Followers

Tuesday, October 30, 2012

ജന്മദിനം..

ജന്മദിനം..

വിശാഖം  നക്ഷത്രത്തില്‍
ശിവനൊരു  കൂവള  മാല
കുപ്പിയില്‍ നൂറെണ്ണയും
ശാന്തിക്കാരനു എട്ടണയും

 ചന്ദ്രികാ  സോപ്പ് തേച്ച്
കുളിച്ച  അഹങ്കാരത്തില്‍
ക്ലാസിലെ  പിള്ളാര്‍ക്കും
മാഷന്മാര്‍ക്കും  പാരീസു  മിഠായി

വൈകീട്ട്  ഉണക്കലരിയില്‍
അമ്മയുടെ  സ്നേഹം  ചേര്‍ത്ത്
ശര്‍ക്കര  പായസം

ഇരുപത്തേഴു  നക്ഷത്രങ്ങളും
അനേകം  ഗ്രഹങ്ങളും

പന്ത്രണ്ട്  ഭാഗമായി  തിരിച്ച
രാശിചക്രഫലകത്തിലെ
എന്റെ  ചെറു ലോകം

ഇന്നിപ്പോള്‍ മാറിയ
ഭാവിവര്‍ത്തമാനങ്ങളും
ഒപ്പം മറന്നു പോകുന്ന
എന്റെ ജന്മനക്ഷത്രവും

ഇടയ്ക്കിടെ നീട്ടിയുള്ള 
നിലവിളികള്‍ക്കിടയിലും
ജീവിതം  കട്ടിലിലേക്ക്
ഒതുങ്ങിയ അമ്മയെല്ലാം
ഓര്‍ക്കുന്നുണ്ടാവും





Wednesday, October 10, 2012

ആങ്ങള..


ആങ്ങള..

കുറേ  മുലകളും ചന്തികളും
  ആ  വഴി കടന്നു പോയി
ഒരു ഉത്തരാധുനിക
  കവിതയിലെന്ന പോലെ

പല  വേഗത്തില്‍
പല  താളത്തില്‍ 
ഒട്ടും   പരിചയമില്ല
എനിക്കൊന്നിനെയും

ചിലതെന്നെ  നോക്കി
ചുമ്മാ മുഖം വീര്‍പ്പിച്ചു,
ചിലത്  കൂര്‍പ്പിച്ചു,
ഞാനെല്ലവരെയും 
ആദരവോടെ നോക്കി
മനസ്സില്‍ ചിരിച്ചു

 ഇന്നും അനിയത്തി
ബസ്സീറങ്ങി വരാന്‍
സമയം ബാക്കിയുണ്ട്
  വല്ലാത്ത സ്ഥലമാ,
നിറയെ  പെങ്കോന്തന്മാരും.

അവളെ   സുരക്ഷിതയായി
വീട്ടില്‍ എത്തിക്കണം,
അതുവരെ  ഇവിടെ
കാത്തിരിക്കുക  തന്നെ.

Tuesday, October 9, 2012

ജനിതകം.



അതെ, അതുതന്നെയാണു
ഞാനും പറയുന്നത്,
ചില്ലകളില്‍ ചോരപുരണ്ട്
കണ്ണു തുറിച്ച ഒലീവ് മരങ്ങള്‍,
ഗോതമ്പു വയലുകളിലേക്ക്
ആളിപ്പടരുന്ന തീ ജ്വാലകള്‍,
മഞ്ഞുരുകിയപ്പോള്‍ പൊന്തിവന്ന്
ഉടലിനെ നോക്കി ഉച്ചത്തില്‍
പല്ലിളിക്കുന്ന തലയോട്ടികള്‍,
കല്‍ക്കരി പാടങ്ങളിലെവിടെയോ
പാതിവെന്തൊരു പെണ്ണിന്റെ കാല്‍,

നിങ്ങളും കേൾക്കുന്നില്ലേ,
അതിരുകളില്ലാത്ത ആസക്തിയുടെ
ആർത്തിയുടെ ആഗോള സാധ്യതകളുടെ
മോഹവിലയില്‍ കുത്തിനിര്‍ത്തിയ
ഗോപുരങ്ങള്‍ ചീട്ടുകൊട്ടാരമായി
കൂപ്പുകുത്തുമ്പോൾ ,
തെരുവുകളിൽ എവിടെയെല്ലാമോ
ആരോ പിറുപിറുക്കുന്നു.
“ അവന്‍ പറഞ്ഞതത്രയും ശരിയായിരുന്നു ”

വരൂ,
വരണ്ടുണങ്ങിയ പാടങ്ങളില്‍
ഉഴുതുമറിച്ച് കാലാന്തരത്തില്‍
കൈമോശം വന്ന ജനിതക വിത്തില്‍
“നമുക്കായ് നാം തന്നെ“ സംഭരിച്ച
ചപ്പുചവറുകളെല്ലാം വളം ചേര്‍ത്ത്
പുതിയ കതിരുകള്‍ കാത്തിരിക്കാം.
വെള്ളരിപ്രാവുകള്‍ അവയ്ക്ക് കൂട്ടിരിക്കട്ടേ .
മേഘക്കീറുകള്‍ക്കിടയിലൂടെ എല്ലാം കണ്ട്
ജൂതന്റെ വെളുത്ത താടിയും കറുത്ത കോട്ടും
താഴേക്ക് നോക്കി ഊറിച്ചിരിക്കട്ടേ,
ഒരു ജനിതക വിത്താണു വേണ്ടതും.
അതുതന്നെയാണു ഞാനും പറയുന്നതും.

