Followers

Saturday, October 6, 2012

ചില വിഭ്രമ ചിന്തകള്‍



അയ്യോ..., ചന്ദ്രാ  അതു വേണ്ടാ 
എന്നെ  ഇങ്ങനെ ഭയപ്പെടുത്തരുതേ,
നീയെന്തിനാണെന്നെ  നോക്കിയിങ്ങനെ 
ചിരിക്കുന്നത് വിളറിയ  നിലാവില്‍
ഈ വിജനതയിലെ   മരക്കോലങ്ങളും
ഇലകളും നിഴല്‍ രൂപങ്ങളും 
എന്നെ എന്തിനോ  മാടി വിളിക്കുന്നു..
എനിയ്ക്ക് പേടിയാവുന്നു ചന്ദ്രാ...
 നിന്റെ മുഖമാകെ  കറുപ്പ് പടരുന്നു
അത് വലിഞ്ഞ് മുറുകുന്നു.
പറയൂ എന്റെ പുറകെ ഈ ചോരക്കണ്ണുകളുള്ള 
ചെന്നായ്ക്കളെ  അയച്ചത് നീയാണോ..
ഞാനിപ്പോള്‍ എങ്ങോട്ടോ  ഓടുകയാണല്ലോ..
എന്റെ  കാലുകള്‍  തളരുന്നു
എന്തിനാണു നീയും എന്റെ  കൂടെ  ഓടുന്നത്..
വേണ്ടാ എന്നെ  വെറുതെ വിടൂ...
ഞാന്‍ വീഴുകയാണ്...അമ്മേ ..!!
.സ്മൃതിഭ്രംശങ്ങളുടെ  നിലയില്ലാക്കയങ്ങളിലേക്ക്
പേമാരി കോരിച്ചൊരിയുമ്പോള്‍
വയ്യാ  ഇനിയും ഓടാനെനിയ്ക്ക് വയ്യാ...
ഞാനാകെ  നനഞ്ഞിരിക്കുന്നു 

ആരുമില്ലേ  ഇവിടെ, വെളുത്ത  മാലാഖമാരെ,
 ആരെങ്കിലും ഒന്നോടി വരൂ
നിലാവെളിച്ചം  കടന്നു വരാതെ
ആ  ജനല്‍ പാളികള്‍ കൊട്ടിയടയ്ക്കൂ
 ഞാന്‍  ഇനിയും  പുറത്തേക്കോടില്ലാ
വായിലൂടെ പുറത്തേക്കു തലയിടുന്ന
വയറ്റില്‍ പുളയ്ക്കുന്ന   സര്‍പ്പത്തെ ഭയന്ന് 
തുണിഴയിച്ചാടില്ലാ ,  അലറില്ലാ
ചങ്ങലക്കെട്ടുകള്‍  കിലുങ്ങുന്നതും
പഴുത്ത വൃണത്തില്‍ കുത്തുന്നതും
  എനിക്കിപ്പോള്‍ അരോചകമാവാറില്ല

ആം  നോട്ട് ദി ബോഡി  ആം ദി  സോള്‍
ഹഹഹ  (  സംശയിക്കണ്ടാ  ഇത് ഞാന്‍  ചിരിച്ചതാണു  )
അതെ, ഞാനിപ്പോള്‍  ശരീരമല്ലാ
ചിന്തകള്‍ നഷ്ടമായ  വെറുമോരു ദുരാത്മാവ്


അയ്യോ, ആരാണെന്റെ
പുഴുത്ത  തലച്ചോറിലേക്ക് വീണ്ടും
ചുവന്ന കനല്‍ ചിന്തുകള്‍  വാരിയിട്ടത് .
ആരെങ്കിലും ഒന്നു  സഹായിക്കൂ..
അവയെല്ലാം  വാരിയെടുത്ത്
ഇരുട്ടുമൂടിയ ആകാശത്തിലേക്ക്  വലിച്ചെറിയൂ..
മിന്നിത്തിളങ്ങുന്ന  നക്ഷത്രങ്ങളായി
അവയെന്നെ  നോക്കി പരിഹസിക്കട്ടെ
എനിക്കൊന്നുറങ്ങണം...ചിന്തകളുടെ ഭാരമില്ലാതെ
മാലാഖക്കുട്ടികളെ  ഓടി വരൂ
എനിയ്ക്കുറങ്ങാന്‍  മരുന്നു തരൂ...

No comments:

Post a Comment