Followers

Tuesday, July 14, 2015

അന്വേഷണങ്ങൾ

അന്വേഷണങ്ങൾ

ഏത്  കൊച്ച്  കുട്ടിയ്ക്കും
എളുപ്പത്തിൽ മുനയൊടിക്കാവുന്ന
  കൊച്ച് പെൻസിലിനുള്ളിൽ 
ആർക്കെല്ലാമോ  എന്തെല്ലാമോ 
എഴുതാനും വരയ്ക്കാനും മാത്രം
നീ വീർപ്പ്  മുട്ടുമ്പോളും,

ആർജ്ജിത കാഠിന്ന്യത്തിന്റെ
അഹങ്കാര തെളിമയിൽ
വജ്ര  ശോഭയുടെ
തിരയിളക്കങ്ങളിൽ
സ്വയം  മറന്ന് നീയിരിക്കുമ്പോളും  ,

അതുമല്ലെങ്കിൽ
ആരും  തിരിഞ്ഞ് പോലും
നോക്കാത്ത  അവഗണനയുടെ
കരിക്കട്ടയായി   നീ  വിതുമ്പുമ്പോളും

എന്നിലെ   ദുരയുടെ
രത്ന  വ്യാപാര  ചിന്തയും
ആഭരണ  പ്രണയവും
എഴുത്തിന്റെ കൌതുകവും  
ഒരു നിമിഷം മാറ്റിവെച്ച്,

സത്യാന്വേഷണത്തിന്റെ
രസതന്ത്ര  പാതയിൽ
പ്രപഞ്ച  ജൈവികതയുടെ
  മൂലരൂപങ്ങൾ  തേടി,

എതിർപ്പുകൾ  അവഗണിച്ച്
നിന്റെ  ആഴങ്ങളിലേക്ക്
നീ പോലും അറിയാതെ
ഇറങ്ങി ചെന്നപ്പോൾ

പുത്തൻ അറിവുകളുടെ
അകക്കാമ്പ്  കണ്ട്  പകച്ച് പോയ
കൊച്ച് കുട്ടിയെ  പോലെ 
അമ്പരപ്പോടേ ഈ ഞാനും  !!

Sunday, July 12, 2015

ദേവഭാഷണം



ഈ  അരൂപിയുടെ
ആത്മ  സൌന്ദര്യം
നിനക്ക്   കാണാനാവില്ല,
ഒരിക്കലും,

ഞാന്‍ ഭഗവാന്‍,  അരൂപി,
 നീ തീര്‍ത്ത് വെച്ച
ആര്‍ത്തിയുടെ  ദുരയുടെ
പ്രതീകങ്ങളുടെ  തടവുകാരന്‍,
 എന്നും നിന്റെ  അടിമ,
പഴകിയ   ചോരമണമുള്ള ,
ദ്രവിച്ച താളിയോലകളിലെ
ഇതിഹാസങ്ങളുടെ മറവില്‍
വീര പരിവേഷങ്ങളുടെ
ഉപമാലങ്കാരങ്ങളില്‍
 എന്നേ കുടിങ്ങിയവന്‍
സംവത്സരങ്ങളുടെ വന്ന്യമാം
   ഗൃഹാതുരതയിലേക്ക്
നിന്റെ  പോക്കിനും വാക്കിനും
മൌനാനുവാദം  തന്നവന്‍
മിഥ്യാവബോധത്തിന്റെ
ജഡമാം ദേവകണങ്ങള്‍
ഊള്ളം കയ്യിലൊതുക്കി 
നീയിങ്ങനെ  ഇരിക്കുമ്പോള്‍
എനിയ്ക്ക് ചിരിവരുന്നു
അടക്കാനാവാത്ത  ചിരി,
  ഒരിക്കലും തീരാത്ത
  വികല  സംശയത്താല്‍
ഭയക്കുന്നതും വെറുക്കുന്നതും ,
നീ സ്വയം  തന്നെയാണല്ലോ.
എന്നിട്ടും അറിവില്ലായ്മയുടെ
ആള്‍ രൂപങ്ങളായി
നീ വിലസി  വിളങ്ങുക
 അപ്പോളും, എപ്പോളും വിധി
എന്റെ  കയ്യിലെന്ന
വല്ലാത്തൊരുറപ്പില്‍
നിത്യ മൌനമായി
എന്റെയീ   ചിരിയും.

