Followers

Saturday, July 20, 2013

ചിറകടികള്‍...



ചാരങ്ങളില്‍  നിന്നും
ചിറകടിച്ച് വീശി
ഉയിര്‍ത്തെഴുനേല്‍ക്കുന്ന
ഒരു  പക്ഷിയുണ്ടത്രേ

അതിമോഹങ്ങളുടെ
ആവര്‍ത്തനങ്ങളില്‍

ആരൊ കെട്ടിപടുത്ത 
പെരും നുണയാണത്


ചുണ്ട്  വക്രിച്ച് നിറമില്ലാ
കാഴ്ചകളിലേക്ക്  നോക്കി
എനിയ്ക്കത്  കേള്‍ക്കുമ്പോള്‍
ചിരിയാണു വരുന്നത്

ഇല്ലാ,  നമ്മളെ  രക്ഷിക്കാന്‍ 
 ആരും വന്നിരുന്നില്ല
നമ്മളില്‍  നിന്ന്  പോലും
ആരുമിനി  വരാനില്ല.

ഉയിരിന്‍ പോരാട്ടമാണിത്
ഉയിര്‍ത്തെഴുനേല്‍പ്പ്
കഥകള്‍ക്ക്  ഇനിയും
അന്ത്യകൂദാശ  ചൊല്ലാം

Monday, July 15, 2013

വാഴേ..!!

വാഴേ..!!

വല്ലപ്പോളും എനിയ്ക്കും
ചമ്രം പടിഞ്ഞിരുന്നു
ചുടുചോര്‍ വിളമ്പി
കഴിക്കാന്‍ ഒരു നാക്കില,

മെഴുക്കു പുരട്ടി മെല്ലെ
ഇളക്കി എടുത്ത്
കഞ്ഞിയ്ക്ക് കൂട്ടാന്‍
ഒരു പടല പച്ചക്കായ,

തെളിഞ ചിരിപോല്‍
മക്കള്‍ക്ക് കൊടുക്കാന്‍
ആത്മസമര്‍പ്പണത്തിന്റെ
മധുരം നിറഞ്ഞ കുറച്ച് പഴം,

കൊതിച്ചതാണിതെല്ലാം,
എങ്കിലും എന്റെ വാഴേ,
അവസാനം ഇങ്ങനെ
മൂന്നാലു വാഴക്കന്നുകളും തന്ന്,
പാളികള്‍ പൊളിച്ചെടുത്ത്
ഉള്ളിലെ വെളുത്ത കാമ്പും
എന്നെക്കൊണ്ട് കഴിപ്പിച്ചല്ലോ.

Tuesday, July 2, 2013

ഞാനിപ്പോളും....

ഞാനിപ്പോളും....

ഇല്ല, ഒന്നും  മറന്നിട്ടില്ല
ഞാൻ പോലുമറിയാതെ
ഓരോ  പദചലനത്തിലും
മിഴിയനക്കത്തിലും,
നീയെൻ  മനസ്സിൽ
സ്നേഹ  ചിത്രങ്ങൾ
വരയ്ക്കവേ, മോഹത്തിൻ
നഷ്ട  സ്വപ്നങ്ങൾ  രചിക്കവേ
ഒന്നും മറന്നിട്ടില്ല ഞാൻ .

ശരത്കാല  സന്ധ്യകൾ
കുങ്കുമം ചാർത്തിയ
തുടുത്ത കവിൾത്തടം,
എനിക്കായ്   മാത്രം 
തിളങ്ങിയ  നാൾകളും

മഞ്ഞു മലകളുടെ
താഴ്വാരങ്ങളിൽ
മുട്ടിയുരുമ്മിയിരുന്നപ്പോൾ
  നീയെനിക്കേകിയ
സ്നേഹ  ചുംബനങ്ങളും

ചുടു നിശ്വാസങ്ങളിൽ
ഹിമ  കണം പോലെ
ഉരുകിയ  പരിഭവങ്ങളും

ഇറുകെ  പുണർന്ന്
  കെട്ടി മറുയുമ്പോൾ 
നാണിച്ച്  തല 
താഴ്ത്തിയ  കറുകപ്പുല്ലുകളും

ഒന്നും  മറന്നിട്ടില്ല,
നോക്കൂ , ഞാനിപ്പോളും
നിന്റെ ജ്യാമിതീയ 
രൂപ ഭാവങ്ങളുടെ
ക്ഷേത്ര  ഗണിതത്തിലും.

എന്നിട്ടും, സഖീ
 ഉടലളവുകളുടെ 
ത്രിമാനതയ്ക്കുമപ്പുറം
നിന്റെ സൂക്ഷ്മ  സ്ഥൂല
മനസ്സിൻ  പ്രപഞ്ചത്തിൽ
ഞാനില്ലാതെ  പോയെന്നോ ?
  അറിയാതെ  പോയെന്നോ  
നീയെൻ  മനസ്സിനെ ?