Followers

Tuesday, August 18, 2015

ശ്രേഷ്ഠ പാചകം

ശ്രേഷ്ഠ  പാചകം

കാന്താരി മുളക്
കല്ലുപ്പും  ചേർത്ത്
കരിങ്കല്ലിൽ ചതച്ചെടുത്തത്

കുരുമുളക്  പൊടിയും
വാളൻ പുളിയും
  വെളുത്തുള്ളിയും 
     കായപ്പൊടിയും 
ചേർത്ത  രസക്കൂട്ടുകൾ

കുടിക്കുന്നതവസാനമെങ്കിലും
പ്രഥമ  സ്ഥാനത്തുള്ള
പലതരം  പായസങ്ങളുടെ
  പാൽ പുഞ്ചിരി

കൊഴുപ്പു കൂടിയാലും
രുചിയിൽ മികച്ച്
നിൽക്കും നെയ്യിൻ
നറുമണം  ചേർത്തവ

തേങ്ങ  വറുത്തരച്ചതും
അല്ലാത്തതും  ആയി
  പരിപ്പും പുളിയും
  കായവും  വെന്ത 
സുഗന്ധത്തിൽ
പച്ചക്കറികളുടെ 
തിക്കിതിരക്കിൽ
സാമ്പാറിന്റെ  സമ്പന്നത

 പച്ചത്തേങ്ങയും
കടുകും അരച്ചതിൽ
  തൈരു  ചേർത്ത് 
എളിമയോടെ പച്ചടി


കായും ചേനയും
കടലയും എല്ലാം
ഒരുമിച്ച്  വാഴുന്ന
കൂട്ടുകറിയിൽ
കറിവേപ്പിലച്ചാർത്തും
വറുത്ത  നാളീകേരത്തിന്റെ  
ജീരക  സാന്നിധ്യവും

  ഇലയുടെ  അറ്റത്ത്
വിളമ്പി  തൊട്ടു നക്കാൻ
കുറുങ്കവിതകൾ  പോലെ
ഇഞ്ചിപ്പുളിയും  അച്ചാറും

അകത്തൊന്നുമില്ലെങ്കിലും
വെറുതെ  വീർത്തിരിക്കുന്ന
വലിയ പപ്പടങ്ങൾ

വായിൽ വെള്ളമൂറുന്ന
  മുളകീഷ്ടത്തിന്റെ
മത്സ്യം  തൊട്ടു കൂട്ടുന്ന 
വകഭേദങ്ങൾ

മടിക്കാതെ  പറയൂ
നിങ്ങൾക്കേതാണു പഥ്യം
മനസ്സറിഞ്ഞു  കഴിക്കാൻ
മതിയാവോളമുണ്ണാൻ..?

1 comment:

  1. നന്നായിട്ടുണ്ട്. സ്വാദേറിയ വിഭവം

    ReplyDelete