Monday, October 8, 2012

നേരമ്പോക്കുകള്‍.



ഇഹലോക ജനനം
ചില നേരമ്പോക്കുകളുടെ
നൈമിഷികമായ വെറും
തുറിച്ച് നോക്കലുകള്‍ മാത്രം

മരണം ! ഭയക്കേണ്ട,
പവിത്രമാം ജീവന്റെ
അഭൌമമായ ഒരു തരം
അകാര്‍ബണിക രൂപം

നിങ്ങള്‍ക്ക്
ബോറടിക്കുന്നെങ്കില്‍ തത്ക്കാലം
തത്വ ചിന്തകള്‍ മാറ്റിവെയ്ക്കാം
ചില തമാശ പറഞ്ഞു ചിരിയ്ക്കാം
ചുമ്മാ കേട്ട് പൊട്ടിച്ചിരിയ്ക്കാം

വിശപ്പ്
അത് ഞാനറിഞ്ഞത്
നിങ്ങളറിയാത്തത്
നമ്മളിന്നോര്‍ക്കാത്തതും.

പട്ടിണി,
മലദൈവങ്ങളുടെ കണ്ണുനീര്‍
പുകയാത്ത അടുപ്പ്
ചിരുതയുടെ തേങ്ങല്‍
കര്‍ഷകന്റെ നീറല്‍

Sunday, October 7, 2012

വരയും കുറിയും

വരയും  കുറിയും

വരച്ചും എഴുതിയും
ഞാന്‍ ജീവിതം
പഠിയ്ക്കുകയാണു
കാലം  കുറുകെ  കടക്കാന്‍
എനിക്കു കിട്ടിയ
 ഈ വെള്ള  കടലാസ്സില്‍

ആദ്യമല്പം  വരയാവം
പല  ചായകൂട്ടുകള്‍
 ബ്രഷില്‍ മുക്കി
അതി വിസ്മയങ്ങളുടെ
അപനിര്‍മ്മാണം
ജീവന്റെ  നേര്‍ക്കാഴ്ചകള്‍,

  പിന്നെ ഏതെല്ലാമോ
പ്രാകൃത ഭാഷയില്‍
ഇതുവരെ  എഴുതിയ
 ജീവിത  വരികള്‍,


വിശദീകരണങ്ങളുടെ
ഭാഗം  ആണിനിയുള്ളത്
അനന്തമായ വിവര്‍ത്തന
  സാധ്യതയുടെ   അപാരതയില്‍
വിമര്‍ശനത്തിനും മറുപടി

ഇനി  കടലാസിന്റെ 
അവസാന  കോളം
സ്ഥലം കുറവാണവിടെ
എങ്കിലും അവിടെയാണു
ജീവിതം ന്യായീകരിച്ച് 
ജയം ഉറപ്പിച്ച്
കടലാസ്  തിരികെ
കൊടുക്കേണ്ടതും

എന്റെ കുഞു കവിതകൾ


ചതിയുടെ  വെങ്കലം
എനിയ്ക്ക്
ആദ്യരണ്ടും നിങ്ങള്‍ക്കും

**********************************
അവന്‍  ക്ലാസില്‍  തോറ്റു
എങ്കിലും
അവള്‍ വീട്ടില്‍ പെറ്റു

************************************

 ഉപ്പ്
----------------
ഇത്രയൊക്കെ
വെള്ളം കുടിപ്പിച്ചിട്ടും
എന്തായിരിക്കും
ഉപ്പിനിങ്ങനെ
വിലകൂടുന്നത്...


മോഹം
----------------
ആശയും മോഹവും
ആറ്റികുറുക്കി ഉരുക്കി
എത്ര കാലം നീയിങ്ങനെ
പഴന്തുണിക്കെട്ടുകൾ
ആരും കാണാതെ
വടക്കേ പറമ്പിലേക്ക്
വലിച്ചെറിയും,
വരൂ,
നിനക്കു ഞാനെന്റെ
ബീജങ്ങൾ തരാം
എന്റെ കവിത കുഞുങ്ങളുടെ
അമ്മയാവാൻ.

