Followers

Friday, May 31, 2013

അവസ്ഥാന്തരങ്ങൾ !!

അവസ്ഥാന്തരങ്ങൾ   !!

ദ്രവിച്ച   ഡയറിത്താളുകളിലും
നിറം മങ്ങിയ ചില്ലലമാരയിൽ 
പലപ്പോളായി  ചുരുട്ടികൂട്ടിയിട്ട
മഷി പടർന്ന കടലാസിലും
അവളുടെ  കണ്ണുകൾ
പരിഭ്രാന്തിയോടെ  പരതി നടന്നു


ഒടുവിൽ , ആർത്തവ  രക്തം 
ചാലിച്ച ആർജ്ജവത്തിന്റെ 
അക്ഷരകൂട്ടങ്ങളും,

ശിശിര  രാവിന്റെ  കുളിരിൽ
പാഴ്മുളം  തണ്ടിൽ കാറ്റ്
മുരളിയൂതുന്നതോർത്ത്
കൊതിച്ച  താഴ്വാരങ്ങളും,

കരിമ്പാറക്കെട്ടുകൾക്കിടയിൽ
കിനിഞ്ഞ നീരുറവകളുടെ
മോഹഭംഗ നെടുവീർപ്പുകളും,

ഉൾപ്പുളകങ്ങളുടെ വഴുവഴുപ്പിൽ
എവിടെയെല്ലാമോ  കൊണ്ട് കയറുന്ന
മെലിഞ്ഞ് നീണ്ട  വിരലുകളും,

കിടക്കവിരിയിലെ   നനവായി
ഇരുട്ടിൽ കരഞ്ഞൊടുങ്ങിയ
ഉപ്പുരസമുള്ള   വിയർപ്പിന്റെ
  ദാമ്പത്യ  കലഹവും ,

എല്ലാം  പെറുക്കികൂട്ടി
കടലാസു  തുണ്ടുകളാക്കി
 നെഞ്ചോട്  ചേർത്ത്
അവൾ പുറത്തേക്കോടി.

നിറം  മങ്ങിയ  ശംഖ്  മാലയ്ക്കും
  തിളക്കം നഷ്ടമായ കല്ലു  കമ്മലിനും
പഴയ  കോട്ടൺ  സാരിക്കുമൊപ്പം
 കായലിലേക്ക് വലിച്ചെറിഞ്ഞ്
മനസ്സിൽ മന്ത്രിച്ചു  ,വേണ്ട,  
ഒന്നും മകൾ  വായിക്കരുത് !

അപ്പോൾ  ആകാശം
പെട്ടന്ന്  മേഘാവൃതമായി
മനസ്സിലെ  കൊടുങ്കാറ്റിനൊപ്പം
  കോരിച്ചൊരിയുന്ന   മഴയിൽ
നനഞ്ഞ് കുതിർന്ന് കുളീർന്ന്
വീട്ടിലേക്ക് നടക്കുന്നതിനിടയിൽ
  മനസ്സ് മെല്ലെ  വിതുമ്പി ,

ഈ മഴയാണു  സത്യം,
ഈ  കുളിരാണു  സത്യം,
ഈ പ്രകൃതിയാണു  സത്യം,
അക്ഷരങ്ങളാൽ  പെരുന്നുണയുടെ 
ചുഴലിക്കാറ്റ്   തീർത്ത് 
ചൂളം വിളിച്ച  ഞാൻ
വെറുമൊരു പെരുങ്കള്ളീ...!

1 comment: