Followers

Sunday, November 8, 2015

വിശ്വാസങ്ങളുടെ കാവൽക്കാരാ...

 വിശ്വാസങ്ങളുടെ  കാവൽക്കാരാ...

വിശാസങ്ങളുടെ  കാവൽക്കാരാ
നീയിപ്പോളെവിടെയാണു.
പുറത്ത് വെറുതെ ആരവം
മുഴക്കി  കളിക്കുന്ന
കുഞ്ഞു സിദ്ധാന്തങ്ങളെയും
തത്വ ശാസ്ത്രങ്ങളെയും
വെവ്വേറെ  വരിയാക്കി നിർത്തി
പേർ  ചൊല്ലി  വിളിച്ച്
ഹാജറെടുത്തകത്താക്കി
ഇരുട്ട്  മുറിയിലടച്ച്
പുറത്ത്  നിന്നും താഴിട്ട് പൂട്ടി ,
  ഞാൻ പോലുമറിയാതവയെന്റെ
മനസ്സിലെക്കു കയറാതിരിക്കാൻ 
കാവലിരിക്കയാണു ഞാനിപ്പോൾ .
 കണ്ണടച്ചിരുട്ടാക്കുമ്പോൾ
ഞാനെല്ലാം  കാണുന്നു .,
അവിടെ ദൂരെ ,നിന്ന  നിൽ‌പ്പിൽ 
പച്ചയ്ക്ക്  കത്തുന്നൊരു  പടുമരം !
 തീജ്വാലകളെ  അവഗണിച്ചും
സംഘമായി  ദേശീയ  ഗാനം  പാടുന്ന
ലോഹക്കിളികളുടെ  കാലൊച്ചകൾ !
അതിനുമപ്പുറം  ഇരുട്ടിൽ
പ്രണയ  ജൈവായുധങ്ങളാൽ
സ്നേഹനിർജ്ജലീകരണം
നടത്തുന്ന  മുഖമില്ലാക്കമിതാക്കൾ .
എവിടെയോ ദുരയുടെ 
അനന്താകാശങ്ങൾ  തേടി
പുതിയ പര്യവേക്ഷണങ്ങൾ .
വിശ്വാസങ്ങളുടെ  കാവൽക്കാരാ
ഞാനിവിടെ  തനിച്ചാണു
നീയിപ്പോൾ  എവിടെയാണു

Saturday, October 24, 2015

മാ നിഷാദ

മാ  നിഷാദ

കൊല്ലാന്‍ നിനക്കും
ചാവാന്‍  ഞങ്ങള്‍ക്കുമുള്ള
കാരണങ്ങള്‍ അനവധിയാവാം
എങ്കിലും  ഒന്നോര്‍ക്കുക

ഒരു വീട്ടില്‍  ഒരമ്മ
പെറ്റവരെ  പോലെ
കഴിഞ്ഞൊരു കാലം
നമുക്കുമുണ്ടായിരുന്നു

കാലമെന്ന ചാക്രികതയില്‍
തിരിച്ചും മറിച്ചും
വരാവുന്നൊരു വിളയാട്ടം
മാത്രമാണു നീയിപ്പോള്‍
ധാര്‍ഷ്ട്യ വിത്തുകളായി
അഹങ്കാരത്തോടെ
കൊണ്ട് നടക്കുന്നതും

നോക്കൂ നമ്മുടെ
കുഞ്ഞുങ്ങള്‍ക്കൊന്നുമറിയില്ലാ
ഒന്നും, നിഷ്കളങ്കരാണവര്‍,
ചതിയുടെ  ദുരയുടെ
ചോരയുടെ മണം
അവരെ  അറിയിക്കരുത്

Friday, October 9, 2015

നിധി


അച്ഛൻ എന്നും പറയുമായിരുന്നു
പറമ്പിൽ നിധിയുണ്ടെന്ന്.
സ്ഥലവും ക്രിത്യമായി പറഞ്ഞിരുന്നു,
ഏറ്റവും താഴത്തെ തൊടിയിൽ
കുടകപ്പാലയുടെ ചുവട്ടിൽ !
പൂത്തു നിൽക്കുന്ന കുടകപ്പാലയും
എന്നെങ്കിലും ലഭിക്കുന്ന നിധിയും
സ്വപ്നത്തിൽ പല തവണ
എന്നെയും മോഹിപ്പിച്ചതാണു .
പ്രായാധിക്യത്താൽ അച്ഛൻ
മുൻപ് പറഞ്ഞ പലതും
ഇപ്പൊൾ ഓർക്കുന്നില്ലെങ്കിലും
ഒന്നും വെറുതെ പറഞ്ഞതായിരുന്നില്ല
സത്യമായിരുന്നത്, നിധിയുണ്ടവിടെ.
ആ കുടകപ്പാലച്ചുവട്ടിൽ ആണല്ലോ
അമ്മ ഇപ്പോൾ ഉറങ്ങുന്നത്.

Tuesday, August 18, 2015

ശ്രേഷ്ഠ പാചകം

ശ്രേഷ്ഠ  പാചകം

കാന്താരി മുളക്
കല്ലുപ്പും  ചേർത്ത്
കരിങ്കല്ലിൽ ചതച്ചെടുത്തത്

കുരുമുളക്  പൊടിയും
വാളൻ പുളിയും
  വെളുത്തുള്ളിയും 
     കായപ്പൊടിയും 
ചേർത്ത  രസക്കൂട്ടുകൾ

കുടിക്കുന്നതവസാനമെങ്കിലും
പ്രഥമ  സ്ഥാനത്തുള്ള
പലതരം  പായസങ്ങളുടെ
  പാൽ പുഞ്ചിരി

കൊഴുപ്പു കൂടിയാലും
രുചിയിൽ മികച്ച്
നിൽക്കും നെയ്യിൻ
നറുമണം  ചേർത്തവ

തേങ്ങ  വറുത്തരച്ചതും
അല്ലാത്തതും  ആയി
  പരിപ്പും പുളിയും
  കായവും  വെന്ത 
സുഗന്ധത്തിൽ
പച്ചക്കറികളുടെ 
തിക്കിതിരക്കിൽ
സാമ്പാറിന്റെ  സമ്പന്നത

 പച്ചത്തേങ്ങയും
കടുകും അരച്ചതിൽ
  തൈരു  ചേർത്ത് 
എളിമയോടെ പച്ചടി


കായും ചേനയും
കടലയും എല്ലാം
ഒരുമിച്ച്  വാഴുന്ന
കൂട്ടുകറിയിൽ
കറിവേപ്പിലച്ചാർത്തും
വറുത്ത  നാളീകേരത്തിന്റെ  
ജീരക  സാന്നിധ്യവും

  ഇലയുടെ  അറ്റത്ത്
വിളമ്പി  തൊട്ടു നക്കാൻ
കുറുങ്കവിതകൾ  പോലെ
ഇഞ്ചിപ്പുളിയും  അച്ചാറും

അകത്തൊന്നുമില്ലെങ്കിലും
വെറുതെ  വീർത്തിരിക്കുന്ന
വലിയ പപ്പടങ്ങൾ

വായിൽ വെള്ളമൂറുന്ന
  മുളകീഷ്ടത്തിന്റെ
മത്സ്യം  തൊട്ടു കൂട്ടുന്ന 
വകഭേദങ്ങൾ

മടിക്കാതെ  പറയൂ
നിങ്ങൾക്കേതാണു പഥ്യം
മനസ്സറിഞ്ഞു  കഴിക്കാൻ
മതിയാവോളമുണ്ണാൻ..?

