Followers

Wednesday, April 29, 2015

നവലിബറല്‍ കാഴ്ചകള്‍..!!

നവലിബറല്‍ കാഴ്ചകള്‍..!!




ശൂന്യതയിലേക്ക്
കൂപ്പുകുത്തിയ
മനസ്സിനെ
തിരികെ പിടിക്കാന്‍
ഒരു കവിള്‍ കൂടി.
ചില്ലുകോപ്പയിലപ്പോളും
തണുത്ത മഞ്ഞച്ചിരി.
ഉള്ളിലെടുത്ത്
ചൂടാവുന്നതിന്ന് മുമ്പൊന്ന്
തണുക്കണം.
ചിറി തുടച്ച്,
അകം പൊള്ളിനിറയണം
സമരജ്വാല.
ചുണ്ടില്‍
അഗ്നിയെരിഞ്ഞു ,
പുകച്ചുരുളിലൂടെ
മുന്നില്‍ തെളിയുന്ന
സ്ക്രീനില്‍ നീലനിറം
യാങ്കിപയ്യനും
ചൈനക്കാരി പ്പെണ്ണും
വര്‍ഗ്ഗസമരത്തിന്‍റെ
പായക്കപ്പലില്‍,
അടിയൊഴുക്കിനെ,
ചുഴികളെ,
കടല്‍ ചൊരുക്കിനെ ,
ഭേദിച്ച്,
ഉശിരന്‍പോരാട്ടം
സായിപ്പിന്റെ
സാമ്രാജ്യത്വത്തിന്ന്
മുകളില്‍ ചൈനക്കാരിയുടെ
സോഷ്യലിസത്തിന്റെ
പിടിമുറുകി.
അടിതെറ്റി, കടപുഴകി
മുതലാളിത്തം
നിലത്ത്, പാവം.!
എന്തിനോ തിളയ്ക്കുന്ന
ശബ്ദത്തില്‍
കിടക്കയില്‍നിന്നും
മറുപാതിയുടെ ആത്മഗതം
"ഇന്നത്തെ ഹര്‍ത്താലും
സമ്പൂര്‍ണ്ണ വിജയം തന്നെ.
മുതലാളിത്തം
കടപുഴകിവീണു
ഇതൊന്നാഘോഷിയ്ക്കാതെ വയ്യ."

Monday, April 20, 2015

എന്റെ കവിതകള്‍ .



ഇന്നലെ പനി വന്നു ചത്ത
ചെക്കന്റെ മുഖത്ത്
ചെന്നീരുണങ്ങി കിടന്നതും,
തെരുവിലെ ചെറു ബാലികയുടെ
ഇടുപ്പെല്ലകലുന്ന
വേദനയുടെ രഹസ്യവും
മണിയനീച്ചകള്‍ പൊതിഞ്ഞ്
ഏതോ വയസ്സന്റെ ശവം വെറുതെ
വഴിയില്‍ കിടന്നതും.
ഇരുട്ടിന്‍ രാത്രികാലങ്ങളില്‍
വടിവാളുകള്‍ എന്തിനോ
തീപ്പൊരിയുതിര്‍ക്കുന്നതും
കുടലു കരിഞ്ഞ മുഖങ്ങളിലെ
നിഷ്കളങ്ക ദീനത
വയറിന്‍ വിശപ്പിന്റെ
നാനാത്വത്തിലെ ഏകതയും !!
അല്ല ,
ഒരിക്കലും അതൊന്നുമല്ലാ
എന്റെ കവിത.
പകരം,
ഞാനെന്ന വൈകൃതം
ആത്മഹര്‍ഷത്തിനായ്
കൈ വിരലിലൂടെ വെറുതെ
ചീറ്റിതെറിപ്പിച്ചൊഴുക്കി
പുറത്ത് വിടുന്ന വെറും
അക്ഷര തെറ്റുകള്‍ മാത്രം !!

Tuesday, April 7, 2015

ഇല്ലിക്കാടുകൾക്ക് പറയാനുള്ളത്.

ഇല്ലിക്കാടുകൾക്ക്  പറയാനുള്ളത്.

കലിയുഗാന്ത്യത്തിൽ
വീണ്ടും പ്രളയമെത്തി,
പണ്ടെന്നോ  വെട്ടും
കുത്തും കൊണ്ട്  ചത്ത
മത്തായി    ഇളിമ്പ്യൻ  ചിരിയുമായി  
   കബനീ  നദിയിൽ  നിന്നും
ആലിലയിൽ ഉയിർത്തെഴുനേറ്റു ,

മെല്ലെ പഴയ പുൽ‌പ്പള്ളിക്കാട്ടിൽ
മലയിടിച്ച്  പുതുതായി
നിർമ്മിച്ച  നക്ഷത്ര  ഹോട്ടലിൽ
ജനാധിപത്യത്തിന്റെ
മാർഗ്ഗം കളിയിലേക്ക്

അവിടെ,
ഈയിടെയായി    മാത്രം 
വാലു മുളച്ച  
കുറേ  കുരങ്ങന്മാർ
  മത്തായിയുടെ  അപദാനങ്ങൾ
ഉറക്കെ പാടുന്നുണ്ട് .

ഇനിയൊരിക്കലും
  ഒരു  ഉയിർത്തെഴുൽ‌പ്പിന്നു 
സാധ്യതയില്ലെന്നറിഞ്ഞിട്ടും
അധികം  ദൂരെയല്ലാതെ 
മറ്റൊരു  പുഴയിൽ
ഇപ്പോഴും  ഒരാത്മാവ്
ചുഴിയിൽ കിടന്ന്
   വെറുതെ കറങ്ങുന്നുണ്ട് .
വയറു  കീറി   പണ്ടാരോ
വലിച്ചെറിഞ്ഞത് !


