Followers

Friday, May 31, 2013

അവസ്ഥാന്തരങ്ങൾ !!

അവസ്ഥാന്തരങ്ങൾ   !!

ദ്രവിച്ച   ഡയറിത്താളുകളിലും
നിറം മങ്ങിയ ചില്ലലമാരയിൽ 
പലപ്പോളായി  ചുരുട്ടികൂട്ടിയിട്ട
മഷി പടർന്ന കടലാസിലും
അവളുടെ  കണ്ണുകൾ
പരിഭ്രാന്തിയോടെ  പരതി നടന്നു


ഒടുവിൽ , ആർത്തവ  രക്തം 
ചാലിച്ച ആർജ്ജവത്തിന്റെ 
അക്ഷരകൂട്ടങ്ങളും,

ശിശിര  രാവിന്റെ  കുളിരിൽ
പാഴ്മുളം  തണ്ടിൽ കാറ്റ്
മുരളിയൂതുന്നതോർത്ത്
കൊതിച്ച  താഴ്വാരങ്ങളും,

കരിമ്പാറക്കെട്ടുകൾക്കിടയിൽ
കിനിഞ്ഞ നീരുറവകളുടെ
മോഹഭംഗ നെടുവീർപ്പുകളും,

ഉൾപ്പുളകങ്ങളുടെ വഴുവഴുപ്പിൽ
എവിടെയെല്ലാമോ  കൊണ്ട് കയറുന്ന
മെലിഞ്ഞ് നീണ്ട  വിരലുകളും,

കിടക്കവിരിയിലെ   നനവായി
ഇരുട്ടിൽ കരഞ്ഞൊടുങ്ങിയ
ഉപ്പുരസമുള്ള   വിയർപ്പിന്റെ
  ദാമ്പത്യ  കലഹവും ,

എല്ലാം  പെറുക്കികൂട്ടി
കടലാസു  തുണ്ടുകളാക്കി
 നെഞ്ചോട്  ചേർത്ത്
അവൾ പുറത്തേക്കോടി.

നിറം  മങ്ങിയ  ശംഖ്  മാലയ്ക്കും
  തിളക്കം നഷ്ടമായ കല്ലു  കമ്മലിനും
പഴയ  കോട്ടൺ  സാരിക്കുമൊപ്പം
 കായലിലേക്ക് വലിച്ചെറിഞ്ഞ്
മനസ്സിൽ മന്ത്രിച്ചു  ,വേണ്ട,  
ഒന്നും മകൾ  വായിക്കരുത് !

അപ്പോൾ  ആകാശം
പെട്ടന്ന്  മേഘാവൃതമായി
മനസ്സിലെ  കൊടുങ്കാറ്റിനൊപ്പം
  കോരിച്ചൊരിയുന്ന   മഴയിൽ
നനഞ്ഞ് കുതിർന്ന് കുളീർന്ന്
വീട്ടിലേക്ക് നടക്കുന്നതിനിടയിൽ
  മനസ്സ് മെല്ലെ  വിതുമ്പി ,

ഈ മഴയാണു  സത്യം,
ഈ  കുളിരാണു  സത്യം,
ഈ പ്രകൃതിയാണു  സത്യം,
അക്ഷരങ്ങളാൽ  പെരുന്നുണയുടെ 
ചുഴലിക്കാറ്റ്   തീർത്ത് 
ചൂളം വിളിച്ച  ഞാൻ
വെറുമൊരു പെരുങ്കള്ളീ...!

Thursday, May 30, 2013

സ്നേഹപൂര്‍വ്വം ...

ഇപ്പോള്‍ എനിയ്ക്ക്  ഉറപ്പുണ്ട്
എന്റെ സ്വപ്നങ്ങളെല്ലാം
സഫലമാകുമെന്ന്,

  രാം രാജ്  ബനിയനും
അണ്ടര്‍ വെയറും
ഞാനും ധരിച്ചിട്ടുണ്ടല്ലോ,

മൂന്നാര്‍  കാറ്ററിംഗ് 
കോളേജില്‍ പഠിച്ചതിനാല്‍
ജോലിയും ഉറപ്പ്,

ഇന്നലെ  തന്നെ
സുഖകര   ദാമ്പത്യത്തിനു
കുറച്ച് ഹൃദയാമൃതവും
വാങ്ങിയിട്ടുണ്ട്,

എന്നിട്ടും നീ
  എന്റടുത്തേക്ക് വരാൻ
എന്താണു  മടിക്കുന്നത്

Monday, May 20, 2013

 നിത്യ  പൂജ

അവളുടെ വീട്ടിൽ
ഓട്ടുരുളിയും
നിലവിളക്കും
പൊന്നിൻ നിറമുള്ള 
വാൽ കിണ്ടിയും ഇല്ല .

വലിയ  കസവുള്ള  ചേലയില്ലാ
മുല്ലയില്ലാ മുറ്റത്ത് പൂക്കളില്ലാ,
അവൾക്കറിയില്ല
കദളിപ്പഴവും  ഞാലിപ്പൂവനും
പാൽ‌പ്പായസവും  നവനീതവും ,

എന്നിട്ടും അവൾ
ബ്രഹ്മ മുഹൂർത്തത്തിൽ
ഉണർന്ന്  അഗ്നി  തെളിയിച്ച്
ധൂപത്തിലലിഞ്ഞു  ചേർന്ന്
അടുക്കളയിൽ പൊങ്കാലയിടും
 
അതുകഴിഞ്ഞ്
സൂര്യ ,   വായു ദേവരുടെ
അനുഗ്രഹത്താൽ
  പൊരിഞ്ഞ് വെന്ത്
നിത്യപൂജയുടെ
 പൊടിയിലമരാൻ
നടന്നും  ഓടിയും
  കരിങ്കൽ ക്വാറിയിലേക്കുംദീനം വന്നു ചത്ത
  കെട്ട്യോന്റെ മുന്നിൽ
  ഒരിക്കലവളും മാറത്തടിച്ച്
 അലമുറയിട്ട് കരഞ്ഞത്
എന്റെ  ഭഗവാനേ
എന്നായിരുന്നത്രേ

എന്തിനായ് ....?

   എന്തിനായ്   ....?

ദൈന്യതയുടെ അടുപ്പിൽ
ഉറുമ്പുകൾ  ചാലുകീറുന്നതും
നോക്കിയിരുന്നു  തളർന്ന
ഞാനെന്തിനു ഇനിയും
നിന്റെ ദിവ്യാത്ഭുതങ്ങളിൽ
വെറുതെ വിശ്വസിക്കണം

അശാന്തിയുടെ  നിഴലുകൾ
തെരുവോരങ്ങളിൽ
ഇരുൾ പരത്തുമ്പോൾ
ഇനിയും  ഞാനെന്തിനു
നിന്റെ  തിരുനാമങ്ങൾ 
ചൊല്ലിയലയണം

നിറം മങ്ങിയ ചില്ലലമാരയിലെ
വേദ  പുസ്തകത്തിന്റെ
കനത്ത  താളുകൾക്കുള്ളിൽ
ഭീരുവിനെ  പോലെ 
ഒളിച്ചിരിക്കാതെ
പുറത്ത്  വരൂ

വറുതിയുടെ   പാടങ്ങളിലേക്ക്
കനൽ  വിരിയുന്ന  ഖനികളിലേക്ക്
വിയർപ്പിന്റെ  ഉപ്പു  പാടങ്ങളിലേക്ക്
നീ  ഇറങ്ങി  വരുന്നതും  കാത്ത്
ഞാനവിടെ  ഉണ്ടാകും
നിന്നെ  ദൈവമേയെന്നു
വിളിച്ച്  പൂജിക്കാൻ
ആ  തൃപാദങ്ങളിൽ  
  തല  കുമ്പിട്ട്  മാപ്പിരക്കാൻ
Monday, May 13, 2013

അതിവേഗം ബഹുദൂരം...

അതിവേഗം   ബഹുദൂരം...

