Followers

Thursday, November 29, 2012

തീരുമാനങ്ങള്‍

തീരുമാനങ്ങള്‍

കുമാരന്റെ  അച്ഛന്‍
 ആരാണെന്നത്  തന്നെ
ആയിരുന്നു  അജണ്ടയിലെ
അന്നത്തെ  ആദ്യയിനം, 
കുമാരനച്ഛനെ  കിട്ടി !!
സമഗ്ര  സമൂലമാം
ചര്‍ച്ചയ്ക്കും  തര്‍ക്കത്തിനും
  വാഗ്വാദത്തിനും  ഒടുവില്‍
രണ്ടിനെതിരെ  എട്ട് വോട്ടിന്ന് 
ഭാസ്കരന്‍  അച്ഛനായി. 
മകന്‍ അച്ഛനെയും
അച്ഛന്‍  മകനെയും
നോക്കി പുഞ്ചിരിച്ചു,
കണ്ണിര്‍ വാര്‍ത്തു,
  അമ്മ  പുളകം കൊണ്ടു
  പൌരസമിതി
നീണാള്‍ വാഴാനും
ഭാസ്കരനെ  അഭിനന്ദിച്ചും
നാടെങ്ങും പോസ്റ്റര്‍  പരക്കേ
   ചെമ്പന്‍  മുടിയും
  എല്ലന്‍  മുഖവുമായി
വീണ്ടുമെത്തിയ നാടുവിട്ടുപോയ 
നാട്ടുകാരന്‍  ഗോപാലന്റെ
ഇടനെഞ്ച് പൊട്ടിയ  കരച്ചില്‍.

കുമാരന്‍  തന്നെ  മകനെന്നു
ജനിതകപരിശോദനയുടെ
അനുകൂല്യത്തില്‍   ഗോപാലവാദം
  വീണ്ടും കശപിശ  കുശു  കുശു

അന്തിമമായ  പൌരസമിതി 
തീരുമാനത്തിനു മാറ്റമില്ലത്രേ
ഭാസ്കരന്‍  തന്നെ നിലവില്‍
കുമാരന്റെ  അച്ഛനും
ജനിതക  റിപ്പോര്‍ട്ടും  രേഖകളും 
പഠിച്ച് പരിശോധിച്ച്    
അടുത്ത പൌര  സമിതി

ഗോപാലനെ  അനുഭാവപൂര്‍വ്വം
കുമാരന്റെ  അച്ഛനായി
  പരിഗണിച്ചേക്കുമത്രേ
അഞ്ച്  വര്‍ഷത്തിനു  ശേഷം !!

Sunday, November 25, 2012

നിങ്ങള്‍ക്കറിയാമോ...?

നിങ്ങള്‍ക്കറിയാമോ...?

കേള്‍ക്കൂ,
ഈ ശൂന്യത ഇങ്ങനെ
ഒന്നുമില്ലായ്മയായി
കരുതുന്നവരൊട് എനിക്കും
ഒന്നും പറയാനില്ല .

ഇല്ലാ ,
പല്ലും നഖവും മുടിയും,
മജ്ജയും മാംസവും,
എല്ലിൻ കൂടും നീക്കിയാൽ
നിങ്ങളിക്കാണുന്ന ശൂന്യത
എന്റെ ആത്മാവാണെന്ന്
പരിതപിക്കുന്നില്ല.

ഈ ഞാനും,
എപ്പോളോ എന്തിനോ
ആരോ നീലാകാശത്തിലേക്ക്
വലിച്ചെറിഞ്ഞ വെറുമൊരു
കരിങ്കല്ലുമാകാം .

അറിയാം,
എത്ര ഉയരത്തിലേക്കെന്നും
എപ്പോൾ വീഴണമെന്നും
ഗുരുത്വാതിജീവനവും പ്രവേഗ
ത്വരണാദികളും ചേർത്ത്
ഒരിക്കലും തെറ്റാത്ത
നിയതിയുടെ കണക്കുകൾ
അന്നേ തീരുമാനിച്ചതും.

എങ്കിലും
നിങ്ങളറിയണം ,
ഏത് കല്ലിനും ഒരു കഥ
കദനത്തിന്റെ ഒരു കഥ
പറയാനുണ്ടെന്നതും.
കന്മദത്തിന്റെ മുഴുപ്പോ
കൃഷ്ണശിലയെന്ന ഗമയോ
ഒരു വീഴ്ചയിലും ഗതിവേഗം
നിയന്ത്രിക്കില്ലെന്നതും.

എന്നിട്ടും,
അനന്തകോടി നക്ഷത്രങ്ങളും
അതി സൂക്ഷ്മ കണങ്ങളും
ആരാലും നിയന്ത്രിക്കപെടാതെ
കറങ്ങിക്കൊണ്ടിരിക്കുമ്പോളും
എല്ലാം ഞാനെന്ന ഭാവത്തില്‍
നിങ്ങളും ഗണിച്ചുകൊണ്ടിരിക്കൂ.

