Followers

Monday, December 23, 2013

കുരിശേ...



നിന്നെയും ചുമന്നീ
മലകയറി
ചോരവാർന്നിങ്ങനെ
കിടക്കുന്നതിനു മുമ്പേ
അറിയാമായിരുന്നു,

അവസാനം നീയും
എന്നെ പോലെ
എന്നെ പൂജിക്കുന്നവർക്ക്
ദിവ്യമാകുമെന്ന്.

എങ്കിലും നീയറിയുന്നുവോ
എന്നിലേക്കണയാനുള്ള
വഴിയായ് മാത്രമാണു
ഇന്നും നിന്നെ ലോകം
പൂജിക്കുന്നതെന്ന്.

ഇല്ല,

അറിവില്ലായ്മയുടെ
ഈ മരപലകയിലും
എന്റെ ചോരപാടുകൾ
വീഴ്ത്തി..

നീയെന്ന കുരിശിനെ
ഞാൻ കാലങ്ങാളോളം
ദിവ്യമാക്കിടാം.

Wednesday, December 11, 2013

നിയോഗം



ഗോപാലന്‍ മൂശാരി
ഒരു മൂശാരിയായിരുന്നു
ഇടയ്ക്ക് ആഞ്ഞു വലിയ്ക്കുന്ന
മുറി ബീഡിയ്ക്കും , പുകയ്ക്കും
ഇടയിലെ ജന്മ  നിയോഗം

ഒരു മരവിപ്പ് പൊലെ
 ശീല്‍ക്കാരമില്ലാതെ,
ഒരേ ഓടും  ചൂടും  ചേര്‍ത്ത്
പല  അളവുകളില്‍
  പല മൂശകളിലേക്ക്

 വടക്കേ മുറിയിലെ  ഇരുട്ടിലും,
ചില നേരങ്ങാളില്‍
അകാശത്തേക്ക് നോക്കി ചിരിച്ചും
 കുഞ്ഞീവിയുടെ സ്വര്‍ഗ്ഗം കണ്ടും
വലിയ  വായുള്ള  കോളാമ്പി,

  സ്വര്‍ണ്ണ  പൂ മൊട്ടുപോലെ
നടുവില്‍ കൂമ്പിയടഞ്ഞ
മെലിഞ്ഞ  നിലവിളക്ക് 
രേവതിക്കുട്ടിയുടെ നെഞ്ചിടിപ്പിന്‍
  താളവും പേറി ദിവസ്സവും
സന്ധ്യയ്ക്ക് പൂമുഖത്തെയ്ക്ക്,

രാമേട്ടന്റെ  ദിനചര്യയുടെ
ഭാഗമായ  വാല്‍ കിണ്ടി
വാരസ്യാരുടെ കണ്ണുനീരും
പ്രാര്‍ത്ഥനയുമായി ഓട്ടുരുളി,


പല  രൂപങ്ങളായി
കൈമറിഞ്ഞ് കര്‍മ്മം തുടരാന്‍
ദ്വാരം വീണും,നിറം മങ്ങി
പഴകി നശിച്ചും വീണ്ടും

  മൂശാരിയുടെ അടുത്തേയ്ക്ക്..

 ഭാവവ്യത്യാസമില്ലാത്ത
മൂശാരിയുടെ നിര്‍വ്വികാരത
നേര്‍ത്തൊരു പുഞ്ചിരിയുമായി
അപ്പോളും വിശ്വകര്‍മ്മാവും.

Saturday, December 7, 2013

ജാലകം

ജാലകം

സുന്ദരിപ്പെണ്ണേ
ഇഷ്ടപ്പെട്ട  നിനക്കു  മുന്നില്‍
കഷ്ടപ്പെട്ടു നേടിയ
യൂസര്‍  നെയിമുമായി
ഞാനിങ്ങനെ  എത്ര  നേരം

നഷ്ടപ്പെട്ട പാസ്സ് വേഡ്
നിന്നിലേക്ക്  കയറാന്‍
കാത്തിരിക്കും

ഒരു വൈറസ്സായി
നിന്നെ  അതിക്രമിക്കാനല്ലാ
ഇപ്പോളും  നിന്റെ
  ഹാര്‍ഡ്  ഡിസ്കില്‍
എന്റെ  സോഫ്റ്റ് വെയര്‍
തന്നെ   ആണോന്നറിയാന്‍
വേണ്ടി മാത്രം...

സ്വയം വിമര്‍ശനം

ആഗോള താപനഭീതിയില്‍
മുഴുകിയ മനസ്സ് പെട്ടന്ന് വംശീയ
രാഷ്ട്രീയകോലാഹലങ്ങളില്‍ പെട്ടുഴറി
കിടുംങ്ങി തലയിലോരായിരമഗ്നിപര്‍വ്വതം
പൊട്ടിചീറ്റി ലാവ ചെവിയിലൂടെ
പുറത്ത് വന്നപ്പോള്‍ കോന്തല തലപ്പു
കൊണ്ടത് തുടച്ച് ശല്യം ചെയ്തതിനാണ്
ഇന്നലെ ഞാനമ്മയെ തല്ലിയത്.