Sunday, August 2, 2015

അവൾ

അവൾ

അവൾക്ക് വല്ലാതെ
വിശക്കുന്നുണ്ടായിരുന്നു
നാട്ടിലെ പട്ടിണി
പാവങ്ങളെ പോലെ

അവളുടെ കണ്ണുകൾ
വറ്റി വരണ്ടിരുന്നു
നമ്മുടെ നാട്ടിലെ
പുഴകൾ പോലെ

മുടിയിഴകൾക്കും
ദേഹവടിവുകൾക്കും
ദുർഗന്ധമായിരുന്നു
നാട്ടിലെ ചില
അഴുക്ക് ചാലുകൾ പോലെ

അവളപ്പോളും
വിതുമ്പുന്നുണ്ടായിരുന്നു
നമ്മുടെ നാട്ടിലെ
വഞ്ചിക്കപ്പെട്ട ചില
പെണ്ണൂങ്ങളെ പോലെ

നാഭിച്ചുഴിയും
വികലമായിരുന്നു
മണ്ണുടുത്ത് നശിപ്പിച്ച
നമ്മുടെ നാട്ടിലെ
മലകൾ പോലെ

അവൾ വല്ലാതെ
കിതയ്ക്കുന്നുണ്ടായിരുന്നു
സർക്കാരാശൂത്രിയിലെ
രോഗികളെ പോലെ

അവൾ വല്ലാതെ
വിയർക്കുന്നുണ്ടായിരുന്നു
പോലീസ് സ്റ്റേഷനിൽ ചെന്ന
ചില പാവങ്ങളെ പോലെ

എന്നിട്ടും
ഞാനവളിലേക്ക്
മെല്ലെ അമരുകയായിരുന്നു
നാട്ടിലെ ചില
നാറികളെ പോലെ

Sunday, July 19, 2015

അപകർഷത

അപകർഷത

എനിക്കും  അറിയാം 
ശാശ്ത്രീയമായി  വലിയൊരു
തെറ്റാണു ഞാനെന്ന്

ആവർത്തിച്ചാവർത്തിച്ചുള്ള
പരീക്ഷണ  നിരീക്ഷണങ്ങളുടെ
ഉള്ളുരുകിപ്പോകുന്ന
നിയന്ത്രിതാവസ്ഥയിൽ
പകച്ചും  വിയർത്തും
പലപ്പോളും ഉത്തരങ്ങൾ
മാറിയും മറിഞ്ഞും  പോകുന്ന
വെറുമൊരു  പച്ച  മനുഷ്യൻ
മനസ്സ് തീർക്കുന്ന 
മൃദുല മോഹങ്ങളുടെ
അപവർത്തന  സാധ്യതകളുടെ
മഴവിൽ കൂടാരങ്ങളിൽ
ചിലപ്പോളെങ്കിലും ഞാനും
മതിമറന്നു പോകാറുണ്ട്

നിലാവെളിച്ചത്തിന്റെ
വൃദ്ധിക്ഷയങ്ങളെ 
കണക്കിലെടുത്താവില്ല
വിഭ്രമങ്ങളുടെ  കയറ്റിറക്കങ്ങൾക്ക്
  പലപ്പോളും ശക്തികൂടുന്നതും

ഏതോ ആൽകെമിസ്റ്റിന്റെ
സ്വർണ്ണ സ്വപ്നം  പോലെ
  ദിന രാത്രങ്ങളുടെ
പരിശ്രമങ്ങൾക്കൊടുവിലും
തുരുമ്പെടുത്ത് പോയ  ജീവിതം 
ഇനിയൊരിക്കലും തിരിച്ച്
കിട്ടില്ലെന്ന  തിരിച്ചറിവുമുണ്ട്

അതുകൊണ്ടാവാം,
അതുകൊണ്ട് മാത്രമാവാം
 നിരന്തര സ്വയം
 ബോധ്യപ്പെടുത്തലുകളുടെ
ആത്മ  വിശ്വാസത്തിലും
  നിങ്ങൾക്ക്  മുന്നിൽ
എന്റെ  ശരികളുടെ
ശാസ്ത്രീയത   ഒരിക്കലും
ബോദ്ധ്യപ്പെടാത്തതും

Saturday, July 18, 2015

കണ്‍ഫ്യൂഷന്‍

കണ്‍ഫ്യൂഷന്‍

പൂവായ് വിരിഞ്
ചിരിച്ച് കളിച്ച്,
കായായി കരഞ്,
കൈകള്‍ മറിഞ്,
കടയിലെത്തി,
പഴമായി നില്‍ക്കേ,
എന്തു ഞാന്‍ നല്‍കണം
കരമായറിയില്ല ,
വില്പന നികുതിയോ
വരുമാന നികുതിയോ?

Tuesday, July 14, 2015

അന്വേഷണങ്ങൾ

അന്വേഷണങ്ങൾ

ഏത്  കൊച്ച്  കുട്ടിയ്ക്കും
എളുപ്പത്തിൽ മുനയൊടിക്കാവുന്ന
  കൊച്ച് പെൻസിലിനുള്ളിൽ 
ആർക്കെല്ലാമോ  എന്തെല്ലാമോ 
എഴുതാനും വരയ്ക്കാനും മാത്രം
നീ വീർപ്പ്  മുട്ടുമ്പോളും,

ആർജ്ജിത കാഠിന്ന്യത്തിന്റെ
അഹങ്കാര തെളിമയിൽ
വജ്ര  ശോഭയുടെ
തിരയിളക്കങ്ങളിൽ
സ്വയം  മറന്ന് നീയിരിക്കുമ്പോളും  ,

അതുമല്ലെങ്കിൽ
ആരും  തിരിഞ്ഞ് പോലും
നോക്കാത്ത  അവഗണനയുടെ
കരിക്കട്ടയായി   നീ  വിതുമ്പുമ്പോളും

എന്നിലെ   ദുരയുടെ
രത്ന  വ്യാപാര  ചിന്തയും
ആഭരണ  പ്രണയവും
എഴുത്തിന്റെ കൌതുകവും  
ഒരു നിമിഷം മാറ്റിവെച്ച്,

സത്യാന്വേഷണത്തിന്റെ
രസതന്ത്ര  പാതയിൽ
പ്രപഞ്ച  ജൈവികതയുടെ
  മൂലരൂപങ്ങൾ  തേടി,

എതിർപ്പുകൾ  അവഗണിച്ച്
നിന്റെ  ആഴങ്ങളിലേക്ക്
നീ പോലും അറിയാതെ
ഇറങ്ങി ചെന്നപ്പോൾ

പുത്തൻ അറിവുകളുടെ
അകക്കാമ്പ്  കണ്ട്  പകച്ച് പോയ
കൊച്ച് കുട്ടിയെ  പോലെ 
അമ്പരപ്പോടേ ഈ ഞാനും  !!

Sunday, July 12, 2015

ദേവഭാഷണംഈ  അരൂപിയുടെ
ആത്മ  സൌന്ദര്യം
നിനക്ക്   കാണാനാവില്ല,
ഒരിക്കലും,

ഞാന്‍ ഭഗവാന്‍,  അരൂപി,
 നീ തീര്‍ത്ത് വെച്ച
ആര്‍ത്തിയുടെ  ദുരയുടെ
പ്രതീകങ്ങളുടെ  തടവുകാരന്‍,
 എന്നും നിന്റെ  അടിമ,
പഴകിയ   ചോരമണമുള്ള ,
ദ്രവിച്ച താളിയോലകളിലെ
ഇതിഹാസങ്ങളുടെ മറവില്‍
വീര പരിവേഷങ്ങളുടെ
ഉപമാലങ്കാരങ്ങളില്‍
 എന്നേ കുടിങ്ങിയവന്‍
സംവത്സരങ്ങളുടെ വന്ന്യമാം
   ഗൃഹാതുരതയിലേക്ക്
നിന്റെ  പോക്കിനും വാക്കിനും
മൌനാനുവാദം  തന്നവന്‍
മിഥ്യാവബോധത്തിന്റെ
ജഡമാം ദേവകണങ്ങള്‍
ഊള്ളം കയ്യിലൊതുക്കി 
നീയിങ്ങനെ  ഇരിക്കുമ്പോള്‍
എനിയ്ക്ക് ചിരിവരുന്നു
അടക്കാനാവാത്ത  ചിരി,
  ഒരിക്കലും തീരാത്ത
  വികല  സംശയത്താല്‍
ഭയക്കുന്നതും വെറുക്കുന്നതും ,
നീ സ്വയം  തന്നെയാണല്ലോ.
എന്നിട്ടും അറിവില്ലായ്മയുടെ
ആള്‍ രൂപങ്ങളായി
നീ വിലസി  വിളങ്ങുക
 അപ്പോളും, എപ്പോളും വിധി
എന്റെ  കയ്യിലെന്ന
വല്ലാത്തൊരുറപ്പില്‍
നിത്യ മൌനമായി
എന്റെയീ   ചിരിയും.