എനിക്കിപ്പോളും  ഓർമ്മയുണ്ട്
ദിലീപനും  മനോജനും
ഹരിദാസനും  ഗീതയും
ലതയും  പുഷ്പയും
 എന്റെ  കൂടെ 
പഠിച്ചവർ തന്നെ.
ഇന്നവർ  വീണ്ടും 
സ്കൂളിലേക്ക് പോവുകയാണ്
സോനു  നായർ
മീനാ നമ്പൂതിരി
ഷെർലി പിള്ള
ബിനു മേനോൻ
ആൻസി  കുറുപ്പ്
ഷിജു നമ്പ്യാർ
എന്നീ  മക്കളുടെ
കയ്യും  പിടിച്ച് 

Saturday, May 4, 2013

താറാവു ചരിതം

താറാവു  ചരിതം

ഞാനിടും  പൊന്മുട്ടയാലല്ലൊയീ
തട്ടാൻ  സമ്പന്നനായിടുന്നു  നിത്യം
എന്നൊർത്തൊരാത്താറാവമ്മയോ
കരുതീയുള്ളിൽ  കുശുമ്പുമായ്
സുഖിച്ചീടേണ്ടെൻ  മുട്ടയാലിനിയാ
പഹയനെന്നോർത്തൂ മനസ്സിലും
പിന്നീടാത്താറാവിട്ടില്ല കാഷ്ടമല്ലാതെ
മുട്ടയൊന്നുമേ  കഷ്ടം,നഷ്ടമാ
 തട്ടാനിരിക്കട്ടെയെന്നൂറിച്ചിരിച്ചൂ 
ദുഷ്ടയാം  താറാവമ്മ ദിനം ദിനം
വയറുവീർത്തു തളർന്നതിനൊടുവിലായ്
കരുതീ  താറാവമ്മ   മുട്ടയിട്ടിടാം
നാളെ മുതലല്ലെങ്കിലാകേയലമ്പായിടാം
ഞെട്ടലോടറിഞ്ഞ്ജൂ  താറാവമ്മ 
മുട്ടയൊന്നുമേയില്ലായുള്ളിൽ
വെറുതേ വീർത്തിരിക്കുന്നാ വയറു
മാത്രമായാകെ  പരിഭ്രമിച്ചോടി
തപസ്സിനായ്  പക്ഷി  രാജനാം 
ഗരുഡനെ    ധ്യാനിച്ചിടാൻ
ചിറകടിച്ചൊടുവിലെത്തീ
ഗരുഡൻ മുന്നിൽ  ചൊല്ലീ
കഥകൾ  കദനങ്ങളായ്  പക്ഷിയും
മണ്ടീ നീ കേൾക്കാ  പ്രകൃതി  തൻ വരമാണു
നീയസൂയയാൽ വേണ്ടെന്നു വെച്ചതും
മേലിൽ നിനക്കാവില്ലാ‍ാ  സുകൃതം
മച്ചിയായിരുന്നോളുക  മരിക്കും  വരെ
തന്നാലാർക്കെങ്കിലും ഗുണം  വരുവിലതു
തന്നെയാണുത്തമ  ധർമ്മമെന്നു മറന്നു
നീയെന്നോതിയപ്രത്യക്ഷനായ് രാജനും
ചെറുതേങ്ങലോടാ  പക്ഷിയും വൃഥാ.
തട്ടാനിപ്പോളും വാഴുന്നു തൻ  വീട്ടിലായ്
പൊൻ മുട്ടയില്ലെങ്കിലും സുഖ  സുഭിക്ഷമായ്

Thursday, May 2, 2013

അനുഭവങ്ങൾ പാളിച്ചകൾ

  പറ്റിച്ചേ.....