കാത്തിരിപ്പ്




നീരുണങ്ങി വരണ്ട
ഭൂമിയില്‍ തെളിനീരുപോല്‍
മഴ പെയ്യുമോ

തേരിലേറി വരേണ്ട
കരിമുകില്‍ മാലകള്‍
പല കോണിലായ്

ഘോരശബ്ദമുതിര്‍ത്ത്
പൊന്‍ പ്രഭ തൂകി
മിന്നിയത് മിന്നലായ്

മോഹമേകി മറയുന്ന
നിറ തരുണിപോലത്
മാഞു പോയ്

പെയ്തതില്ല മഴയിന്നു
രാവിലും മമ മോഹമാകെ
മരിച്ച പോല്‍

രുധിര ബിന്ദു വരണ്ടു
വറ്റിയ പാടിലെ
ചെറു നീറ്റല്‍ പോല്‍

ചോര ചിന്തിയ വഴിയിലെ
കറ മായ്ക്കുവാന്‍ മഴ ഖിന്നയോ
നീളമുള്ള വടിവാളിനാല്‍
തടി വെട്ടി വീഴ്ത്തിയവരോടവേ
കേമമുള്ള തടി വേരിലും
മുള പൊട്ടുമെന്നു മറന്നുവോ

ചാരമായ ചെറു മോഹമല്ലിത്
ധീരമായൊരു മൃത്യുവേ
ശങ്കവേണ്ടയിത് കേള്‍ക്ക നിങ്ങളും
സത്യമെന്നുമമരത്വമായ്
ചാലുകീറി മല വെള്ളമായുരുള്‍
പൊട്ടി വര്‍ഷമത് വന്നിടും

കുത്തൊഴുക്കിലൊലിച്ച്
പോകുമസത്യമാസുര ജല്പനം
അന്നു ഭൂമി തണുത്തിടും
ശുഭ ലോകനീതി വിജയിച്ചിടും

Saturday, October 6, 2012

ഞാന്‍!!



എല്ലാവരെയുമൊരു കുത്തിലും
അമ്മയെ ഒരു കോമയിലും
പിന്നെ ബാക്കിവന്ന വരിയില്‍
എഴുതാതെ ചവിട്ടിപുറത്താക്കി
കൂടപ്പിറപ്പുകളെയും ഉരച്ച് മിനുക്കി
ആറ്റി കുറുക്കിയനുഭവത്തിളക്കത്തില്‍
അവസാനം നാലുവരിയില്‍ ഞാന്‍
അച്ഛനെയൊതുക്കി,മഹാകവി !

വിവരക്കേടുകള്‍...

അച്ഛന്ന് വിവരമില്ലെന്ന് ..
ആദ്യം കണ്ടത് ചേട്ടന്റെ മക്കളാണ്
ചേച്ചിയും പെങ്ങളും ചേട്ടനും
ഞാനും അനിയനും പിന്നെ
നാട്ടുകാരും എല്ലാം അതറിഞു.
എന്നിട്ടും അമ്മ സമ്മതിക്കുന്നില്ല
ചുമ്മാ കരഞ് കണ്ണീര് കാണിയ്ക്കും
പറയുന്നതും ചെയ്യുന്നതുമല്ലാം
അബദ്ധം, പെരുമാറാനുമറിയില്ല.
ഒന്നുപദേശിച്ചാലോ, ഉടെനെ വരും
മൂപ്പിലാന്റെ അടുത്ത വിവരക്കേട്
“എന്റെ വിവരക്കേടാടാ നിന്റെ ജന്മം
പെട്ടികടയില്‍ കൊടുക്കാതിരുന്ന
കാലണയാണ് നിന്റെ ഇതുവരെയുള്ള
വളര്‍ച്ചയും ഉയര്‍ച്ചയും", പോരേ?
ഒന്നും മനസ്സിലാകാതെ എന്റെ മക്കള്‍
അപ്പോളും കാര്‍ട്ടൂണ്‍ കാണും..
അല്ലെങ്കിലും അവര്‍ക്കിത്തരം
വിവരക്കെടുകള്‍ ശീലമില്ലല്ലോ

മുളങ്കാടുകളുടെ സംഗീതം.


ഇല്ല, അന്നവളിങ്ങനെ
  ഞെരിഞില്‍  പോലെ
ഞെരിഞ്ഞുണങ്ങിയിട്ടിലായിരുന്നു.
ഇല്ലിക്കാടുകളിൽ രാത്രിയുടേ
യാമത്തിലൊരു വെടിയൊച്ചയും
അമറലും പിടയലും ഞരക്കവും
അവളും കേട്ടതാണു...!

കരിമ്പാറക്കെട്ടുകളിൽ 
പിറ്റേന്ന്  കണ്ട ചോരപാടുകളീല്‍
 ഉറുമ്പുകള്‍ മേയുന്നത്
കാട്ട്പന്നിയെ വെടിവെച്ചതല്ലെന്ന്
അവളറിഞിരുന്നെങ്കിലും 
അവള്‍ കരഞിരുന്നില്ല .

അതുകൊണ്ട് തന്നെയാ മുറ്റത്ത്
ഇന്ന് പരിചയം പുതുക്കി
 വീണ്ടും വാഗ്ദാനങ്ങളുമായി 
എത്തിയവരോടവള്‍
 ചിരിക്കാതിരുന്നതും .