Sunday, June 28, 2015

കാറ്റേ..കാറ്റേ !

കാറ്റേ..കാറ്റേ  !

ഇളം പൂവിൻ തേൻ
നുകരാനൊടുക്കത്തെ
കൊടുങ്കാറ്റായടുക്കുന്നൊരു
ശൌര്യ  വേഗ തിടുക്കക്കാറ്റും

നടക്കുമ്പോൾ  തുളുമ്പുന്നോ-
രൊടുക്കത്തെ  നിതംബം
കണ്ടതിലല്പം മിഴി
നട്ടിട്ടലറിക്കൊണ്ടൊരു  കാറ്റും

ധൂർത്ത്  മൂത്തൊരു കെട്ടിലമ്മ-
യ്ക്കാർത്തീ  മൂത്ത്  പിടയ്ക്കുമ്പോൾ
നോക്കി നിൽക്കും കൊതിയോടൊരു
വയസ്സൻ  കാറ്റും

പൊരിവെയിലിൽ കരിങ്കല്ലിൽ
കദനത്തിൽ  കവിത വിരിയേ
നാട്ടുപൂവിൻ   ചുറ്റുമിന്നൊരു
  ശൃംഗാര  പൊടിക്കാറ്റും.

Thursday, May 28, 2015

മഴേ നീ എന്നാണു പെയ്യുക !

മഴേ  നീ  എന്നാണു  പെയ്യുക !


നനഞ്ഞ് കുതിർന്ന്
വയൽ  വരമ്പിലൂടെ
സ്കൂളിലേക്ക്  പോകാനും ,

ഇന്റർവെൽ  സമയത്ത്
 മതിലിൽ നിരായ്  നിന്ന്
മഴവെള്ളത്തിലേക്ക് മുള്ളാനും,

പണ്ടൊരിക്കൽ  നടന്ന  പോലെ 
ഒരുവളെ  ചേർത്ത് നിർത്തി
അടക്കം  പറഞ്ഞ്  ചിരിച്ച്
  ഒരേ കുടയിലങ്ങനെ  നീങ്ങാനും

മഴയിരമ്പം കേട്ട് മൂടിപ്പുതച്ച്
കൂടെയുള്ളവളെ  ഒന്നൂടെ
അരികിലേക്കടുപ്പിച്ച്
പുതപ്പിലേക്ക്  വലിഞ്ഞ്
നിശ്വാസങ്ങളിലലിഞ്ഞ്
മതിയാവോളമുറങ്ങാനും
വല്ലാണ്ട് പൂതിയായിട്ടല്ല ,

ഞങ്ങൾ  പണ്ടാരടങ്ങി
  പോകാതിരിക്കാൻ
ഇനിയുമിനിയുമൊരുപാട്
കാലമീ പച്ചപ്പെങ്കിലും  
കണ്ട് പകച്ചിരിക്കാൻ
ഇനിയുമൊരു  മഴ
എന്നാണു  പെയ്യുക !!

Wednesday, April 29, 2015

നവലിബറല്‍ കാഴ്ചകള്‍..!!

നവലിബറല്‍ കാഴ്ചകള്‍..!!
ശൂന്യതയിലേക്ക്
കൂപ്പുകുത്തിയ
മനസ്സിനെ
തിരികെ പിടിക്കാന്‍
ഒരു കവിള്‍ കൂടി.
ചില്ലുകോപ്പയിലപ്പോളും
തണുത്ത മഞ്ഞച്ചിരി.
ഉള്ളിലെടുത്ത്
ചൂടാവുന്നതിന്ന് മുമ്പൊന്ന്
തണുക്കണം.
ചിറി തുടച്ച്,
അകം പൊള്ളിനിറയണം
സമരജ്വാല.
ചുണ്ടില്‍
അഗ്നിയെരിഞ്ഞു ,
പുകച്ചുരുളിലൂടെ
മുന്നില്‍ തെളിയുന്ന
സ്ക്രീനില്‍ നീലനിറം
യാങ്കിപയ്യനും
ചൈനക്കാരി പ്പെണ്ണും
വര്‍ഗ്ഗസമരത്തിന്‍റെ
പായക്കപ്പലില്‍,
അടിയൊഴുക്കിനെ,
ചുഴികളെ,
കടല്‍ ചൊരുക്കിനെ ,
ഭേദിച്ച്,
ഉശിരന്‍പോരാട്ടം
സായിപ്പിന്റെ
സാമ്രാജ്യത്വത്തിന്ന്
മുകളില്‍ ചൈനക്കാരിയുടെ
സോഷ്യലിസത്തിന്റെ
പിടിമുറുകി.
അടിതെറ്റി, കടപുഴകി
മുതലാളിത്തം
നിലത്ത്, പാവം.!
എന്തിനോ തിളയ്ക്കുന്ന
ശബ്ദത്തില്‍
കിടക്കയില്‍നിന്നും
മറുപാതിയുടെ ആത്മഗതം
"ഇന്നത്തെ ഹര്‍ത്താലും
സമ്പൂര്‍ണ്ണ വിജയം തന്നെ.
മുതലാളിത്തം
കടപുഴകിവീണു
ഇതൊന്നാഘോഷിയ്ക്കാതെ വയ്യ."

Monday, April 20, 2015

എന്റെ കവിതകള്‍ .ഇന്നലെ പനി വന്നു ചത്ത
ചെക്കന്റെ മുഖത്ത്
ചെന്നീരുണങ്ങി കിടന്നതും,
തെരുവിലെ ചെറു ബാലികയുടെ
ഇടുപ്പെല്ലകലുന്ന
വേദനയുടെ രഹസ്യവും
മണിയനീച്ചകള്‍ പൊതിഞ്ഞ്
ഏതോ വയസ്സന്റെ ശവം വെറുതെ
വഴിയില്‍ കിടന്നതും.
ഇരുട്ടിന്‍ രാത്രികാലങ്ങളില്‍
വടിവാളുകള്‍ എന്തിനോ
തീപ്പൊരിയുതിര്‍ക്കുന്നതും
കുടലു കരിഞ്ഞ മുഖങ്ങളിലെ
നിഷ്കളങ്ക ദീനത
വയറിന്‍ വിശപ്പിന്റെ
നാനാത്വത്തിലെ ഏകതയും !!
അല്ല ,
ഒരിക്കലും അതൊന്നുമല്ലാ
എന്റെ കവിത.
പകരം,
ഞാനെന്ന വൈകൃതം
ആത്മഹര്‍ഷത്തിനായ്
കൈ വിരലിലൂടെ വെറുതെ
ചീറ്റിതെറിപ്പിച്ചൊഴുക്കി
പുറത്ത് വിടുന്ന വെറും
അക്ഷര തെറ്റുകള്‍ മാത്രം !!

Tuesday, April 7, 2015

ഇല്ലിക്കാടുകൾക്ക് പറയാനുള്ളത്.

ഇല്ലിക്കാടുകൾക്ക്  പറയാനുള്ളത്.

