Followers

Monday, May 20, 2013

 നിത്യ  പൂജ

അവളുടെ വീട്ടിൽ
ഓട്ടുരുളിയും
നിലവിളക്കും
പൊന്നിൻ നിറമുള്ള 
വാൽ കിണ്ടിയും ഇല്ല .

വലിയ  കസവുള്ള  ചേലയില്ലാ
മുല്ലയില്ലാ മുറ്റത്ത് പൂക്കളില്ലാ,
അവൾക്കറിയില്ല
കദളിപ്പഴവും  ഞാലിപ്പൂവനും
പാൽ‌പ്പായസവും  നവനീതവും ,

എന്നിട്ടും അവൾ
ബ്രഹ്മ മുഹൂർത്തത്തിൽ
ഉണർന്ന്  അഗ്നി  തെളിയിച്ച്
ധൂപത്തിലലിഞ്ഞു  ചേർന്ന്
അടുക്കളയിൽ പൊങ്കാലയിടും
 
അതുകഴിഞ്ഞ്
സൂര്യ ,   വായു ദേവരുടെ
അനുഗ്രഹത്താൽ
  പൊരിഞ്ഞ് വെന്ത്
നിത്യപൂജയുടെ
 പൊടിയിലമരാൻ
നടന്നും  ഓടിയും
  കരിങ്കൽ ക്വാറിയിലേക്കും



ദീനം വന്നു ചത്ത
  കെട്ട്യോന്റെ മുന്നിൽ
  ഒരിക്കലവളും മാറത്തടിച്ച്
 അലമുറയിട്ട് കരഞ്ഞത്
എന്റെ  ഭഗവാനേ
എന്നായിരുന്നത്രേ

No comments:

Post a Comment