതുങ്ങി നിന്നു ,  ശക്തമായ  കാറ്റിൽ   മഴത്തുള്ളികൾ  വീണ്ടും അവരുടെ മേൽ   വീശിയടിച്ചപ്പോൾ  തണുത്ത്  വിറച്ച  അവർ  ഒരല്പം  കൂടെ ചേർന്നു നിന്നു, മഴ  നിൽക്കുന്ന  ലക്ഷണമില്ല,  നേരം  ഇരുണ്ട് വരികയാണു,  അവളുടെ  ഉള്ളിൽ എന്തെന്നറിയാത്ത  ഒരു  പരിഭ്രമം  വരാൻ  തുടങ്ങി, കാറ്റ്  ഒന്നുകൂടെ ആഞ്ഞ് വീശി...പെട്ടന്ന്  അവൻ  അവളുടെ നേരെ  തിരിഞ്ഞു നിന്നു,   ഇരു ചുമലിലിലും  കൈവെച്ചു,  അപ്പോൾ അവളുടെ  അധരങ്ങളിൽ മെല്ലെയൊരു വിറയൽ  പടർന്നു..അവളോട്  അല്പം കൂടെ ചേർന്ന്  നിന്ന്  അവൻ  വിതുമ്പിക്കൊണ്ട്  അത് ചോദിച്ചു. അത്  കേട്ട  അവൾ  പരിഭ്രമിച്ചു.  ചേട്ടാ...ഞാൻ..ഞാൻ..എനിക്കതൊന്നും  പരിചയം  ഇല്ലാ..പ്ലീസ്,  അവൻ  വിടുന്ന  ലക്ഷണം  ഇല്ലായിരുന്നു...  മായാ   പ്ലീസ്   എനിയ്ക്ക്  പിടിച്ച് നിൽക്കാനാവുന്നില്ലാ, ഈ ഒരു  തവണ  മാത്രം..പ്ലീസ്..അവൻ   കേഴുകയായിരുന്നു..അവൾ  ഒരു  പാവയെ  പോലെ അനങ്ങാതെ  തരിച്ചു നിന്നു, അത്തരമൊരവസ്ഥയിൽ അവനെ  അവളും  ആദ്യമായി കാണുകയായിരുന്നല്ലോ..എന്തു ചെയ്യണമെന്നറിയാതെ  അവൾ  കുഴങ്ങി. അവസാനം അവന്റെ  ക്ഷമ  കെട്ട  ഒരു  അഭിഷപ്ത  നിമിഷത്തിൽ അവൻ ഉറക്കെ  അലറി...  ഗത്യന്തരമില്ലാതെ ഇനിയും അവനെ  അനുസരിക്കയല്ലാതെ   മാർഗ്ഗമില്ലെന്ന് മനസ്സിലാക്കിയ  അവൾ  മെല്ലെ  അവനിലേക്ക്  ഒന്നുകൂടെ  ചേർന്നു നിന്നു...അവന്റെ  ഉച്ച്വാസ  വായു  അപ്പോൾ  അവളുടെ മുഖത്ത്  തട്ടുന്നുണ്ടായിരുന്നു..അവൾ സർവ്വ  ശക്തിയും  എടുത്ത്  അവന്റെ  കണ്ണിലേക്ക്  ആഞ്ഞ്  ഊതി...ഒന്നല്ല  മൂന്ന്  തവണ... “എന്റമ്മേ  കണ്ണീലൊരു  പൊടി  പോയാൽ പോലും  ഒന്നൂതിത്തരാൻ ഇത്ര  കെഞ്ചണോ  ന്റെ   നാഗത്താന്മാരേ “ വല്ലാത്തൊരാശ്വാസത്തോടെ  അവൻ  ചിരിച്ചു,.എല്ലാം കണ്ട്  നാഗത്താന്മാർ  തരിച്ചു നിന്നു.അപ്പോളേക്കും മഴ  ശമിച്ചിരുന്നു..അവർ  അവരവരുടെ വീട്ടിലേക്ക് പോയി.

Tuesday, November 4, 2014

ഗണിതം....!!



ഇത്രയൊക്കെ വക്രതയുണ്ടായിട്ടും
ഒരു വൃത്തം പോലും
വൃത്തിയായി ഇനിയും
വരയ്ക്കാനാവാത്തതെന്താവും ?

നേരെ വാ നേരെ പോ  എന്നു
പറഞു കൊണ്ടിരുന്നിട്ടും
എന്തേ ഒരു നേര്‍ വരപോലും
തികച്ച് വരയ്ക്കുവാനാവാത്തത് ?

എല്ലാ വശങ്ങളുമറിഞിട്ടും
നാലുവരകള്‍ കൊണ്ട്
സമാന്തരങ്ങള്‍ക്ക് പകരം
സമചതുരമാവാത്തതും ?

അകക്കാഴ്ചകളുടെയൊ
പുറം കാഴ്ചകളുടെയോ
ഏത് ജാമിതീയ രൂപങ്ങളില്‍
ഞാനെന്റെ മനസ്സ് വരച്ചു കാട്ടും?