കലിയുഗാന്ത്യത്തിൽ
വീണ്ടും പ്രളയമെത്തി,
പണ്ടെന്നോ  വെട്ടും
കുത്തും കൊണ്ട്  ചത്ത
മത്തായി    ഇളിമ്പ്യൻ  ചിരിയുമായി  
   കബനീ  നദിയിൽ  നിന്നും
ആലിലയിൽ ഉയിർത്തെഴുനേറ്റു ,

മെല്ലെ പഴയ പുൽ‌പ്പള്ളിക്കാട്ടിൽ
മലയിടിച്ച്  പുതുതായി
നിർമ്മിച്ച  നക്ഷത്ര  ഹോട്ടലിൽ
ജനാധിപത്യത്തിന്റെ
മാർഗ്ഗം കളിയിലേക്ക്

അവിടെ,
ഈയിടെയായി    മാത്രം 
വാലു മുളച്ച  
കുറേ  കുരങ്ങന്മാർ
  മത്തായിയുടെ  അപദാനങ്ങൾ
ഉറക്കെ പാടുന്നുണ്ട് .

ഇനിയൊരിക്കലും
  ഒരു  ഉയിർത്തെഴുൽ‌പ്പിന്നു 
സാധ്യതയില്ലെന്നറിഞ്ഞിട്ടും
അധികം  ദൂരെയല്ലാതെ 
മറ്റൊരു  പുഴയിൽ
ഇപ്പോഴും  ഒരാത്മാവ്
ചുഴിയിൽ കിടന്ന്
   വെറുതെ കറങ്ങുന്നുണ്ട് .
വയറു  കീറി   പണ്ടാരോ
വലിച്ചെറിഞ്ഞത് !


ചില മതിഭ്രമ ചിന്തകൾ

ചില  മതിഭ്രമ  ചിന്തകൾ

കാലൻ കോഴികൾ കൂവിക്കൊണ്ടിരിക്കെ
ഒരുറുക്ക  പിച്ചിലെന്ന  പോലെ
ഞാൻ  നിന്നെ  വിശ്വസിക്കില്ല
നിനക്ക്  ഹൃദയമില്ലെന്ന്
ഞാനപ്പോളും  പറഞ്ഞ് കൊണ്ടിരുന്നു


നിലാവെളിച്ചത്തിൽ  വിയർത്തു
   ഒരു നിമിഷം ,പീന്നെ വായിലൂടെ  കയ്യിട്ട്
കണ്ണൂകൾ  പുറത്തേക്ക്  തള്ളി
അവൾ   അത്  പറിച്ചെടുത്തു.
"  ഇതാ  എന്റെ  ഹൃദയം"
ചോരയിൽ കുതിർന്നൊരു  ഹൃദയം
എന്റെ  കൈകളിൽ പിടഞ്ഞു .

  ഞാനത്  കുറ്റിക്കാട്ടിലേക്ക്  വലിച്ചെറിഞ്ഞു

വീണ്ടും ഞാൻ പുലമ്പി
നിന്നെ  കരളേ  എന്നല്ലേ വിളിക്കൽ  
എനിക്കിപ്പോളതും  സംശയം
 വേദന  കടിച്ച്  പിടിച്ച് 
വാരിയെല്ലുകൾക്കിടയിലൂടെ
  കൈകൾ  കുത്തിയിറക്കി
  അവൾ  തന്റ്റെ  കരൾ  പറിച്ചെടുത്തു, 
കിതപ്പിനിടയിലും  അവൾ  പറഞ്ഞൊപ്പിച്ചു
ഇനിയെങ്കിലും  വിശ്വസിക്കൂക
 കരൾ  തന്നെയെന്നുറപ്പായ
ഞാൻ   വീണ്ടും   അലറി
എവിടെ  നമ്മൾ ഇത്രകാലം
നിശ്വാസങ്ങൾ  കൈമാറിയ
നിന്റെ  ശ്വാസ  കോശം

വിശ്വസിക്കില്ല നിന്നെ  ഞാൻ
ഹൃദയ ശൂന്യയാണു നീയെന്ന്
ഒരുറുക്ക  പിച്ചിലെന്ന  പോലെ
ഞാനപ്പോളും  അലറിക്കൊണ്ടിരുന്നു

നിലാവെളിച്ചത്തിൽ  വിയർത്ത

   ദയനീയതയ്ക്കൊടുവിൽ
  വായിലൂടെ  കയ്യിട്ട്
കണ്ണൂകൾ  പുറത്തേക്ക്  തള്ളിച്ച്

അവൾ   ഹൃദയം  പറിച്ചെടുത്തു,

ചോരയിൽ കുതിർന്നൊരു  ഹൃദയം
എന്റെ  കൈകളിൽ പിടഞ്ഞു  ,
 “ ഇതാ  എന്റെ  ഹൃദയം “
  ഞാനത് അറപ്പോടേ
കുറ്റിക്കാട്ടിലേക്ക്  വലിച്ചെറിഞ്ഞു .

വീണ്ടും ഞാൻ പുലമ്പി
നീയെപ്പോളും  പറഞ്ഞ്
പറ്റിക്കുന്ന ആ കരളെവിടെ ?
 വേദന  കടിച്ച്  പിടിച്ച്
വാരിയെല്ലുകൾക്കിടയിലൂടെ
  കൈകൾ  കുത്തിയിറക്കി
    കരൾ  പറിച്ചെടുത്ത്
കിതപ്പിനിടയിലുമവൾ    പറഞ്ഞൊപ്പിച്ചു
“ഇനിയെങ്കിലും  വിശ്വസിക്കൂക“
  ഞാനതും  വലിച്ചെറിഞ്ഞു .


അപ്പോളും  ബാക്കിയുള്ള
ചുടു  ചോരയൊലിക്കുന്ന
  എല്ലിൻ കൂട്ടത്തിൽ നിന്നും
അവളതും  വലിച്ചെടുത്ത്
എന്റെ  അതൃപ്തിയിലേക്ക്  നീട്ടി  .


ഭ്രമചിന്തയിൽ നിന്നും മുക്തിനേടി
നിലാവില്ലാത്ത നേർത്ത
ആകാശത്തേക്ക് നോക്കി
ഞാൻ  മെല്ലെ  പറഞ്ഞു.
.ഇപ്പോൾ  എനിക്ക്  നിന്നെ
  പൂർണ്ണ  വിശാസം,
വരൂ നമുക്കൊരുമിച്ച് ജീവിക്കാം

അപ്പോൾ  മാത്രം  അവൾ
വിളറി വെളുത്ത  മുഖത്തോടെ
ഉച്ചത്തിൽ  പറഞ്ഞു
 ഇല്ലാ,  ഇപ്പോൾ ഞാൻ
വെറുമൊരു  ശവം  മാത്രം
ഇനിയുള്ള  യാത്രയിൽ
നമുക്കൊരുമിക്കാനാവില്ലാ.
  ഇരുട്ടിനെ  വകവെയ്ക്കാതെ
വേച്ച് വേച്ച്  മെല്ലെ  മെല്ലെ
അവൾ  മൂടൽ മഞ്ഞിൽ ലയിച്ചു
അപ്പോളും  അകെൽ എവിടെയോ
കാലൻ കോഴികൾ കൂവുന്നുണ്ടായിരുന്നു

Tuesday, March 3, 2015

അഹം കൊളാസ്മി.

അഹം കൊളാസ്മി.
ഞാന്‍ കുളമാകുന്നു,
ആത് നശികരുത്.
മുക്കാലും നിറഞ
പച്ച പായലുകള്‍
അസത്തുക്കള്‍ ...