Sunday, June 28, 2015

കാറ്റേ..കാറ്റേ !

കാറ്റേ..കാറ്റേ  !

ഇളം പൂവിൻ തേൻ
നുകരാനൊടുക്കത്തെ
കൊടുങ്കാറ്റായടുക്കുന്നൊരു
ശൌര്യ  വേഗ തിടുക്കക്കാറ്റും

നടക്കുമ്പോൾ  തുളുമ്പുന്നോ-
രൊടുക്കത്തെ  നിതംബം
കണ്ടതിലല്പം മിഴി
നട്ടിട്ടലറിക്കൊണ്ടൊരു  കാറ്റും

ധൂർത്ത്  മൂത്തൊരു കെട്ടിലമ്മ-
യ്ക്കാർത്തീ  മൂത്ത്  പിടയ്ക്കുമ്പോൾ
നോക്കി നിൽക്കും കൊതിയോടൊരു
വയസ്സൻ  കാറ്റും

പൊരിവെയിലിൽ കരിങ്കല്ലിൽ
കദനത്തിൽ  കവിത വിരിയേ
നാട്ടുപൂവിൻ   ചുറ്റുമിന്നൊരു
  ശൃംഗാര  പൊടിക്കാറ്റും.

Thursday, May 28, 2015

മഴേ നീ എന്നാണു പെയ്യുക !

മഴേ  നീ  എന്നാണു  പെയ്യുക !


നനഞ്ഞ് കുതിർന്ന്
വയൽ  വരമ്പിലൂടെ
സ്കൂളിലേക്ക്  പോകാനും ,

ഇന്റർവെൽ  സമയത്ത്
 മതിലിൽ നിരായ്  നിന്ന്
മഴവെള്ളത്തിലേക്ക് മുള്ളാനും,

പണ്ടൊരിക്കൽ  നടന്ന  പോലെ 
ഒരുവളെ  ചേർത്ത് നിർത്തി
അടക്കം  പറഞ്ഞ്  ചിരിച്ച്
  ഒരേ കുടയിലങ്ങനെ  നീങ്ങാനും

മഴയിരമ്പം കേട്ട് മൂടിപ്പുതച്ച്
കൂടെയുള്ളവളെ  ഒന്നൂടെ
അരികിലേക്കടുപ്പിച്ച്
പുതപ്പിലേക്ക്  വലിഞ്ഞ്
നിശ്വാസങ്ങളിലലിഞ്ഞ്
മതിയാവോളമുറങ്ങാനും
വല്ലാണ്ട് പൂതിയായിട്ടല്ല ,

ഞങ്ങൾ  പണ്ടാരടങ്ങി
  പോകാതിരിക്കാൻ
ഇനിയുമിനിയുമൊരുപാട്
കാലമീ പച്ചപ്പെങ്കിലും  
കണ്ട് പകച്ചിരിക്കാൻ
ഇനിയുമൊരു  മഴ
എന്നാണു  പെയ്യുക !!

Wednesday, April 29, 2015

നവലിബറല്‍ കാഴ്ചകള്‍..!!

നവലിബറല്‍ കാഴ്ചകള്‍..!!




ശൂന്യതയിലേക്ക്
കൂപ്പുകുത്തിയ
മനസ്സിനെ
തിരികെ പിടിക്കാന്‍
ഒരു കവിള്‍ കൂടി.
ചില്ലുകോപ്പയിലപ്പോളും
തണുത്ത മഞ്ഞച്ചിരി.
ഉള്ളിലെടുത്ത്
ചൂടാവുന്നതിന്ന് മുമ്പൊന്ന്
തണുക്കണം.
ചിറി തുടച്ച്,
അകം പൊള്ളിനിറയണം
സമരജ്വാല.
ചുണ്ടില്‍
അഗ്നിയെരിഞ്ഞു ,
പുകച്ചുരുളിലൂടെ
മുന്നില്‍ തെളിയുന്ന
സ്ക്രീനില്‍ നീലനിറം
യാങ്കിപയ്യനും
ചൈനക്കാരി പ്പെണ്ണും
വര്‍ഗ്ഗസമരത്തിന്‍റെ
പായക്കപ്പലില്‍,
അടിയൊഴുക്കിനെ,
ചുഴികളെ,
കടല്‍ ചൊരുക്കിനെ ,
ഭേദിച്ച്,
ഉശിരന്‍പോരാട്ടം
സായിപ്പിന്റെ
സാമ്രാജ്യത്വത്തിന്ന്
മുകളില്‍ ചൈനക്കാരിയുടെ
സോഷ്യലിസത്തിന്റെ
പിടിമുറുകി.
അടിതെറ്റി, കടപുഴകി
മുതലാളിത്തം
നിലത്ത്, പാവം.!
എന്തിനോ തിളയ്ക്കുന്ന
ശബ്ദത്തില്‍
കിടക്കയില്‍നിന്നും
മറുപാതിയുടെ ആത്മഗതം
"ഇന്നത്തെ ഹര്‍ത്താലും
സമ്പൂര്‍ണ്ണ വിജയം തന്നെ.
മുതലാളിത്തം
കടപുഴകിവീണു
ഇതൊന്നാഘോഷിയ്ക്കാതെ വയ്യ."

