Followers

Sunday, July 12, 2015

ദേവഭാഷണം



ഈ  അരൂപിയുടെ
ആത്മ  സൌന്ദര്യം
നിനക്ക്   കാണാനാവില്ല,
ഒരിക്കലും,

ഞാന്‍ ഭഗവാന്‍,  അരൂപി,
 നീ തീര്‍ത്ത് വെച്ച
ആര്‍ത്തിയുടെ  ദുരയുടെ
പ്രതീകങ്ങളുടെ  തടവുകാരന്‍,
 എന്നും നിന്റെ  അടിമ,
പഴകിയ   ചോരമണമുള്ള ,
ദ്രവിച്ച താളിയോലകളിലെ
ഇതിഹാസങ്ങളുടെ മറവില്‍
വീര പരിവേഷങ്ങളുടെ
ഉപമാലങ്കാരങ്ങളില്‍
 എന്നേ കുടിങ്ങിയവന്‍
സംവത്സരങ്ങളുടെ വന്ന്യമാം
   ഗൃഹാതുരതയിലേക്ക്
നിന്റെ  പോക്കിനും വാക്കിനും
മൌനാനുവാദം  തന്നവന്‍
മിഥ്യാവബോധത്തിന്റെ
ജഡമാം ദേവകണങ്ങള്‍
ഊള്ളം കയ്യിലൊതുക്കി 
നീയിങ്ങനെ  ഇരിക്കുമ്പോള്‍
എനിയ്ക്ക് ചിരിവരുന്നു
അടക്കാനാവാത്ത  ചിരി,
  ഒരിക്കലും തീരാത്ത
  വികല  സംശയത്താല്‍
ഭയക്കുന്നതും വെറുക്കുന്നതും ,
നീ സ്വയം  തന്നെയാണല്ലോ.
എന്നിട്ടും അറിവില്ലായ്മയുടെ
ആള്‍ രൂപങ്ങളായി
നീ വിലസി  വിളങ്ങുക
 അപ്പോളും, എപ്പോളും വിധി
എന്റെ  കയ്യിലെന്ന
വല്ലാത്തൊരുറപ്പില്‍
നിത്യ മൌനമായി
എന്റെയീ   ചിരിയും.

No comments:

Post a Comment