Friday, November 23, 2012

ഭൂമി കറങ്ങുമ്പോള്‍

ഭൂമി  കറങ്ങുമ്പോള്‍

നോക്കൂ ,നമ്മുടെ  ഈ  ഭൂമി
 സ്വയം  കറങ്ങി
  കൊണ്ടിരിക്കുകയാണു...
മഞ്ഞുപെയ്യുന്നൊരീ
സുഖദമാം  രാത്രിയില്‍
    നൂല്‍ബന്ധമില്ലാതെ
നമ്മള്‍  കിടക്കുന്ന
ഈ  കട്ടില്‍  ഇരിക്കും
നിശ്ശബ്ദ ശൂന്യതയില്‍
അര  ദിവസം മുന്‍പ്
ഏതോ  സായിപ്പും  മദാമ്മയും
അല്പവസ്ത്രധാരികളായി 
ഭൂമിയുടെ  അങ്ങേത്തലയ്ക്കല്‍
സൂര്യ താപമേല്‍ക്കാന്‍
കടപ്പുറത്ത്  കിടന്നിട്ടുണ്ടാവാം..
രമിച്ചിട്ടുണ്ടാവാം
കേള്‍ക്കൂ,നമ്മെയിങ്ങനെ
  സായിപ്പിലേക്കടുപ്പിച്ചത്
ആഗോളവത്കരണം  മാത്രമല്ല,
ഈ ഗോളത്തിന്റെ  തിരിച്ചിലും
കൂടെയാണെന്നറിയുക...
നേരം  പുലരാനും 
നാം നമ്മുടെ  പവിത്ര
  പുരാതന  പുണ്യമാം
ഭാരത ദേശത്തെത്തിന്‍
മുഖം  മൂടി അണിയാനും
  ഇനിയും  സമയമേറെ.

Wednesday, November 21, 2012

വേണ്ട.

വേണ്ട.

ഇനിയും   എന്നോടാരും
  ചിരിക്കരുത്,
സംസാരിക്കരുത്,
എന്നെ പുകഴ്ത്തരുത്,
എന്റെ   ദാന  ധര്‍മ്മാദികളും
  ആത്മാര്‍ത്ഥതയും
  വാതോരാതെ വാഴ്ത്തിയും,
കളിയാക്കരുത്,
കായ്പുള്ള  മാവിലാണ്
ഏറുകൂടുകയെന്നും
  ആശ്വസിപ്പിക്കരുത്,
 സ്നേഹം  ചോദിക്കരുത്,
സ്നേഹിക്കാന്‍  പറഞ്ഞ്
പുറകെ  വരരുത്
അങ്ങനെ ചെയ്ത   പലരും
ഇപ്പോളെന്റെ 
ശത്രു  പക്ഷത്താണ് ,
കേള്‍ക്കൂ ,
എനിക്കിനിയും  ആരുടെയും
ശത്രുവാകാന്‍ വയ്യ.

Thursday, November 8, 2012

നമ്മള്‍...ഈറന്‍ മുകിലിനായ്
എവിടെയൊ നീയും,
പേമാരി കൊതിച്ച് 
ഞാനും കാത്തിരിക്കുമീ
തുലാവര്‍ഷ  സന്ധ്യയിലും
ഇടയിലൊരു
മഹാ മൌനത്തിന്റെ
കടല്‍  ദൂരം  തീര്‍ത്ത്
നമ്മുടെ പ്രണയം.
അസ്തമയമെങ്കിലും
അകലെയൊരു 
ചെറു ചക്രവാളം
എന്നെ  വെറുതെ 
 മോഹിപ്പിക്കുന്നുവോ...

Monday, November 5, 2012

വരിനെല്ലുകൾ.

വരിനെല്ലുകൾ.
പൊന്നാര്യനും, കുറുവയും,
പൊന്നിയും,മസൂരിയും
വരുന്നതിന്നു മുൻപ്,
നിറത്തിനും മണത്തിനും
കോലത്തിനും വെവ്വേറെ
ജാതിപേരിട്ട് , വിലയിട്ട്
ബസുമതിപെണ്ണടക്കം
ചിരിതൂകുന്നതിനും മുൻപ്,
അറിയാമോ?
ഇവിടം ഞങ്ങളായിരുന്നു.
ആരാലും തിരസ്കരിക്കപെട്ടതല്ല
അഹങ്കരിക്കരുത്,
ചെറുമചെക്കന്മാരെങ്കിലും
ഇന്നും ഞങ്ങളെ ഓർക്കുന്നതും
അത്തം മുതൽ പൂവട്ടിയിൽ
കൂട്ടുന്നതും വെറും ജനിതക
വൈകല്യമായി കരുതരുത്.
ഇനിയും ഒന്നും പഠിക്കാത്ത
കുരങ്ങന്മാരെ !
നിങ്ങളെ, വാലുള്ളവർ
ഇപ്പോളും മരത്തിലിരുന്നു
പരിഹസിക്കുന്നത്
വെറുതെയാണെന്ന് കരുതണ്ടാ.
എന്തെന്നാൽ,
അനിവാര്യമായ തിരസ്കാര
പാതയിൽ നിങ്ങൾക്കായുള്ള
വിധിയുടെ തരിശു നിലങ്ങളും
കാത്ത് കാത്തിരിപ്പുണ്ട് .