Followers

Sunday, July 19, 2015

അപകർഷത

അപകർഷത

എനിക്കും  അറിയാം 
ശാശ്ത്രീയമായി  വലിയൊരു
തെറ്റാണു ഞാനെന്ന്

ആവർത്തിച്ചാവർത്തിച്ചുള്ള
പരീക്ഷണ  നിരീക്ഷണങ്ങളുടെ
ഉള്ളുരുകിപ്പോകുന്ന
നിയന്ത്രിതാവസ്ഥയിൽ
പകച്ചും  വിയർത്തും
പലപ്പോളും ഉത്തരങ്ങൾ
മാറിയും മറിഞ്ഞും  പോകുന്ന
വെറുമൊരു  പച്ച  മനുഷ്യൻ




മനസ്സ് തീർക്കുന്ന 
മൃദുല മോഹങ്ങളുടെ
അപവർത്തന  സാധ്യതകളുടെ
മഴവിൽ കൂടാരങ്ങളിൽ
ചിലപ്പോളെങ്കിലും ഞാനും
മതിമറന്നു പോകാറുണ്ട്

നിലാവെളിച്ചത്തിന്റെ
വൃദ്ധിക്ഷയങ്ങളെ 
കണക്കിലെടുത്താവില്ല
വിഭ്രമങ്ങളുടെ  കയറ്റിറക്കങ്ങൾക്ക്
  പലപ്പോളും ശക്തികൂടുന്നതും

ഏതോ ആൽകെമിസ്റ്റിന്റെ
സ്വർണ്ണ സ്വപ്നം  പോലെ
  ദിന രാത്രങ്ങളുടെ
പരിശ്രമങ്ങൾക്കൊടുവിലും
തുരുമ്പെടുത്ത് പോയ  ജീവിതം 
ഇനിയൊരിക്കലും തിരിച്ച്
കിട്ടില്ലെന്ന  തിരിച്ചറിവുമുണ്ട്

അതുകൊണ്ടാവാം,
അതുകൊണ്ട് മാത്രമാവാം
 നിരന്തര സ്വയം
 ബോധ്യപ്പെടുത്തലുകളുടെ
ആത്മ  വിശ്വാസത്തിലും
  നിങ്ങൾക്ക്  മുന്നിൽ
എന്റെ  ശരികളുടെ
ശാസ്ത്രീയത   ഒരിക്കലും
ബോദ്ധ്യപ്പെടാത്തതും

No comments:

Post a Comment