പായലുകള്‍ നീക്കി,
അടുത്ത തൊടിയിലേക്ക്
വലിച്ചെറിയണം.
എല്ലാ മീനുകള്‍ക്കും
ഒരേ നിയമം വെച്ച് ,
മുട്ടയിടല്‍ നിയന്ത്രിക്കണം.
മധ്യത്തില്‍ ഒരു താമര നട്ട്
സന്യാസിമാരെ കൊണ്ട്
പൂജനടത്തി അടിയിലെ
ചളിയും മണവും ആരും
അറിയാതിരിക്കാന്‍ അല്പം
കാവി മുകളിലൊഴിച്ച്
ചന്ദനതിരി കുത്തണം.

Saturday, February 7, 2015

അരങ്ങ്

അരങ്ങ് ..

  സർവ്വാഭരണ  വിഭൂഷിതയും
  സുന്ദരിയുമായ  സമയം
മന്ദം  മന്ദം  നടന്നു നീങ്ങവേ
അവളെ  പാട്ടിലാക്കാൻ
മരണവും  ജീവനും
തർക്കത്തിലായിരുന്നു.

“ഞാനാണു  സത്യം
അവളെയെനിക്കു വേണം“
ഇരുവരും  ആർത്തിയോടെ
അവളെ  ഒളികണ്ണിട്ട് നോക്കി.

മരണം  മെല്ലെ  മന്ത്രിച്ചു
“ ജീവനൊടെ ഇനിയും
എന്നിലേക്കെത്താനാവാത്ത
 ദരിദ്ര  ജീവനേ ,
ഞാനാണു  സത്യം .“


മുടിയഴിച്ചിട്ട  കാലത്തിന്റെ 
എല്ലാ  വശ്യ  സൌന്ദര്യത്തോടെയും
  തിരിഞ്ഞു  നോക്കി
അവളെല്ലാമൊരു 
നിറ പുഞ്ചിരിയിലൊതുക്കി

മറ്റാരിലേക്കോ പരകായ
പ്രവേശം നടത്തിയ
ജീവൻ   കണ്ണിറുക്കി  കാട്ടി
അഭ്യാസിയുടെ  മെയ്‌വഴക്കത്തോടെ
മരണത്തെ  പരിഹസിച്ചു .

മഹാ യുദ്ധങ്ങളുടെ
ഓംകാര  നാദമായും
പകയുടെ   ബാങ്ക്  വിളിച്ചും
ചതിയുടെ  കുരിശ്  വരച്ചും
കാല വേദികളിലെ
ആട്ടക്കലാശങ്ങൾക്കൊടുവിൽ

ജീവന്റെ  എല്ലാ  കാപട്യങ്ങളും
  പിടഞ്ഞ് പിടഞ്ഞ്
ഇല്ലാതാവുന്നത് വരെ
തളർന്ന  ജീവനെ  നോക്കി
മരണം സഹതാപത്തോടെ
ഒതുങ്ങി  മാറി  നിന്നു .

അവസാനം  വിധിയുടെ
വിധി നിർണ്ണയം  കഴിഞ്ഞ്
ആശീർവാദമേറ്റ് വാങ്ങി
അവൾക്കൊപ്പമെത്താൻ
സമയം കടന്നു പോയ
  സുഗന്ധപൂരിത  പാതയിലൂടെ 
വിജയ  ശ്രീലാളിതനായി
  കൊതിയോടെ  മരണവും.


Wednesday, January 14, 2015

കൃഷ്ണന്‍ കുട്ടി ഒരു സാധാരണക്കാരന്‍.

അതിരാവിലെ ഉണര്‍ന്നാലും
കെട്ട്യോളേം കുട്ട്യേളേം കെട്ടിപിടിച്ച്
പിന്നെയും കുറച്ച് നേരം കൂടെ.

പണ്ടാരടങ്ങലും പിന്നെ
പല്ലു തേപ്പും കഴിഞ്ഞു
മെല്ലെ കുളക്കടവിലേക്ക്

മുങ്ങാം കുഴിയിടുന്ന പെണ്ണുങ്ങള്‍
നിവരുന്നതും സോപ്പ് തേക്കുന്നതും
അവന്ന് വേണ്ടിയല്ലെങ്കിലും
അവനതെല്ലാം കാണണം,ശീലമാ.

വീട്ടില്‍ ചന്ദനത്തിരി കുത്തി പ്രാര്‍ത്ഥിച്ച്
ഭാര്യയെ സ്നേഹിച്ച്, മക്കളെ തലോടി
തനിച്ച് ടൌണിലേക്കുള്ള പതിവു യാത്ര


പറയാന്‍ മറന്നു, ദോഷം പറയരുതല്ലോ
കൃഷ്ണന്‍ കുട്ടിയെ എല്ലാര്‍ക്കും വലിയ ഇഷ്ടാ
ദൈവങ്ങള്‍ക്കും പാര്‍ട്ടിക്കാര്‍ക്കും. തിരിച്ചും.

ബസ്സില്‍ തിരക്കാണെങ്കിലും
മുന്നിലാണു നില്പെങ്കിലും
തട്ടിയും മുട്ടിയും ഒരു സുഖത്തില്‍
ആരെയും ഉപദ്രവിക്കാതെ
കൃഷ്ണന്‍ കുട്ടിയുടെ യാത്ര .


“വല്ലകുരുത്തം കെട്ടവന്മാരും
വല്ല പെണ്ണൂങ്ങളേം വേണ്ടാത്തിടത്ത്
പിടിച്ചാലോ? പെങ്കുട്ട്യേളെ കൈ വെച്ചാലോ?“,
കൃഷ്ണന്‍ കുട്ടിയുടെ കണ്ണവിടെ ഉണ്ട് എപ്പോളും.

ബസ്സിറങ്ങിയാലും പച്ചക്കറി മാര്‍ക്കറ്റിലും
വലിയങ്ങാടിയിലും എല്ലാം പെണ്ണുങ്ങളാ
നിറയെ പെണ്ണുങ്ങളാ,കാണാന്‍ നല്ല രസാ

പുതിയ പടം വന്നിട്ടുണ്ട്
പണിയെല്ലാം പെട്ടന്ന് തീര്‍ന്നാല്‍
ഉച്ചപ്പടത്തിന്റെ വരിയില്‍ നില്‍ക്കാം
കൃഷ്ണ കുട്ടിയെ കഴിഞ്ഞായ്ച
സായിപ്പിന്റെ പടം പറ്റിച്ചതാ
ഇത്തവണ എന്താവും ഭഗവാനേ.

മോന്തിയാവും തിരിച്ചെത്താന്‍
കെട്ട്യോക്ക് സാരി, കുട്ട്യേക്ക് പലഹാരം
പലവക വേറെയും വേണേല്ലോ.

മെല്ലെ മൂളിപ്പാട്ടും പാടി നടന്ന്
യാത്രയുടെ ക്ഷീണം മറന്ന് വീട്ടിലേക്ക്
ഷാപ്പീന്നടിച്ച കള്ളിന്റെ ലഹരിയില്‍
ആരെങ്കിലും മേക്കിട്ട് കേറാന്‍ വന്നാ
പുളിച്ച തെറി, അല്ലെങ്കില്‍ രണ്ട് പൊട്ടിയ്ക്കും
കെട്ട്യോക്ക് പനിവന്നാല്‍ വിറയ്ക്കുന്ന
കുട്ട്യേക്ക് ചുമവന്നാല്‍ കരയുന്ന
കൃഷ്ണന്‍ കുട്ടിയുടെ അപാര ധൈര്യം .


കുടം പുളിയിട്ട മീന്‍ കറിയുടെ എരിവും
കെട്ട്യോളെ സ്നേഹവും ചേര്‍ത്ത് അത്താഴം.
അത് കഴിഞ്ഞു വേണം ഉറങ്ങാന്‍
ചിമ്മിനി വിളക്കൂതി കെട്ട്യോളെ ചേര്‍ത്ത് പിടിച്ച്
ഇങ്ങനെ വീണ്ടും വീണ്ടും നേരം പുലരാന്‍
ചേര്‍ത്ത് ചേര്‍ത്ത് പിടിച്ച് ഉണരാന്‍.