കമ്പൂട്ടർ  വാങ്ങിയ  കാലം ,  ബ്രൊഡ്  ബാന്റ്  ഒന്നും കണ്ട് പിടിച്ചിട്ടില്ലാ,  ബി  എസ്  എൻ  എൽ   ആപ്പീസിൽ പോയി  നൂറ്റി  ഇരുപത്തിയഞ്ച്  രൂപയ്ക്ക്  ഒരു കൂപ്പൺ  വാങ്ങി    ഡയലപ്പ്  ആക്ക്റ്റീവ്  ചെയ്താണു നെറ്റ്  ഉപയോഗം  ,  എതാണു മണിക്കൂർ  ആണു  നൂറ്റി  ഇരുപത്തഞ്ച്  രൂപ  കൊടുത്താൽ  ലഭിക്കുക,  വല്ല എ  മെയിലോ  മറ്റോ  ഉണ്ടോന്ന് നോക്കി  അത്  സേവ്  ചെയ്തോ  കോപ്പി  ചെയ്തോ  ഉടൻ  നെറ്റ്  ഓഫ്ഫ്  ചെയ്യണം...വായിക്കാനും മറുപടി  ഇടാനും  ഒന്നു നെറ്റ്  ഓൺ  ചെയ്ത് വെച്ച്  കൊണ്ട്  പറ്റില്ലാ,  കാശങ്ങ്  പോകും, എന്നാലും 125  രൂപായ്ക്ക് ആക്റ്റിവേറ്റ്  ചെയ്താൽ ആ  കാശ്  തീരുന്നത്വരെ   (  ഗൾഫീന്ന് വന്ന  ഭർത്താക്കന്മാരെ  പോലെ    എന്നു മുരളിയെട്ടന്റെ  ഉദാഹരണം  )  അതിന്റെ  മുന്നിൽ  തന്നെ ചുറ്റി  പറ്റി  ഇരുന്നാലേ ചേട്ടനു  സമാധാനം  ആകൂ.  അന്നു  ഹരിശ്രീ ഒന്നും  ഇല്ല ,  ഓർകൂട്ട്  തന്നെ  എന്താന്നറിയില്ല. പിന്നെയും  കുറേ  കഴിഞ്ഞാണു  ഓർകൂട്ടിൽ  അക്കൌണ്ട് ഉണ്ടാക്കിയത്...മലയാളം എഴുതാൻ ഉള്ള  ഫോണ്ടും   രീതിയും  എല്ലാം  അവിടെ നിന്നു  പരിചയപ്പെട്ട  ഏതോ  സ്നേഹിതൻ  തന്നെ   അയച്ച്  കൊടുത്തതായിരുന്നു. നാട്ടിൽ  ഉള്ള  ആളുകളെ  എല്ലാം  ആഡ്  ചെയ്യുക    അവർക്ക്  ഗ്രീറ്റിംഗ്സ്  അയക്കുക  സ്ക്രാപ്പയക്കുക  എന്നിവയാണു  പ്രധാന  വിനോദം..   ഗൂഗിൾ  ചാറ്റ്  കൂടെ  മെല്ലെ  വന്നതൊടെ  ആളു  ചാറ്റ്  ചെയ്ത്  ഇരിക്കലായി  ,  ആഴ്ചക്കു മൂന്നും  നാലും  തവണ    ബി എസ്  എൻ  എൽ  ആപ്പീസിൽ പൊയി  കാശടച്ച്  ഡയലപ്പ്  ഉണ്ടാക്കും  2  ദിവസം  നിക്കില്ലാ  അത്  തീരും,  ഒപ്പം  അവിടെ നിന്നും  പരിചയപ്പെട്ട്  ഫൊൺ  നമ്പർ വാങ്ങിയ  സ്ത്രീകളോട്  കത്തിവെപ്പും..ആ  വകയിലും  കളയും കുറെ  കാശ്.  ഏതായാലും  ഒരു  പണി കൊടുത്തില്ലെങ്കിൽ  ശര്യാവില്ലാന്നെനിക്കും  തോന്നി.കൂട്ടത്തിൽ   ഏട്ടൻ കൂടുതലായും  സംസാരിക്കുന്ന   ഒരു  പെണ്ണുണ്ടായിരുന്നു,  ചാറ്റ്  പോരാത്തതിനു  ഫോൺ  സംസാരവും..