കുമ്പസാരം

കുമ്പസാരം

കണ്ണുനീർ  മാത്രം കുടിച്ചോരെന്നമ്മയ്ക്ക്
കണ്ണുനീർ  പിന്നെയും നൽകി
ഇച്ഛിച്ചതെല്ലാമൊരുക്കിയോരച്ഛന്നു
തുച്ഛമാം  സ്നേഹവും  നൽകി .
കഷ്ടപ്പെടാതെ  ഞാൻ  പോറ്റുന്നു മക്കളെ
അഷ്ടിക്ക്   പഞ്ഞമില്ലാതെ
മോഹപ്രതീക്ഷകൾ വെച്ചൂ  പുലർത്തുന്നു
ശിഷ്ടകാലം   സുഖിച്ചീടാൻ
എന്തുണ്ട് യോഗ്യതയെന്നോർത്ത് പോവുകിൽ
എൻ മനം  മെല്ലെ  പിടയ്ക്കും
എൻ  മനം മെല്ലെ  പിടയ്ക്കും .









Wednesday, October 16, 2013

ഞാനുമത് കണ്ടിരുന്നു.

ഞാനുമത്  കണ്ടിരുന്നു.


ഞാനുമത്  കണ്ടിരുന്നു ,
ആകാശ  ചരിവിലൂടെ
പൊടി പറത്തി  വരുന്ന
ടിപ്പർ  ലോറികളുടെ
നീണ്ട  നിര  !!

അവസാനത്തെ  പാറത്തരിയും
  തൂത്തുവാരിയാർത്ത്  ചിരിച്ച് 
അനന്ത ശൂന്യതയിലൊരു 
മഹാ  ശൂന്യത നിർമ്മിച്ച് 
ഈ  നവഗ്രഹങ്ങളോരോന്നും
നമുക്ക്  മാത്രം സ്വന്തമെന്ന്
അവരാക്രോശിച്ചുകൊണ്ടിരുന്നു !

“നോക്കൂ, ചന്ദ്രനില്ലിനി
ഇല്ല  നമുക്കവന്റെ
ഗ്രഹണ  ദോഷവും,   നിലാവിൻ
കാപട്യവും  പ്രിയ കൂട്ടരേ
തീർത്തൂ ഞങ്ങളവനെ
നിങ്ങളെ  സഹായിപ്പാൻ “

 ദുരയുടെ  കണ്ണാൽ
ചൊവ്വയെ  നോക്കി
 വില്ലൻ ചിറി കോട്ടി
അവർ പിന്നെയും
അശ്ല്ലില  ചിരി ചിരിയ്ക്കേ
ആകാശം മിന്നൽ പിണർ  കാട്ടി
ഇടി വെട്ടി മുരണ്ട് 
കൊടുങ്കാറ്റടിച്ച് വിറച്ച്
കോപമറിയിച്ച് കൊണ്ടിരുന്നു

അപ്പോളാണു 
അടിവസ്ത്രം  പോലും
കീറി മാറ്റിയപമാനിക്കപ്പെട്ട
 ശാസ്ത്രം മോഹാലസ്യ
  വിമുക്തയായി  എഴുനേറ്റതും.


ഞെട്ടിത്തരിച്ച്  നിന്ന
ജനങ്ങൾക്കിടയിൽ നിന്നും
എന്നെ  കൂട്ടുപിടിച്ചവർ
നിങ്ങളെ  ചതിച്ചെന്ന്
അവളും  കരയുന്നുണ്ടായിരുന്നു,

പിന്നെ  മെല്ലെയവൾ 
  ജനങ്ങളോട്  ചേർന്ന്
അവരിലൊരാളായി
ജനസഞ്ചയത്തിൽ  ലയിച്ചു,
കയ്യിൽ കിട്ടിയ  വടിവാളും
കല്ലും പന്തവും കുന്തവുമായി
ജനങ്ങളവളോടൊപ്പം നിന്നു,
അവർ  വീണ്ടും  വരുന്നതും കാത്ത്

Tuesday, October 15, 2013

ഞാൻ മാത്രം കേൾക്കുന്നത്

ഞാൻ മാത്രം കേൾക്കുന്നത്

ഇനിയുമാരാവും വരിക
ചുണ്ണാമ്പ് ചോദിച്ചും
വെളുക്കെ ചിരിച്ചും

അങ്ങ് ദൂരെ
മോഹങ്ങളുടെ താഴ് വരയിൽ,
മുടിയഴിച്ച് ,തുണിയഴിച്ച്
നീണ്ടു നിവർന്ന
കരിമ്പന ചുവട്ടിൽ
പുഴുവരിച്ച
മാംസാക്ഷരങ്ങളും
ചിതറിയ മുടിയും
എല്ലും നഖവും
ഇപ്പോളും ബാക്കിയുണ്ട് .

മറ്റൊരിടത്ത് ,
പാല മരത്തിൽ
തല കീഴായി
തൂങ്ങി കിടക്കുന്ന
വവ്വാലുകളുടെ
പ്രണയദർശനവും,

എവിടെയോ
കാറ്റിന്റെ ചൂളം വിളിയിൽ
പ്രണയാക്ഷരങ്ങളുടെ
പരിഹാസ ചിരിയിൽ
ചോര വാർന്ന
ഏതോ ഹൃദയം
വിങ്ങി കരയുന്നുമുണ്ട്