Wednesday, January 7, 2015

അവധി...

അവധി...

ഇനിയും  ലീവധികം  ഇല്ല,  ഇപ്പോ  തന്നെ വന്നിട്ട്  ഏതാണ്ട്  പത്തു  ദിവസത്തിലധികമായി .പ്രസവമടുപ്പിച്ച് വന്നാ  മതി, എന്നാല്‍  അത്  കഴിഞ്ഞു   ഇരുപത്തിയെട്ടെല്ലാം കഴിഞ്ഞു പോയാല്‍ മതീന്ന്  കെട്ട്യോളാ  പറഞ്ഞുതന്നത്.  ഉള്ള  ലീവില്‍  അഡ്ജസ്റ്റ് ചെയ്യണമല്ലോ..അറബിയ്ക്ക്  അതൊന്നും മനസ്സിലാവില്ല, അങ്ങേര്‍ക്കെന്ത്   ഇരുപത്തെട്ട്, നല്ല  പഴുത്ത  ചക്ക  പോലെ  മൂന്നാലു  കൊഴുത്ത  പെണ്ണുങ്ങള്‍  മൂപ്പര്‍ക്ക്  വീട്ടില്‍ ഉണ്ടാ‍വുമല്ലോ.കൊച്ച്  രാത്രി മുഴുവന്‍  കാറി കരയുന്നതിനാല്‍  ഉറങ്ങാന്‍  സാധിക്കാറില്ലാ, എന്നാലും അതൊരു  സുഖം തന്നെയാ,അവന്‍ അമ്മയെ  ആദ്യമായി  കാണുകയാണല്ലോ..എനിയ്ക്കും  അവനെ  പോലെ തന്നെ  അമ്മയെ  കണ്ട്  പുതുമ  മാറിയിട്ടിന്നാന്നു ചെക്കനറിയില്ലല്ലോ.പണ്ടൊക്കെ  ആണെങ്കില്‍  ഇരുപത്തിയെട്ട് കഴിയുന്നവരെ  പെണ്ണുങ്ങള്‍  കിടക്കുന്ന  റൂമിലേക്ക്  ഭര്‍ത്താക്കന്മാര്‍ക്ക്  പ്രവെശനം ഇല്ലാ, പ്രതേകിച്ചും രാത്രിയില്‍, ഇതിപ്പോ  ഗള്‍ഫുകാരനല്ലേ,  പാവമല്ലേന്നെല്ലാം കരുതി അമ്മായിയമ്മ  ഒരു സൌജന്യം അനുവദിച്ചതായിരിക്കും..എന്നാലും  ഞാന്‍ അകത്തേക്ക് പോകുന്ന  സമയത്ത്  അധികം  തൊട്ടു കളിയൊന്നും വേണ്ടാ  എന്ന  ഒരു മുന്നറിപ്പ്   മൂപ്പരെ  കണ്ണുകളില്‍ ഉണ്ടായിരുന്നു.ഡീ  ഇതെല്ലാം കൂടെ  അവന്‍ കുടിച്ച് തീര്‍ക്കുമോ, ഞാനും കൂടെ  സഹായിക്കണോ..മെല്ലെ  അവളുടെ ചെവിയില്‍  ചോദിച്ചു..ഒന്നു പോ..അവള്‍  നാണത്തോടെ എന്നെ  മെല്ലെ  ചെവിയില്‍ പിടിച്ച് സ്നേഹപൂര്‍വ്വം നുള്ളിക്കൊണ്ട്  തല്‍ക്കാലം ആ  ആശ  നടക്കില്ലാന്നറിയിച്ചു.പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്ക് പോയ  നയതന്ത്ര  ഉദ്യോഗസ്തരെ  പോലെ  കാര്യം ഒന്നും നടന്നില്ലെങ്കിലും   മുഖത്ത്  ചിരിയുമായി  കുറേ നേരം  കൂടെ അവിടെ കിടന്നു  പിന്നെ  ഉറങ്ങി.

അവള്‍ക്ക്  ആയുര്‍വേദ  മരുന്നൊന്നും വേണ്ടാന്ന  അവള്‍  പറയുന്നത്,  അതെങ്ങിനെയാ,  ശരിയാവുക,  കഴിച്ചില്ലെങ്കില്‍ ആകെ  ഉണങ്ങി പോകില്ലേ..തെക്കേതിലേ  ശാന്തയെ  പണ്ട് പ്രസവം കഴിഞ്ഞപ്പോള്‍ കാണണമായിരുന്നു..മുരിങ്ങാക്കായപോലിരുന്ന അവള്‍  നല്ല  പൂവന്‍ പഴം പോലെ  തടിച്ച് കൊഴുത്ത്..അന്നേ  കരുതിയതാ  എന്നെങ്കിലും കല്യാണം കഴിച്ചാല്‍  ഭാര്യയെ  പ്രസവ  രക്ഷയ്ക്കുള്ള  എല്ലാ മരുന്നും കഴിപ്പിക്കും എന്ന്..അതെല്ലാം ഇവളുണ്ടോ  അറിയുന്നു...ഏതായാലും അമ്മായിയമ്മയോട്  കാര്യം പറഞ്ഞ്  നാഡി കഷായം, ദശമൂലാരിഷ്ടം,കൂഷ്മാണ്ട  രസായനം , എന്നിങ്ങനെ  കുറെ സാധനങ്ങള്‍ വാങ്ങി കൊണ്ട് വന്നു..മൊത്തം ധന  നഷ്ടം..മൂന്നാലു ദിവസം അത്  അവളെ  കട്ടിലിനടിയില്‍ ഇരുന്നു..അതിനെല്ലാം ഒരു  മാതിരി ചവര്‍പ്പാ കഴിക്കാനാവില്ലാന്നാ അവള്‍  പറയുന്നെ,  എന്നാല്‍ പിന്നെ  നിനക്കു  ഇഷ്ടപെട്ട  രസം ഉള്ള  അരിഷ്ടം നിന്റെ അച്ഛനെ  കൊണ്ട് ഉണ്ടാക്കിക്കാം എന്നു  ഞാനും പറഞ്ഞു, അല്ല  പിന്നെ.ഏതായാലും  അവസാനം  ക്ഷമ  നശിച്ച്  ഞാന്‍  തന്നെ  ആ  അരിഷ്ടാദികള്‍  എല്ലാം  എടുത്ത്  വടക്കേ പറമ്പില്‍ ഉണ്ടായിരുന്ന  വാഴയ്ക്ക് ഒഴിച്ചു, സത്യം പറയാല്ലോ  ആ  വാഴയ്ക്ക് നല്ല  ഷെയിപ്പും കൊഴുപ്പും തിളക്കവും ഉണ്ടായീന്ന്  മാത്രല്ല  നല്ല  കുലയും പിന്നീട് ഉണ്ടായത്രേ..ആയുര്‍വേദം ചതിക്കില്ലാന്ന്  പറയുന്നത് വെറുതെയല്ലാ..!!