ജാള്യത മറയ്ക്കാനവർ ചിരിച്ചതും
മുളം കാട്ടിലേക്ക് നോക്കി 
 മുറ്റത്തെക്കിറങ്ങി പിന്നെ
 ശുഷ്കിച്ച മുലയിൽ നിന്നുമവൾ
 മെല്ലെ പാൽ ചുരത്തി 
 അതു കണ്ടവർ ഭയന്നോടി
 അവൾ അട്ടഹസിച്ചു .
ഉറക്കെയുറക്കെ...!

ഖദർ ധാരികൾ 
അങ്ങ് ദൂരെ ഇല്ലിക്കാടിനും
താഴെ ഇറങ്ങി കഴിഞതും, 
.പെട്ടന്ന് കിഴക്കൻ ചക്രവാളത്തിൽ 
വലിയൊരിടിമുഴങ്ങി 

വസന്തം വിരിയാത്ത 
ആ കണ്ണുകളിൽ
വന്യമായ ഒരു തിളക്കം മിന്നിമറിഞു.
അവൾ മുറ്റത്തേയ്ക്ക് നീട്ടി തുപ്പി .
അപ്പോള്‍ ചുവന്ന തുപ്പൽ 
മുറ്റമാകെ വ്യാപിച്ചു
മുളങ്കാടുകള്‍ സംഗീതം പൊഴിച്ചു .

അരുത്..



നിന്റെ മൃത ചിന്തയാല്‍
അഴുകിയ തടാകത്തില്‍
ജല രേഖകള്‍ വരച്ച്
ആഹ്ലാദിക്കാന്‍ വരട്ടെ,
അവിടെ നീ വരച്ചതെല്ലാം
നിനക്കു മാത്രം കാണാവുന്ന
നൈമിഷിക രൂപങ്ങളാവാം.

ഓര്‍ത്തിങ്ങനെ ചിരിക്കാനും
കോള്‍ മയിര്‍ കൊള്ളാനും
ശുന്ന്യമാം വെളുത്ത ചുവരില്‍
കരിക്കട്ട കൊണ്ടെഴുതുന്ന വിഡ്ഡീ,
അതെല്ലാം എല്ലാം
വെളിച്ചത്തില്‍ മാത്രം
കാണാവുന്ന നിന്റെ തന്നെ
കറുത്ത ചിന്തകളുമാവാം.


പകരം ,
നിനക്കു ഞാനെന്റെ
വെളുത്ത അക്ഷരങ്ങള്‍ തരാം
ഏതിരുട്ടിലും തീളങ്ങാന്‍
മനസ്സിന്റെ കറുത്ത ചുവരുകളില്‍
അതുകോണ്ടെഴുതി നോക്കൂ.!!!

ചെണ്ട..!!



ആസുരതാളമാണെനിയ്ക്ക്
അതിനു ചേര്‍ന്ന ശബ്ദവും
തൃപുടയും ആദിയും അലറി
വിറച്ച് പൊരിവെയിലിലും
തിമര്‍ക്കും, തരികിടയല്ലിത്
പഞ്ചവാദ്യം എനിയ്ക്ക് വശമില്ല
പഞ്ചാര ശബ്ദം എനിക്കറിയില്ല
ദേവന്നും ദേവിയ്ക്കും അകമ്പടി,
പിന്നെ ഉത്സവകൊഴുപ്പിന്നും
നടവരെ ഞാന്‍ തന്നെ വേണം
നീ പുരോഹിതനല്ലേ, തൊട്ട്
അശുദ്ധമാവണ്ടാ,ദേവിമാരെയും
ദേവന്മാരെയും ശ്രീകോവിലില്‍
കയറ്റി വാതിലടച്ച് പൂജിച്ചോളൂ
വാകച്ചാര്‍ത്തും നിനക്കുള്ളതല്ലേ
ആരും തടയില്ലാ നിന്റെയവകാശം
ഞാന്‍ അപ്പോളും പൊരിവെയിലില്‍
അലറി പ്രകമ്പനം കൊണ്ട് മുറ്റത്ത്
എന്റെ ജന്മകര്‍മ്മം ചെയ്തോളാം !!

പദാര്‍ത്ഥങ്ങള്‍ ഉണ്ടാവുന്നത്.....!



ഒരു മഹാവിസ്പോടനത്തിന്റെ
ഒന്നുമില്ലായ്മയുടെ നടുക്കത്തിലും
അധിവര്‍ഷത്തിന്റെ രൌദ്രതയിലും
ചൂടിലും തണുപ്പിലും
മഞ്ഞുപോലുറഞ്ഞും
മണ്ണിനോട് ചേര്‍ന്നുമാവാം
ആദ്യം പദാര്‍ത്ഥങ്ങള്‍ ഉണ്ടായത് !

ഒരിക്കലും അളവു തെറ്റാത്ത
അനുപാത വ്യത്യാസങ്ങളെ
ഉല്‍പ്രേരകങ്ങളുടെ
ചതിക്കുഴിയില്‍ പെടുത്തി
പിന്നെയും കുറേ പദാര്‍ത്ഥങ്ങള്‍ !