പണി കൊടുക്കാതെ  രക്ഷയില്ലാന്നു ഞാൻ  തീരുമാനിച്ചു.   പുറത്ത്  പോയി  വന്ന  ചേട്ടന്റെ  മുഖത്തൊരു  മ്ലാണത..എനിക്കു  കാര്യം മനസ്സിലായി.. “ എന്താ  ചേട്ടാ  സുഖമില്ലെ  “ഞാൻ  ചോദിച്ചു..“ഏയ് ഒന്നും  ഇല്ലാന്നു “മറുപടി, എന്നാലും  ആമുഖം കണ്ടാലറിയാം  ആകെ  ജിഞ്ചർ കടിച്ച  മങ്കിയെ  പോലെ  ഉണ്ട്. കുറച്ച്  കഴിഞ്ഞപ്പോൾ  മൂപ്പർ എന്റെ  അടുത്തേക്ക്  വന്നു  അടുക്കളയിലേക്ക്,  എന്നോട്  പൊതുവെ  ഒന്നും ഒളിച്ച്  വെക്കാറില്ലാ , അതോണ്ട് ഇതും  പറയും  എന്നെനിക്കുറപ്പായിരുന്നു.“.അത്  ..സ്വപ്നെ   ഞാൻ  ഫോൺ  വിളിക്കുന്ന......അവളില്ലേ ..  അവളെ  ഞാൻ  ഇന്നു ഫോൺ ചെയ്ത്  ആകെ  പ്രശ്നായി. “ അയ്യോ  എന്തുപറ്റീ  എന്നു  ഞാൻ ചോദിച്ചു.  “ ഞാൻ  അവളാന്നു കരുതി  ഭയങ്കര  ലോഗ്യത്തിൽ ഫോൺ  ചെയ്തതായിരുന്നു,  ഈ  ബി  എസ്  എൻ   എല്ലിനെയൊന്നും  വിശ്വസിക്കാൻ  പറ്റില്ലാ  ചില  സമയത്ത്  നമ്മളു വിളിക്കുന്ന  ആളിനല്ലാ  കിട്ട്വാന്നു  തോന്നുന്നു..വേറെ ഏതോ  സ്ത്രീയാ  ഫോൺ  എടുത്തേ..ഞാൻ  ആകെ  ചമ്മി. “   ഉൾലിൽ  ചിരി വന്നെങ്കിലും ഞാൻ  ഒന്നും  പറഞ്ഞില്ലാ,  രണ്ട്  ദിവസം  കഴിഞ്ഞ് വീണ്ടും  അതേ  അവസ്ഥ, ഇത്തവണ  ചമ്മുകയല്ലാ  അങ്ങേ തലയ്ക്കൽ  നിന്നും നല്ല   തെറി കേട്ട  ലക്ഷണം ഉണ്ട്.അതോടെ  ആ വിളി നിന്നു.  പിന്നെ   കുറച്ച്  കാലം കഴിഞ്ഞപ്പൊൾ  ഹരിശ്രീ ആയി  പേരായി  പേരു  ദൊഷമായി അങ്ങിനെ അങ്ങിനെ  കാലം മുന്നൊട്ട് പോയി,എന്നോട്  രഹസ്യം ഒന്നും ഒളിക്കാത്ത  ആളായതൊണ്ട് ഞാൻ  പറഞ്ഞു. “ അന്നെ  ആ പെണ്ണിന്റെ  ഫോൺ  നമ്പർ സേവ്  ചെയ്ത് വെച്ചതിൽ  അവസാന  അക്കം ഞാനായിരുന്നു മാറ്റി വെച്ചത്..ഒരു പണി  തരാൻ  തന്നെ  ചെയ്തതാ..അല്ലാതെ   ബി  എസ്  എൻ  എല്ലിന്റെ  കുഴപ്പം  ഒന്നും  അല്ലാ“.. അന്നെന്നെ  മൂപ്പരു വിളിച്ച  ചീത്ത  ഇവിടെ  പറയാൻ കൊള്ളില്ലാ  മലയാള  ഭാഷയ്ക്ക് മഹാ സംഭാവന  ആകാവുന്ന    അതുവരെ ഞാൻ  കേട്ടിട്ടില്ലാത്ത  കുറേ  വാക്ക്....!!