ഇപ്പോള്‍  കുഞ്ഞന്‍ അപ്പിയിടുന്നതാണു  ഒരു വലിയ  പ്രശ്നം, കിടന്ന  പായയില്‍  തന്നെ  ആയതോണ്ട്  അത്ര  കുഴപ്പം ഇല്ലാ,  തുണികള്‍ മാറ്റിയാ മതി,  അല്പം  കൂടെ കഴിഞ്ഞാല്‍  ചെക്കന്‍ ഇഴഞ്ഞ് നടക്കാനും  എഴുനേറ്റ്  നടക്കാനും എല്ലാം തുടങ്ങും അപ്പോള്‍ എവിടെയെല്ലാം അപ്പിയിടും എന്നറിയില്ല, അപ്പിയിടുന്നതിനു മുന്‍പ്  മെസേജയക്കുന്ന  പരിപാടിയൊന്നും കുട്ടികള്‍ക്കില്ലല്ലോ.  അമ്മ അനിയനെ   പ്രസവിച്ച  സമയത്ത് ഞാന്‍  സ്കൂളീന്ന് വരുമ്പോള്‍  ഒരു  തരം  വട്ടയില  പറിച്ചോണ്ട് വരുമായിരുന്നു..നല്ല  മാര്‍ദ്ദവമുള്ള  ഇലകള്‍,അക്കാലത്ത്  പറമ്പിലും മതിലുകളിലും എല്ലാം  ആ  ഇലകൾ ധാരാളം ഉണ്ടായിരുന്നു..അപ്പി കോരാന്‍ ആ ഇലകള്‍  ആയിരുന്നു  ഞങ്ങടെ നാട്ടില്‍ അപ്പനപ്പൂപ്പന്മാരുടെ കാലം മുതല്‍ ഉപയൊഗിച്ചിരുന്നതും,ഇപ്പോള്‍ ആ കാലമെല്ലാം പോയി, ഇടയ്ക്ക്   വാരികകളുടെയും മറ്റും  താളുകള്‍  കീറി  അട്ടിയാക്കി സൂക്ഷിച്ച് വെക്കുന്ന  പതിവും ഉണ്ടായിരുന്നു..പിള്ളര്‍ക്ക് അപ്പിയിടണം എന്നു തോന്നിയാല്‍  അമ്മമാര്‍  ആ പേപ്പറുകളില്‍ രണ്ട് മൂന്നെണം അവിടെയും ഇവിടെയും എല്ലാം നിലത്ത്  വിരിച്ചിടും..മിക്കമാറും മാ  പ്രസിദ്ധീകരണങ്ങള്‍ ഇങ്ങനെ  ഒരു ഉപയോഗം കൂടെ  കഴിഞ്ഞേ  കാലപുരിയ്ക്ക് പോകാറുണ്ടായിരുന്നുള്ളൂ..  ഈ മാ  പ്രസിദ്ധീകരണങ്ങല്‍ കൊണ്ട് ഇങ്ങനെയും ചില  ഉപയോഗങ്ങള്‍ ഉണ്ടെന്ന്  അത്  കണ്ടു പിടിച്ച ആള്‍ക്കാര്‍ പോലും കരുരുതിയിട്ടുണ്ടാവില്ലാ..സത്യം പറയാല്ലോ അത് ഞാന്‍ വെറുതെ  പറഞ്ഞത,  മായെന്നോ ബുദ്ധിജീവി  സാഹിത്യം എന്നോ ഒന്നും ഉള്ള  വ്യത്യാസം പിള്ളാര്‍ക്കില്ലായിരുന്നു  ഏത്  കടലാസാണെങ്കിലും പിള്ളാര്‍ അപ്പിയിടും , ചിലര്‍  അത് ചുരുട്ടി  ദൂരേയ്ക്ക് എറിഞ്ഞ് നിലത്ത് അപ്പിയിട്ടും, അവന്‍ ഭാവിയില്‍ വല്ല  മന്ത്രിയും അകാന്‍ സാധ്യതയുള്ള  ഇനം ആണെന്നും കരുതാം..പിന്നീട്  കാര്യങ്ങള്‍ അല്പം കൂടെ അഡ്വാന്‍സ്  ആയപ്പോള്‍  കടലാസിന്ന് പകരം  പ്ലാസ്റ്റിക്  ഉറകള്‍ വെട്ടി  ചതുരത്തിലാക്കി വെക്കുക  പതിവായി,  അതായാല്‍  നിലത്ത്  ഈര്‍പ്പവും   ദുര്‍ഗന്ധവും പടരുകയും  ഇല്ലാ,  പരിസ്ഥിതി സ്നേഹികളായ നമ്മുടെ വനിതകള്‍ക്ക്  അത്  നന്നായി   മടക്കി കെട്ടി  അടുത്ത് വീട്ടിലെ  പറമ്പിലേക്ക് വലിച്ചെറിയുകയും ചെയ്യാം.ഇതൊന്നും പറഞ്ഞിരുന്നിട്ട്  കാര്യമില്ലല്ലോ..കാലം മാറി   ഗള്‍ഫിലേക്ക് പോകുന്നതിന്ന് മുന്‍പ്  ചെക്കന്  യാത്രയിലും മറ്റും  ഉപയോഗിക്കുന്ന  തൂറല്‍  സാമഗ്രി കൂടെ വാങ്ങി വെക്കണം എന്നായി  ഭാര്യ.

അങ്ങാടിയെല്ലാം ആകെ  മാറിയിരിക്കുന്നു, നല്ല തിരക്കും ഉണ്ട് ,  പണ്ട് ആകെ  ഒരു മെഡിക്കല്‍ ഷോപ്പുണ്ടായിരുന്ന  സ്ഥലത്ത് ഇപ്പോ  അഞ്ചാറെണ്ണം ഉണ്ട്.ഒന്നില്‍ കയറി,എന്താ  വേണ്ടേ കണ്ടാല്‍  തരക്കേടില്ലാത്ത  ഒരു  പെണ്ണുങ്ങള്‍സ്  കടയില്‍  ഉള്ളത് എന്നോട് ചോദിച്ചു, നാശം, ഇവിടെ ആണുങ്ങള്‍  ആരും ഇല്ലേ, ഞാന്‍ മനസ്സില്‍ പ്രാകി, അല്ല  ഈ ചെറിയ  കുട്ട്യേക്ക് പറ്റിയ കെയര്‍ഫ്രീ പോലത്തെ   സാധനം ഉണ്ടോ..? അവര്‍  സൂക്ഷിച്ച്  ഒന്ന് നോക്കി,  ഇങ്ങക്ക്  ഹഗ്ഗീസ്  ആണോ  വേണ്ടേ?  അതെ.    തന്നെ  തന്നെ  ഞാന്‍  പറഞ്ഞു.  ഏത്  സൈസാ വേണ്ടേ..അടുത്ത  ചോദ്യാം..നല്ല സൈസായിക്കോട്ടേ നമ്മളായിട്ടെന്തിനാ  കൊറയ്ക്കണേ  ല്ലേഎന്നായി ഞാൻ ,അതല്ല  സൈസ്  പറ,  മീഡിയം ലാര്‍ജ് ഇങ്ങനെ  പലത്  ഉണ്ട്..ഇങ്ങക്ക് ഏതാ വേണ്ടേന്ന് പറ.ഞാനാകെ  കുടുങ്ങി..ഒരു കാര്യം ചെയ്യ്,ഇങ്ങള്  എന്നെ  കണ്ടല്ലോ  അല്ലേ  ഇന്റെ മോന് വേണ്ട്യാ,  അതിനു പറ്റിയ  ഒരു സൈസ്  ഇങ്ങള് തന്നെ  എടുത്ത്  തന്നാ മതി..ഞാന്‍  വിനയത്തോടെ  പറഞ്ഞു.അവര്‍ റിസപ്ഷനില്‍  നില്‍ക്കുന്ന  മറ്റേ പെണ്ണിനെ  നോക്കി  എന്നെ  ഒന്നു പരിഹസിച്ച്  ചിരിച്ച് അകത്തേക്ക് പോയി ,സാധനം എടുത്തോണ്ട് വന്നു.ഇതിനെത്രയാ? നാനൂറ്റി അമ്പത് രൂപയാ  അവള്‍  പറഞ്ഞു, രണ്ടെണ്ണ  വാങ്ങിയ   വല്ലതും കുറച്ച് തരുമോ..?  ഞാന്‍ ചോദിച്ചു. ഇല്ല, ഇവിടെ  വില  പേശല്‍ ഒന്നും ഇല്ല  അവര്‍  അല്പം  ഈര്‍ഷ്യയോടെയാണത് പറഞ്ഞത്, എന്നാ ഞാന്‍ ഒരു ഡസന്‍ എടുക്കാം എന്നാലോ..? അവര്‍ റിസപ്ഷനില്‍ ഇരുന്ന  മറ്റെ പെണ്ണി നോക്കി.അവര്‍  തമ്മില്‍ എന്തോ സംസാരിച്ചു,  അതിനു  ശേഷം  ഫോണില്‍ ആരോടോ സംസാരിച്ചു. ഒരു  ഡസന്‍  വാങ്ങിയാല്‍  അയ്യായിരം രൂപ  മതിയാവും  , നാനൂറ്  രൂപ  കുറച്ച്  തരാം കമ്പനി  പ്രൈസില്‍  തരാം..എന്നാല്‍  ഡസന്‍ എടുത്തോ, പെട്ടന്നായിക്കൊട്ടേ,  അവര്‍ അകത്ത് പോയി  12  വലിയ  പൊതികള്‍ എടുത്ത് കൊണ്ടുവന്നു, എല്ലാം കൂടെ  കയ്യില്‍ വെച്ച് കൊണ്ട് പോകാനാവാത്തതിനാല്‍  മരുന്നിന്റെ  ഒരു ചാക്കില്‍ ഇട്ടു  തന്നു.ഏതായാലും മെഡിക്കല്‍ ഷാപ്പില്‍ വന്നതല്ലേ  പല്ല് ക്ലീന്‍ ചെയ്യുന്ന  വല്ല മരുന്നും ഉണ്ടോന്നു ചോദിക്കാം, കെട്ട്യോള്‍ പറയുന്നുണ്ടായിരുന്നു, പല്ലാകെ  വൃത്തികേടായീന്ന്, കാര്യം ആ  സ്ത്രീയോട്  തന്നെ  ചോദിച്ചു .പല്ല് കാണിയ്ക്ക്  അവര്‍ പറഞ്ഞു. ,  ഇവിടെ  ഇല്ല ഞങ്ങടെ തന്നെ  സ്റ്റേഷനറി കട  ഉണ്ട് അവിടുന്നു വാങ്ങി കൊണ്ട്  തരാം  ,  അത് മതിയൊ ? മത്യല്ലോ..ഞാന്‍ അവിടെ നിന്നു. മറ്റേ സ്ത്രീ പോയി  അല്പ  സമയത്തിനകം  ഒരു നീണ്ട  പ്ലാസ്റ്റിക് ബോട്ടില്‍  കൊണ്ടുവന്നു, ഞാന്‍  കടലാസു  പൊതി അഴിച്ച് നോക്കി, ഹാര്‍പിക്ക് പ്ലസ്, നിങ്ങടെ പല്ല് ക്ലീന്‍ ആക്കാന്‍ ഇതാ നല്ലത് അവര്‍ പറഞ്ഞു.