അര്‍ത്ഥമില്ലാത്ത ശബ്ദവീചികള്‍ക്ക്
ആവൃത്തിയുടെ അടുക്കും
അലനീളത്തിന്റെ ചിട്ടയും ചേര്‍ത്ത്
ആവര്‍ത്തനവിരസമെങ്കിലും
പദാര്‍ത്ഥങ്ങളുടെ ഒടുങ്ങാത്ത
പരീക്ഷണങ്ങള്‍ പിന്നെയും !

ഒടുവില്‍
ഇടവേളകള്‍ തീരാത്ത
നിന്റെ മൌനത്തിനും
നോക്കിനും വാക്കിനും
ആക്കിയും ഊക്കിയും
നീക്കിയും പോക്കിയും
നീക്കുപോക്കില്ലാത്ത
പുതിയ പല പദാര്‍ത്ഥങ്ങളും !

തിരിച്ചറിവുകൾ



അബോധങ്ങളെന്നത്
ജീവനില്ലാത്ത വെറും ശൂന്യതകളല്ല
കെട്ടുപൊട്ടിച്ചോടുന്ന മനസ്സിന്റെ
പരക്കം പാച്ചിലിൽ ,
ഇടത്താവളം തേടിയുള്ള
അലച്ചിലിൽ ഇരുട്ടിൻ സുഷുപ്തിയിൽ
ചേതനയുടെ ചെറിയൊരു പതിയിരിക്കലാവാം .
നൂലു പൊട്ടിയ പട്ടം ദൂരെ
ആകാശ നീലിമയിൽ പാറി നടക്കുന്നതും
ചിരി തൂകി നിൽക്കുന്ന വർണ്ണ പുഷ്പങ്ങളും
ഈ അബോധത്തിലും കണ്ണിനെ വെറുതെ
ഈറനണിയിക്കുന്നത് അതുകൊണ്ടാവാം.

ആത്യന്തികം.



പൊരിവെയിലില്‍
വിയര്‍ത്തിട്ടും തളരാതെ
പര്‍വ്വത ശിഖരങ്ങള്‍ താണ്ടി
മേഘക്കീറുകളെ തൊട്ടുരുമ്മി
മുകളിലെത്തിയിട്ടും
മുകളിലും താഴെയും ചുറ്റും
അനന്തമായ ശൂന്യയിലും,
പാറക്കെട്ടുകളിലും കണ്ടില്ല
വനാന്തരങ്ങളും ഗുഹകളും പുഴകളും
മിനാരങ്ങളുടെ തിളങ്ങുന്ന പൊലിമയും
അള്‍ത്താരകളും കടന്ന്
ഇവിടെ ഈ സ്നാനഗൃഹത്തിന്റെ
പൊളിഞ്ഞ പൂപ്പല്‍ പിടിച്ച
ചെങ്കല്‍ വിടവിലൂടെ
അവസാനം ഞാനത് കാണുന്നു.
എന്നെ തന്നെ നോക്കിചിരിക്കുന്ന
തീരെ തുണിയുടുക്കാത്തൊരു സത്യം

ചുമരെഴുത്തുകൾ...!!



ഒരുമതിലരമതിലൊന്നുചിരിച്ചാലു
ച്ചിയിയിൽ രുധിരകോപ്പിൻ വാക്യം
ധടുതിയിലടിപൊളിയായെഴുതെണം
കണ്ടാൽ രക്തമുറഞ് പതഞും
വായിച്ചവരൊരു സമരാവേശം
സിരകളിലാക്കി കൂടെവരേണം
കൈ കുഴയുന്നു കാൽ വിറയുന്നു
നേരമിതെത്രയിതദ്ധ്വാനത്തിൻ

സ്നേഹിതാ നിൽക്കൂ..
“ദാഹം മാറ്റാൻ മോരിൻ വെള്ളം
മതിയാവില്ലേലിളനീരാവാം”

പോടാ മണ്ടാ കളിയാക്കെണ്ടാ
കാലം മാറിയതറിയാത്തവനേ

ഒരു ചുണ്ടു തരൂ ഒരു സിപ്പ് തരാൻ
ഒരു ടൂബ് തരൂ ഒരു കോള തരാം.
ഒരു സ്ട്രോ എടുക്കാനുണ്ടൊ,
സ്നേഹിതാ ഒരു പെപ്സിയെടുക്കാൻ

ഹര്‍ത്താല്‍....


ഞാനത് ശീലിച്ച് കഴിഞ്ഞു,
നിന്റെ ആവര്‍ത്തന വിരസമായ
വിശ്വാസ വഞ്ചനയുടെ, ചതിയുടെ
ധാര്‍ഷ്ട്യത്തിന്റെ മടുപ്പിക്കുന്ന ചിരി.

