Followers

Tuesday, September 16, 2014

എന്റെ മാത്രം മഴ

എന്റെ മാത്രം മഴ
മഴ തകർത്ത് പെയ്യുന്നുണ്ട്
അമ്മയടുത്ത് കിടക്കുന്നുണ്ട്
പാളിയില്ലാത്ത ജനലിലൂടെ
മിന്നൽ വെളിച്ചം 
അകത്തേക്ക് കയറുന്നുണ്ട്....
എനിയ്ക്ക് പേടിയാവുന്നുണ്ട്
ഞാൻ അമ്മയോട്
ചേർന്ന് കിടക്കുന്നുണ്ട്....
അനിയൻ കരയുന്നുണ്ട്
അമ്മ അവനെ മുലയൂട്ടുന്നുണ്ട്
അച്ഛൻ കൂർക്കം വലിക്കുന്നുണ്ട്....
ചേട്ടൻ ചുമയ്ക്കുന്നുണ്ട്
ചേച്ചി ഉറക്കത്തെന്തോ കണ്ട്
മെല്ലെ ചിരിക്കുന്നുണ്ട്....
മഴ മെല്ലെ കൂടുന്നുണ്ട്
ഞങ്ങൾ പിന്നെയും വലുതാവുന്നുണ്ട്
പായ നനയുന്നുണ്ട്
പുതപ്പ് കുതിരുന്നുണ്ട്
ഞാനുറങ്ങുന്നുണ്ട്...
മഴ തോരാതെ
കാല ദൂരങ്ങൾക്കിപ്പുറത്തേയ്ക്ക്
ആർത്ത് പെയ്യുന്നുണ്ട്....
കെട്ട്യോൾ ചേർന്ന് കിടക്കുന്നുണ്ട്
മക്കൾ അടുത്ത് കിടക്കുന്നുണ്ട്
ഫാൻ കറങ്ങുന്നുണ്ട്
നാട്ടിലെ ആളില്ലാ
പറമ്പിലൊരു മൂലയിൽ
മണ്ണീനടിയിൽ
അമ്മ തനിച്ച് മഴ
നനഞ്ഞ് കുതിരുന്നുണ്ട്...
രാത്രി വളരുന്നുണ്ട്
അച്ഛനെ ചേച്ചി
വഴക്ക് പറയുന്നുണ്ട്...
ഞാനിങ്ങ് ദൂരെ 
ഇവിടെ ഉറക്കത്തിൽ
മെല്ലെ കരയുന്നുണ്ട്
കാല ചക്രം എവിടേയ്ക്കോ 
മെല്ലെ ഇപ്പോഴും തിരിയുന്നുണ്ട്..