Followers

Monday, December 23, 2013

കുരിശേ...നിന്നെയും ചുമന്നീ
മലകയറി
ചോരവാർന്നിങ്ങനെ
കിടക്കുന്നതിനു മുമ്പേ
അറിയാമായിരുന്നു,

അവസാനം നീയും
എന്നെ പോലെ
എന്നെ പൂജിക്കുന്നവർക്ക്
ദിവ്യമാകുമെന്ന്.

എങ്കിലും നീയറിയുന്നുവോ
എന്നിലേക്കണയാനുള്ള
വഴിയായ് മാത്രമാണു
ഇന്നും നിന്നെ ലോകം
പൂജിക്കുന്നതെന്ന്.

ഇല്ല,

അറിവില്ലായ്മയുടെ
ഈ മരപലകയിലും
എന്റെ ചോരപാടുകൾ
വീഴ്ത്തി..

നീയെന്ന കുരിശിനെ
ഞാൻ കാലങ്ങാളോളം
ദിവ്യമാക്കിടാം.

Wednesday, December 11, 2013

നിയോഗംഗോപാലന്‍ മൂശാരി
ഒരു മൂശാരിയായിരുന്നു
ഇടയ്ക്ക് ആഞ്ഞു വലിയ്ക്കുന്ന
മുറി ബീഡിയ്ക്കും , പുകയ്ക്കും
ഇടയിലെ ജന്മ  നിയോഗം

ഒരു മരവിപ്പ് പൊലെ
 ശീല്‍ക്കാരമില്ലാതെ,
ഒരേ ഓടും  ചൂടും  ചേര്‍ത്ത്
പല  അളവുകളില്‍
  പല മൂശകളിലേക്ക്

 വടക്കേ മുറിയിലെ  ഇരുട്ടിലും,
ചില നേരങ്ങാളില്‍
അകാശത്തേക്ക് നോക്കി ചിരിച്ചും
 കുഞ്ഞീവിയുടെ സ്വര്‍ഗ്ഗം കണ്ടും
വലിയ  വായുള്ള  കോളാമ്പി,

  സ്വര്‍ണ്ണ  പൂ മൊട്ടുപോലെ
നടുവില്‍ കൂമ്പിയടഞ്ഞ
മെലിഞ്ഞ  നിലവിളക്ക് 
രേവതിക്കുട്ടിയുടെ നെഞ്ചിടിപ്പിന്‍
  താളവും പേറി ദിവസ്സവും
സന്ധ്യയ്ക്ക് പൂമുഖത്തെയ്ക്ക്,

രാമേട്ടന്റെ  ദിനചര്യയുടെ
ഭാഗമായ  വാല്‍ കിണ്ടി
വാരസ്യാരുടെ കണ്ണുനീരും
പ്രാര്‍ത്ഥനയുമായി ഓട്ടുരുളി,


പല  രൂപങ്ങളായി
കൈമറിഞ്ഞ് കര്‍മ്മം തുടരാന്‍
ദ്വാരം വീണും,നിറം മങ്ങി
പഴകി നശിച്ചും വീണ്ടും

  മൂശാരിയുടെ അടുത്തേയ്ക്ക്..

 ഭാവവ്യത്യാസമില്ലാത്ത
മൂശാരിയുടെ നിര്‍വ്വികാരത
നേര്‍ത്തൊരു പുഞ്ചിരിയുമായി
അപ്പോളും വിശ്വകര്‍മ്മാവും.

Saturday, December 7, 2013

ജാലകം

ജാലകം

സുന്ദരിപ്പെണ്ണേ
ഇഷ്ടപ്പെട്ട  നിനക്കു  മുന്നില്‍
കഷ്ടപ്പെട്ടു നേടിയ
യൂസര്‍  നെയിമുമായി
ഞാനിങ്ങനെ  എത്ര  നേരം

നഷ്ടപ്പെട്ട പാസ്സ് വേഡ്
നിന്നിലേക്ക്  കയറാന്‍
കാത്തിരിക്കും

ഒരു വൈറസ്സായി
നിന്നെ  അതിക്രമിക്കാനല്ലാ
ഇപ്പോളും  നിന്റെ
  ഹാര്‍ഡ്  ഡിസ്കില്‍
എന്റെ  സോഫ്റ്റ് വെയര്‍
തന്നെ   ആണോന്നറിയാന്‍
വേണ്ടി മാത്രം...

സ്വയം വിമര്‍ശനം

ആഗോള താപനഭീതിയില്‍
മുഴുകിയ മനസ്സ് പെട്ടന്ന് വംശീയ
രാഷ്ട്രീയകോലാഹലങ്ങളില്‍ പെട്ടുഴറി
കിടുംങ്ങി തലയിലോരായിരമഗ്നിപര്‍വ്വതം
പൊട്ടിചീറ്റി ലാവ ചെവിയിലൂടെ
പുറത്ത് വന്നപ്പോള്‍ കോന്തല തലപ്പു
കൊണ്ടത് തുടച്ച് ശല്യം ചെയ്തതിനാണ്
ഇന്നലെ ഞാനമ്മയെ തല്ലിയത്.

കുമ്പസാരം

കുമ്പസാരം

കണ്ണുനീർ  മാത്രം കുടിച്ചോരെന്നമ്മയ്ക്ക്
കണ്ണുനീർ  പിന്നെയും നൽകി
ഇച്ഛിച്ചതെല്ലാമൊരുക്കിയോരച്ഛന്നു
തുച്ഛമാം  സ്നേഹവും  നൽകി .
കഷ്ടപ്പെടാതെ  ഞാൻ  പോറ്റുന്നു മക്കളെ
അഷ്ടിക്ക്   പഞ്ഞമില്ലാതെ
മോഹപ്രതീക്ഷകൾ വെച്ചൂ  പുലർത്തുന്നു
ശിഷ്ടകാലം   സുഖിച്ചീടാൻ
എന്തുണ്ട് യോഗ്യതയെന്നോർത്ത് പോവുകിൽ
എൻ മനം  മെല്ലെ  പിടയ്ക്കും
എൻ  മനം മെല്ലെ  പിടയ്ക്കും .