അതെ, ഞാന്‍ ഹര്‍ത്താലിലാണു.
ഇരുട്ടിലും, തനിച്ചാവുമ്പോളും, തണുപ്പിലും
മഴക്കൂട്ടിനും , നിശ്വാസങ്ങലേറ്റുവാങ്ങാന്‍
എന്റെ സമശീതോഷ്ണ മേഘലകളിലേക്ക്
കൈകള്‍ മെല്ലെ അരിച്ചിറങ്ങുമ്പോള്‍
മരവിപ്പിന്റെ ചുണ്ടുകള്‍ കടിച്ച് പിടിക്കില്ല.

കമഴ്ന്നു കിടക്കുന്ന നിര്‍വികാരതയില്‍
നീര്‍ച്ചാലുകള്‍ ഉള്‍തടങ്ങളില്‍ ഉടലെടുക്കില്ല.
ശീല്‍ക്കാര ശബ്ദം കേട്ടെന്നു വരില്ല.
ഞാനിങ്ങനെ കിടക്കും,എത്രവേണമെങ്കിലും
ഉയര്‍ന്ന് പൊങ്ങിയ നിന്റെ കൊടിമരവും
ധാര്‍ഷ്ട്യവും കെട്ടിപ്പൊക്കിയ അഹന്തയും
മെല്ലെ കൂപ്പുകുത്തുന്നത് വരെ.
അത് കഴിഞ്ഞ് മാത്രം നിന്നിലെക്കമര്‍ന്ന്
ഏഴു സ്വരങ്ങളും ചേര്‍ത്ത് തഴുകിയുണര്‍ത്തി
നിന്നെ ഞാന്‍ ആനന്ദ നൃത്തമാടിക്കും
അതുവരെ ഞാന്‍ ഹര്‍ത്താലിലാണു.

ഉത്തരങ്ങള്‍ തേടി.



തേനും പൂമ്പൊടിയും തേടി
എന്നും ചിരിക്കുന്ന പൂവിലേക്ക്
മെല്ലെ ചെന്നിരിക്കും വണ്ടിനോട്
ഇളം കാറ്റ് മെല്ലെ മുട്ടിയുരുമ്മി
ചെവിയിലോതുന്നതെന്താവും
നിയതിയുടെ , പരാഗണത്തിന്റെ
ജന്മ കര്‍മ്മ യോഗങ്ങളുടെ
നിയോഗങ്ങളേ കുറിച്ചാവുമോ

കുലച്ച വാഴയില്‍ ഓടികയറി
വേണ്ടതൊക്കെ കിട്ടിയിട്ടും
അണ്ണാറക്കണ്ണന്‍ എന്തിനാവും
പിന്നെയും എന്നെ നോക്കി
ചിലച്ചുകൊണ്ടിരിക്കുന്നത്.

എന്തും തിന്നുന്ന , ഏതിറച്ചിയും
പരാതിയില്ലാതെ കഴിക്കുന്ന
പാവം കാക്കയെ എന്താവും
ആരും ഒരിക്കലും കഴിക്കാത്തത്.

ഉത്തരങ്ങള്‍ തേടിയിങ്ങനെ
പൊരിവെയിലില്‍ തളര്‍ന്നിട്ടും
കറുത്ത മുടിയിങ്ങനെ വെളുത്തിട്ടും
കൈ കാലിങ്ങനെ കുഴഞ്ഞിട്ടും
നാക്കുണങ്ങി വറ്റി വരണ്ടിട്ടും
കണ്ണിലിരുട്ട് കയറിയിട്ടും
ഈ യാത്രയില്‍ എന്താവും
ഞാനിനിയും വീഴാത്തത്..

കാണാപുറങ്ങള്‍.



ഇതെന്റെ നഗരം
നീ കണ്ടത് ,
പിച്ചക്കാരനെയും
തെരുവു വേശ്യയെയും
ഹിജഡയെയും
കുഷ്ടരോഗിയെയും
തളം കെട്ടിയ
അഴുക്കു ചാലിലെ
ദുര്‍ഗന്ധവും മാത്രം


നാളെ നമുക്കൊരുമിച്ച്
വീണ്ടും പോകണം
നിന്റെ വികലമായ
ദൃശ്യകോണുകള്‍ ഭയന്ന്
കാണാപ്പുറത്തിനപ്പുറം
മറഞ്ഞതിനാല്‍
കാണാതെ പോയ
മന്ദഹാസം പൊഴിക്കുന്ന
പൂക്കാരി പെണ്‍ കുട്ടിയും
പാല്‍ക്കാരനും, യാത്രക്കാരും
തെരുവു കച്ചവടക്കാരും
കുഞ്ഞിളം പല്ലുകാട്ടിചിരിക്കും
പിഞ്ചോമനകളും, ഉദ്യാനങ്ങളും
പുകക്കുഴലുകളും , സ്കൂളും,
തിരക്കും കാണാന്‍.

