Followers

Saturday, February 7, 2015

അരങ്ങ്

അരങ്ങ് ..

  സർവ്വാഭരണ  വിഭൂഷിതയും
  സുന്ദരിയുമായ  സമയം
മന്ദം  മന്ദം  നടന്നു നീങ്ങവേ
അവളെ  പാട്ടിലാക്കാൻ
മരണവും  ജീവനും
തർക്കത്തിലായിരുന്നു.

“ഞാനാണു  സത്യം
അവളെയെനിക്കു വേണം“
ഇരുവരും  ആർത്തിയോടെ
അവളെ  ഒളികണ്ണിട്ട് നോക്കി.

മരണം  മെല്ലെ  മന്ത്രിച്ചു
“ ജീവനൊടെ ഇനിയും
എന്നിലേക്കെത്താനാവാത്ത
 ദരിദ്ര  ജീവനേ ,
ഞാനാണു  സത്യം .“


മുടിയഴിച്ചിട്ട  കാലത്തിന്റെ 
എല്ലാ  വശ്യ  സൌന്ദര്യത്തോടെയും
  തിരിഞ്ഞു  നോക്കി
അവളെല്ലാമൊരു 
നിറ പുഞ്ചിരിയിലൊതുക്കി

മറ്റാരിലേക്കോ പരകായ
പ്രവേശം നടത്തിയ
ജീവൻ   കണ്ണിറുക്കി  കാട്ടി
അഭ്യാസിയുടെ  മെയ്‌വഴക്കത്തോടെ
മരണത്തെ  പരിഹസിച്ചു .

മഹാ യുദ്ധങ്ങളുടെ
ഓംകാര  നാദമായും
പകയുടെ   ബാങ്ക്  വിളിച്ചും
ചതിയുടെ  കുരിശ്  വരച്ചും
കാല വേദികളിലെ
ആട്ടക്കലാശങ്ങൾക്കൊടുവിൽ

ജീവന്റെ  എല്ലാ  കാപട്യങ്ങളും
  പിടഞ്ഞ് പിടഞ്ഞ്
ഇല്ലാതാവുന്നത് വരെ
തളർന്ന  ജീവനെ  നോക്കി
മരണം സഹതാപത്തോടെ
ഒതുങ്ങി  മാറി  നിന്നു .

അവസാനം  വിധിയുടെ
വിധി നിർണ്ണയം  കഴിഞ്ഞ്
ആശീർവാദമേറ്റ് വാങ്ങി
അവൾക്കൊപ്പമെത്താൻ
സമയം കടന്നു പോയ
  സുഗന്ധപൂരിത  പാതയിലൂടെ 
വിജയ  ശ്രീലാളിതനായി
  കൊതിയോടെ  മരണവും.