Monday, April 20, 2015

എന്റെ കവിതകള്‍ .



ഇന്നലെ പനി വന്നു ചത്ത
ചെക്കന്റെ മുഖത്ത്
ചെന്നീരുണങ്ങി കിടന്നതും,
തെരുവിലെ ചെറു ബാലികയുടെ
ഇടുപ്പെല്ലകലുന്ന
വേദനയുടെ രഹസ്യവും
മണിയനീച്ചകള്‍ പൊതിഞ്ഞ്
ഏതോ വയസ്സന്റെ ശവം വെറുതെ
വഴിയില്‍ കിടന്നതും.
ഇരുട്ടിന്‍ രാത്രികാലങ്ങളില്‍
വടിവാളുകള്‍ എന്തിനോ
തീപ്പൊരിയുതിര്‍ക്കുന്നതും
കുടലു കരിഞ്ഞ മുഖങ്ങളിലെ
നിഷ്കളങ്ക ദീനത
വയറിന്‍ വിശപ്പിന്റെ
നാനാത്വത്തിലെ ഏകതയും !!
അല്ല ,
ഒരിക്കലും അതൊന്നുമല്ലാ
എന്റെ കവിത.
പകരം,
ഞാനെന്ന വൈകൃതം
ആത്മഹര്‍ഷത്തിനായ്
കൈ വിരലിലൂടെ വെറുതെ
ചീറ്റിതെറിപ്പിച്ചൊഴുക്കി
പുറത്ത് വിടുന്ന വെറും
അക്ഷര തെറ്റുകള്‍ മാത്രം !!

Tuesday, April 7, 2015

ഇല്ലിക്കാടുകൾക്ക് പറയാനുള്ളത്.

ഇല്ലിക്കാടുകൾക്ക്  പറയാനുള്ളത്.

കലിയുഗാന്ത്യത്തിൽ
വീണ്ടും പ്രളയമെത്തി,
പണ്ടെന്നോ  വെട്ടും
കുത്തും കൊണ്ട്  ചത്ത
മത്തായി    ഇളിമ്പ്യൻ  ചിരിയുമായി  
   കബനീ  നദിയിൽ  നിന്നും
ആലിലയിൽ ഉയിർത്തെഴുനേറ്റു ,

മെല്ലെ പഴയ പുൽ‌പ്പള്ളിക്കാട്ടിൽ
മലയിടിച്ച്  പുതുതായി
നിർമ്മിച്ച  നക്ഷത്ര  ഹോട്ടലിൽ
ജനാധിപത്യത്തിന്റെ
മാർഗ്ഗം കളിയിലേക്ക്

അവിടെ,
ഈയിടെയായി    മാത്രം 
വാലു മുളച്ച  
കുറേ  കുരങ്ങന്മാർ
  മത്തായിയുടെ  അപദാനങ്ങൾ
ഉറക്കെ പാടുന്നുണ്ട് .

ഇനിയൊരിക്കലും
  ഒരു  ഉയിർത്തെഴുൽ‌പ്പിന്നു 
സാധ്യതയില്ലെന്നറിഞ്ഞിട്ടും
അധികം  ദൂരെയല്ലാതെ 
മറ്റൊരു  പുഴയിൽ
ഇപ്പോഴും  ഒരാത്മാവ്
ചുഴിയിൽ കിടന്ന്
   വെറുതെ കറങ്ങുന്നുണ്ട് .
വയറു  കീറി   പണ്ടാരോ
വലിച്ചെറിഞ്ഞത് !