അങ്ങനെ നിന്റെ
നഗരത്തെ കുറിച്ചുള്ള
വികലധാരണ മാറാന്‍

ചില വിഭ്രമ ചിന്തകള്‍



അയ്യോ..., ചന്ദ്രാ  അതു വേണ്ടാ 
എന്നെ  ഇങ്ങനെ ഭയപ്പെടുത്തരുതേ,
നീയെന്തിനാണെന്നെ  നോക്കിയിങ്ങനെ 
ചിരിക്കുന്നത് വിളറിയ  നിലാവില്‍
ഈ വിജനതയിലെ   മരക്കോലങ്ങളും
ഇലകളും നിഴല്‍ രൂപങ്ങളും 
എന്നെ എന്തിനോ  മാടി വിളിക്കുന്നു..
എനിയ്ക്ക് പേടിയാവുന്നു ചന്ദ്രാ...
 നിന്റെ മുഖമാകെ  കറുപ്പ് പടരുന്നു
അത് വലിഞ്ഞ് മുറുകുന്നു.
പറയൂ എന്റെ പുറകെ ഈ ചോരക്കണ്ണുകളുള്ള 
ചെന്നായ്ക്കളെ  അയച്ചത് നീയാണോ..
ഞാനിപ്പോള്‍ എങ്ങോട്ടോ  ഓടുകയാണല്ലോ..
എന്റെ  കാലുകള്‍  തളരുന്നു
എന്തിനാണു നീയും എന്റെ  കൂടെ  ഓടുന്നത്..
വേണ്ടാ എന്നെ  വെറുതെ വിടൂ...
ഞാന്‍ വീഴുകയാണ്...അമ്മേ ..!!
.സ്മൃതിഭ്രംശങ്ങളുടെ  നിലയില്ലാക്കയങ്ങളിലേക്ക്
പേമാരി കോരിച്ചൊരിയുമ്പോള്‍
വയ്യാ  ഇനിയും ഓടാനെനിയ്ക്ക് വയ്യാ...
ഞാനാകെ  നനഞ്ഞിരിക്കുന്നു 

ആരുമില്ലേ  ഇവിടെ, വെളുത്ത  മാലാഖമാരെ,
 ആരെങ്കിലും ഒന്നോടി വരൂ
നിലാവെളിച്ചം  കടന്നു വരാതെ
ആ  ജനല്‍ പാളികള്‍ കൊട്ടിയടയ്ക്കൂ
 ഞാന്‍  ഇനിയും  പുറത്തേക്കോടില്ലാ
വായിലൂടെ പുറത്തേക്കു തലയിടുന്ന
വയറ്റില്‍ പുളയ്ക്കുന്ന   സര്‍പ്പത്തെ ഭയന്ന് 
തുണിഴയിച്ചാടില്ലാ ,  അലറില്ലാ
ചങ്ങലക്കെട്ടുകള്‍  കിലുങ്ങുന്നതും
പഴുത്ത വൃണത്തില്‍ കുത്തുന്നതും
  എനിക്കിപ്പോള്‍ അരോചകമാവാറില്ല

ആം  നോട്ട് ദി ബോഡി  ആം ദി  സോള്‍
ഹഹഹ  (  സംശയിക്കണ്ടാ  ഇത് ഞാന്‍  ചിരിച്ചതാണു  )
അതെ, ഞാനിപ്പോള്‍  ശരീരമല്ലാ
ചിന്തകള്‍ നഷ്ടമായ  വെറുമോരു ദുരാത്മാവ്


അയ്യോ, ആരാണെന്റെ
പുഴുത്ത  തലച്ചോറിലേക്ക് വീണ്ടും
ചുവന്ന കനല്‍ ചിന്തുകള്‍  വാരിയിട്ടത് .
ആരെങ്കിലും ഒന്നു  സഹായിക്കൂ..
അവയെല്ലാം  വാരിയെടുത്ത്
ഇരുട്ടുമൂടിയ ആകാശത്തിലേക്ക്  വലിച്ചെറിയൂ..
മിന്നിത്തിളങ്ങുന്ന  നക്ഷത്രങ്ങളായി
അവയെന്നെ  നോക്കി പരിഹസിക്കട്ടെ
എനിക്കൊന്നുറങ്ങണം...ചിന്തകളുടെ ഭാരമില്ലാതെ
മാലാഖക്കുട്ടികളെ  ഓടി വരൂ
എനിയ്ക്കുറങ്ങാന്‍  മരുന്നു തരൂ...

പനി



ഇനിയും നവധാന്യങ്ങള്‍
നാമ്പെടുത്തിട്ടില്ലാത്ത
തെക്കേ തൊടികളിലെ
മണ്‍ കൂനയ്ക് ചുറ്റും ,

മുള്‍ പടര്‍പ്പുകള്‍ക്കും
കള്ളി ചെടിയ്ക്കും അപ്പുറം
ഇനിയും മണ്ണുറയ്ക്കാത്ത
ചില ഖബറുകളില്‍,

ഇരുമ്പ് കവാടമുള്ള
സെമിത്തേരിയിലെ
മരവിച്ച ഏതാനും
കുരിശുകള്‍ക്ക് ചുറ്റും,

നനുത്ത് ഈച്ചയാര്‍ക്കുന്ന
തിരക്കുള്ള തെരുവില്‍
വീശിയടിക്കുന്ന കാറ്റില്‍,

നേതാക്കളുടെ വിളറിയ
വികലമായ നാറിയ
ചിരിയുടെ കോണില്‍,

ഒളിച്ചിരിക്കുന്നുണ്ട്
പല തരം പനികള്‍
അല്ലെങ്കിലും പനി
ഒരു രോഗമല്ലല്ലോ
രോഗലക്ഷണമാണത്രേ !!!