ചില മതിഭ്രമ ചിന്തകൾ

ചില  മതിഭ്രമ  ചിന്തകൾ

കാലൻ കോഴികൾ കൂവിക്കൊണ്ടിരിക്കെ
ഒരുറുക്ക  പിച്ചിലെന്ന  പോലെ
ഞാൻ  നിന്നെ  വിശ്വസിക്കില്ല
നിനക്ക്  ഹൃദയമില്ലെന്ന്
ഞാനപ്പോളും  പറഞ്ഞ് കൊണ്ടിരുന്നു


നിലാവെളിച്ചത്തിൽ  വിയർത്തു
   ഒരു നിമിഷം ,പീന്നെ വായിലൂടെ  കയ്യിട്ട്
കണ്ണൂകൾ  പുറത്തേക്ക്  തള്ളി
അവൾ   അത്  പറിച്ചെടുത്തു.
"  ഇതാ  എന്റെ  ഹൃദയം"
ചോരയിൽ കുതിർന്നൊരു  ഹൃദയം
എന്റെ  കൈകളിൽ പിടഞ്ഞു .

  ഞാനത്  കുറ്റിക്കാട്ടിലേക്ക്  വലിച്ചെറിഞ്ഞു

വീണ്ടും ഞാൻ പുലമ്പി
നിന്നെ  കരളേ  എന്നല്ലേ വിളിക്കൽ  
എനിക്കിപ്പോളതും  സംശയം
 വേദന  കടിച്ച്  പിടിച്ച് 
വാരിയെല്ലുകൾക്കിടയിലൂടെ
  കൈകൾ  കുത്തിയിറക്കി
  അവൾ  തന്റ്റെ  കരൾ  പറിച്ചെടുത്തു, 
കിതപ്പിനിടയിലും  അവൾ  പറഞ്ഞൊപ്പിച്ചു
ഇനിയെങ്കിലും  വിശ്വസിക്കൂക
 കരൾ  തന്നെയെന്നുറപ്പായ
ഞാൻ   വീണ്ടും   അലറി
എവിടെ  നമ്മൾ ഇത്രകാലം
നിശ്വാസങ്ങൾ  കൈമാറിയ
നിന്റെ  ശ്വാസ  കോശം

വിശ്വസിക്കില്ല നിന്നെ  ഞാൻ
ഹൃദയ ശൂന്യയാണു നീയെന്ന്
ഒരുറുക്ക  പിച്ചിലെന്ന  പോലെ
ഞാനപ്പോളും  അലറിക്കൊണ്ടിരുന്നു

നിലാവെളിച്ചത്തിൽ  വിയർത്ത

   ദയനീയതയ്ക്കൊടുവിൽ
  വായിലൂടെ  കയ്യിട്ട്
കണ്ണൂകൾ  പുറത്തേക്ക്  തള്ളിച്ച്

അവൾ   ഹൃദയം  പറിച്ചെടുത്തു,

ചോരയിൽ കുതിർന്നൊരു  ഹൃദയം
എന്റെ  കൈകളിൽ പിടഞ്ഞു  ,
 “ ഇതാ  എന്റെ  ഹൃദയം “
  ഞാനത് അറപ്പോടേ
കുറ്റിക്കാട്ടിലേക്ക്  വലിച്ചെറിഞ്ഞു .

വീണ്ടും ഞാൻ പുലമ്പി
നീയെപ്പോളും  പറഞ്ഞ്
പറ്റിക്കുന്ന ആ കരളെവിടെ ?
 വേദന  കടിച്ച്  പിടിച്ച്
വാരിയെല്ലുകൾക്കിടയിലൂടെ
  കൈകൾ  കുത്തിയിറക്കി
    കരൾ  പറിച്ചെടുത്ത്
കിതപ്പിനിടയിലുമവൾ    പറഞ്ഞൊപ്പിച്ചു
“ഇനിയെങ്കിലും  വിശ്വസിക്കൂക“
  ഞാനതും  വലിച്ചെറിഞ്ഞു .


അപ്പോളും  ബാക്കിയുള്ള
ചുടു  ചോരയൊലിക്കുന്ന
  എല്ലിൻ കൂട്ടത്തിൽ നിന്നും
അവളതും  വലിച്ചെടുത്ത്
എന്റെ  അതൃപ്തിയിലേക്ക്  നീട്ടി  .


ഭ്രമചിന്തയിൽ നിന്നും മുക്തിനേടി
നിലാവില്ലാത്ത നേർത്ത
ആകാശത്തേക്ക് നോക്കി
ഞാൻ  മെല്ലെ  പറഞ്ഞു.
.ഇപ്പോൾ  എനിക്ക്  നിന്നെ
  പൂർണ്ണ  വിശാസം,
വരൂ നമുക്കൊരുമിച്ച് ജീവിക്കാം

അപ്പോൾ  മാത്രം  അവൾ
വിളറി വെളുത്ത  മുഖത്തോടെ
ഉച്ചത്തിൽ  പറഞ്ഞു
 ഇല്ലാ,  ഇപ്പോൾ ഞാൻ
വെറുമൊരു  ശവം  മാത്രം
ഇനിയുള്ള  യാത്രയിൽ
നമുക്കൊരുമിക്കാനാവില്ലാ.
  ഇരുട്ടിനെ  വകവെയ്ക്കാതെ
വേച്ച് വേച്ച്  മെല്ലെ  മെല്ലെ
അവൾ  മൂടൽ മഞ്ഞിൽ ലയിച്ചു
അപ്പോളും  അകെൽ എവിടെയോ
കാലൻ കോഴികൾ കൂവുന്നുണ്ടായിരുന്നു