Followers

Wednesday, February 13, 2013

കടലാസു പൂക്കള്‍



നീയോർക്കുന്നുവോ
ഉച്ചവെയിൽ ചുട്ടുപൊള്ളലില്‍ 
തണല്‍ തേടി വെറുതെ
നമ്മള്‍ നടന്നതും
കടലാസു പൂക്കള്‍
കാറ്റിനോട് കിന്നാരം ചൊല്ലും
കുന്നില്‍ ചെരുവിലൂടെ
കൈകള്‍ കോര്‍ത്ത്
ആർത്ത് ചിരിച്ചോടിയതും
ആരാവും ഈ  ബോഗന്‍ വില്ലകള്‍ക്ക്
കടലാസു പൂവെന്ന  പേരുകള്‍
നല്‍കിയതെന്നും
പ്രണയചോരയില്‍  മുങ്ങിയ
പ്രണയലേഖനങ്ങളും
 ചെറുകടലാസുകളും പുനര്‍ജന്മം
നേടിയതാവുമെന്ന  ഉത്തരവും
 നീ  തന്നെ  പറഞ്ഞ് 
വീണ്ടും ചിരിച്ചതും മറന്നുവോ
ഇന്നിപ്പോള്‍  ചുട്ടുപൊള്ളുന്ന
ഈ വെയിലിലും
എന്നെ ആശ്വസിപ്പിക്കാന്‍ 
നീ  എന്താണു  വരാത്തത്
നോക്കൂ , ഇരു കൈകളും
നീട്ടി പിടിച്ചിപ്പോളും
കണ്ണുകള്‍  ഇറുക്കിയടച്ച്
ഞാനിവിടെ നിൽക്കേ
.എന്തേ നീ എന്റെ  കൈകള്‍
കൂട്ടി പിടിച്ച്  ഓടുന്നില്ലാ
നമ്മള്‍ നെയ്ത സ്വപ്നങ്ങളുടെ
കരിഞ്ഞുണങ്ങി നില്‍ക്കുന്ന
ഈ കടലാസു  പൂക്കള്‍
നീ കാണുന്നില്ലേ,
 എനിയ്ക്ക് നഷ്ടമായ
നമ്മുടെ സ്വപ്നങ്ങള്‍ .

No comments:

Post a Comment