അറിവുകള്‍...



ശ്രമിച്ചിട്ടുണ്ട് എപ്പോളും
ഒരു വെള്ളത്തിലും
ഒരിക്കലും വീഴാതിരിക്കാന്‍

ഓരോ ചുവടും
ശ്രദ്ധിച്ച് മുന്നേറിയിട്ടും
ചൂടുവെള്ളത്തില്‍ വീണിട്ടുമുണ്ട്
പലതവണ,

ഇപ്പോള്‍ ആവിയും പുകയും
കണ്ടാല്‍ ദൂരെ നിന്നേ
ചൂടുവെള്ളം തിരിച്ചറിയാം

ഇനിയും പഠിക്കാനുണ്ട്
ഒരു പിടിയും തരാത്ത
നിരിപദ്രവമെന്ന് തോന്നുന്ന
പച്ചവെള്ളങ്ങളെ

നോക്കിയാല്‍ നമ്മളെ
കാണ്ണാടി പോലെ
കാട്ടിതരുന്ന തെളിമയെ

കൊടും ചതിക്കുഴികള്‍ക്ക്
മുകളില്‍ പരന്ന്
ശാന്തമായ് ചിരിച്ച്
നമ്മെ വിളിക്കുന്ന
നീല ജലാശയങ്ങളെ

ഇതി വാര്‍ത്താ ഹ :



ആദിയില്‍  ഒച്ചയുണ്ടായി
ബഹളമുണ്ടായി മയേണ്ടായി
കാടുണ്ടായി പൊയേണ്ടായി
   കൊരങ്ങനുണ്ടായി കാട്ടാളനുണ്ടായി
നാട്ടില്‍ നമ്പൂരി ഉണ്ടായി
അരണിയുണ്ടായി,  അരമനയുണ്ടായി
അരണി  കടഞ്ഞ്   തീയ്യുണ്ടായി
പൊകേണ്ടായി പുകിലുണ്ടായി
മുറ്റമുണ്ടായി  മുല്ലയുണ്ടായി
മൊല്ലാക്കെന്റെ  വീടുണ്ടായി

ഇത്രയുമായപ്പോളഗ്നിദേവന്‍ വന്നു
ചൊല്ലീടിനാല്‍ ശ്രവിച്ചൂ  പുരോഹിതര്‍
അഗ്നിശുദ്ധിയത്യുത്തമമെങ്കിലും ഉറപ്പാണാളപായം
തീകൊണ്ട് കളിച്ചീടില്‍  കീറിടാം ട്രൌസെറന്ന
പരം പൊരുളത് വേറെയും
പരിഹാരമായിട്ടാവാം നമുക്കൊരക്ഷരമെന്ന  സാധനം
ആളെക്കൊന്ന്  കൊലവിളിച്ചിടാം 
ചാവില്ല രണ്ട്  കൂട്ടരും  ശുഭം
ഇതിവാര്‍ത്താഹ  ചൊല്ലി പിരിഞ്ഞൂ 
ദേവനന്നുതൊട്ടിന്നാട്ടിലടിയും  പൊടിപൂരമായ്

ജീവിതഗന്ധി



ചെറുപ്പത്തിലവള്‍
  വെള്ളത്തിലിട്ട
സോഡിയം പോലെ
തട്ടി  പിടഞ്ഞ്  കുടുകുടെ
ചിരിച്ച് ഓടി നടന്നിരുന്നത്രേ
നോക്കിനും വാക്കിനും
 ആസിഡിന്റെ  ശക്തി വന്നത്
 പിന്നെയും  കാലം കഴിഞ്
  കെട്ട്യോന്‍  ചാവുകയും
പിള്ളാര്‍ വിശന്ന്
 കരയുകയും ചെയ്തപ്പോളാണ്
അവളുടെ അരക്കെട്ടിന്റെ
അമോണിയുടെ ചെറുഗന്ധം
 നാട്ടുകാരും  അറിഞ്ഞത്
എന്‍ഡോ   സള്‍ഫാന്‍
എന്ന  വിളീപ്പേര്‍
അവളെയീപ്പോള്‍  അലട്ടാറില്ലാ
  ഇപ്പോള്‍ അവളുടെ  ഗന്ധം
ഹൈഡ്രജന്‍ സള്‍ഫൈഡ്
പോലെ ആണെന്നതും
അവള്‍  എന്നേ  മറന്നിരിക്കുന്നു.