ഇരുപത്തിയെട്ടെല്ലാം നന്നായി കഴിഞ്ഞു, എല്ലാരെയും വിളിച്ചിരുന്നു. അരയിലും കഴുത്തിലും സ്വര്‍ണ്ണമെല്ലാം  കെട്ടിയപ്പോള്‍ ചെക്കനും ഒന്നു  മിനുങ്ങിയ പോലെ..കെട്ട്യോളും ഒന്നു  സുന്ദരി  ആയിട്ടുണ്ട്.രാത്രി  അവളോട് ഒന്ന് ചേര്‍ന്ന് കിടന്നു, അവളും എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല, എന്താന്നറിയില്ല, അന്നു കുഞ്ഞും  അധികം കരഞ്ഞ്  ശല്യം ചെയ്തില്ലാ.ഇനി പോയാ എപ്പളാ  വര്വാ, അവള്‍  ചോദിച്ചു.നെനക്ക് അടുത്ത കുട്ടി വേണ്ടപ്പം. ഞാന്‍   പറഞ്ഞു..പിന്നെ  പുതപ്പിനുള്ളിലേക്ക്  ,അവിടെ  നിന്നും മെല്ലെ മെല്ലെ  എവിടേയ്ക്കെല്ലാമോ...
എയര്‍ പോര്‍ട്ടിലേക്ക്  പോകാന്‍  കാറ്  ഏല്‍പ്പിച്ചിട്ടുണ്ട് ,  രണ്ട് മണിയ്ക്ക്  തന്നെ  വരും.  ഏതായലും ഒന്നു വിശ്രമിക്കാം, ഊണെല്ലാം കഴിഞ്ഞല്ലോ,സാധാരണ എന്റെ  വീട്ടിന്നാ   പോകല്‍ ഇത്തവണ  ഭാര്യ വീട്ടിന്നാക്കി, അതോണ്ട് അച്ചനും അമ്മയും എല്ലാം ഇങ്ങോട്ട് വന്നിട്ടുണ്ട്, അവരെല്ലാം  പുറത്ത്  കോലായില്‍ ഇരിക്കുന്നുണ്ട്.  കുഞ്ഞ്  എന്നോട് ചേര്‍ന്ന് കിടക്കുകയാണു,അവനെ  ഉണര്‍ത്തണ്ടാ, ചിലപ്പോള്‍  കരയും,ഇപ്പോളും എന്നെ  അത്ര  പരിചയം ആയിട്ടില്ല, എന്നാലും അമ്മയുടെ വേണ്ടപ്പെട്ട  ആരോ ആണെന്ന ഒരു പരിഗണന  അവനു എന്നോടുണ്ട്..ഞാന്‍ അവനെ  ഒന്നൂടെ   ചേര്‍ത്ത് പിടിച്ചു, എന്താ  ഉറങ്ങ്വാണോ, കെട്ട്യോളാണു..അവളുടെ  കണ്ണൂകള്‍ അല്പം വാടിയിട്ടുണ്ടോ..കണ്ണെല്ലാം  മഷി എഴുതിയിട്ടുണ്ടെങ്കിലും ഒരു  തിളക്ക  കുറവുണ്ട്.ഞാന്‍  മെല്ലെ  അവളുടെ കൈകള്‍  എടുത്ത് എന്റെ  നെച്ചിലേക്ക് വെച്ചു,  അവള്‍ വിതുമ്പാന്‍ തുടങ്ങി..കാര്‍ വന്നു വേഗം  പുറപ്പെട്ടോ..ആരോ കോലായീന്ന്  വിളിച്ചു പറഞ്ഞു..പിന്നെ  എല്ലാം പെട്ടന്നായിരുന്നു..പാന്റും ഷര്‍ട്ടും എടുത്തിട്ടു...നേരത്തെ  തയ്യാറാക്കി വെച്ചിരുന്ന  ലഗേജുകള്‍ എല്ലാം ആരൊക്കെയോ കാറില്‍ കയറ്റി..ഡീ  നീ വിഷമിക്കാതെ , ഞാന്‍ എന്തോ ഒരു വളിച്ച  തമാശ  പറഞ്ഞ് ഒപ്പിച്ചു. ആ മുഖത്തേയ്ക്ക് നോക്കിയില്ലാ,  ആരുടേയും മുഖത്തേയ്ക്ക് നോക്കിയില്ലാ  കാറില്‍ കയറി..അതിനിട്ടയില്‍  എല്ലാവരോടും എന്തെല്ലാമോ  തമാശകള്‍ വീണ്ടും പറയുന്നുണ്ടായിരുന്നു...എനിയ്ക്ക് കരയാനറിയില്ലല്ലോ..എനിയ്ക്കെന്നല്ല ഒരു പ്രവാസിക്കും കരയാനറിയില്ലല്ലോ..കാറു വളവു  തിരിഞ്ഞതും ..ഞാന്‍  തൂവാല  കൊണ്ട് മെല്ലെ  കണ്ണുകള്‍ ഒപ്പി..കരഞ്ഞതൊന്നും അല്ലായിരുന്നു ...വെറുതെ...


(മുരളീധരൻ  വലിയവീട്ടിൽ)