Followers

Saturday, July 20, 2013

ചിറകടികള്‍...



ചാരങ്ങളില്‍  നിന്നും
ചിറകടിച്ച് വീശി
ഉയിര്‍ത്തെഴുനേല്‍ക്കുന്ന
ഒരു  പക്ഷിയുണ്ടത്രേ

അതിമോഹങ്ങളുടെ
ആവര്‍ത്തനങ്ങളില്‍

ആരൊ കെട്ടിപടുത്ത 
പെരും നുണയാണത്


ചുണ്ട്  വക്രിച്ച് നിറമില്ലാ
കാഴ്ചകളിലേക്ക്  നോക്കി
എനിയ്ക്കത്  കേള്‍ക്കുമ്പോള്‍
ചിരിയാണു വരുന്നത്

ഇല്ലാ,  നമ്മളെ  രക്ഷിക്കാന്‍ 
 ആരും വന്നിരുന്നില്ല
നമ്മളില്‍  നിന്ന്  പോലും
ആരുമിനി  വരാനില്ല.

ഉയിരിന്‍ പോരാട്ടമാണിത്
ഉയിര്‍ത്തെഴുനേല്‍പ്പ്
കഥകള്‍ക്ക്  ഇനിയും
അന്ത്യകൂദാശ  ചൊല്ലാം

Monday, July 15, 2013

വാഴേ..!!

വാഴേ..!!

വല്ലപ്പോളും എനിയ്ക്കും
ചമ്രം പടിഞ്ഞിരുന്നു
ചുടുചോര്‍ വിളമ്പി
കഴിക്കാന്‍ ഒരു നാക്കില,

മെഴുക്കു പുരട്ടി മെല്ലെ
ഇളക്കി എടുത്ത്
കഞ്ഞിയ്ക്ക് കൂട്ടാന്‍
ഒരു പടല പച്ചക്കായ,

തെളിഞ ചിരിപോല്‍
മക്കള്‍ക്ക് കൊടുക്കാന്‍
ആത്മസമര്‍പ്പണത്തിന്റെ
മധുരം നിറഞ്ഞ കുറച്ച് പഴം,

കൊതിച്ചതാണിതെല്ലാം,
എങ്കിലും എന്റെ വാഴേ,
അവസാനം ഇങ്ങനെ
മൂന്നാലു വാഴക്കന്നുകളും തന്ന്,
പാളികള്‍ പൊളിച്ചെടുത്ത്
ഉള്ളിലെ വെളുത്ത കാമ്പും
എന്നെക്കൊണ്ട് കഴിപ്പിച്ചല്ലോ.

Tuesday, July 2, 2013

ഞാനിപ്പോളും....

ഞാനിപ്പോളും....

ഇല്ല, ഒന്നും  മറന്നിട്ടില്ല
ഞാൻ പോലുമറിയാതെ
ഓരോ  പദചലനത്തിലും
മിഴിയനക്കത്തിലും,
നീയെൻ  മനസ്സിൽ
സ്നേഹ  ചിത്രങ്ങൾ
വരയ്ക്കവേ, മോഹത്തിൻ
നഷ്ട  സ്വപ്നങ്ങൾ  രചിക്കവേ
ഒന്നും മറന്നിട്ടില്ല ഞാൻ .

ശരത്കാല  സന്ധ്യകൾ
കുങ്കുമം ചാർത്തിയ
തുടുത്ത കവിൾത്തടം,
എനിക്കായ്   മാത്രം 
തിളങ്ങിയ  നാൾകളും

മഞ്ഞു മലകളുടെ
താഴ്വാരങ്ങളിൽ
മുട്ടിയുരുമ്മിയിരുന്നപ്പോൾ
  നീയെനിക്കേകിയ
സ്നേഹ  ചുംബനങ്ങളും

ചുടു നിശ്വാസങ്ങളിൽ
ഹിമ  കണം പോലെ
ഉരുകിയ  പരിഭവങ്ങളും

ഇറുകെ  പുണർന്ന്
  കെട്ടി മറുയുമ്പോൾ 
നാണിച്ച്  തല 
താഴ്ത്തിയ  കറുകപ്പുല്ലുകളും

ഒന്നും  മറന്നിട്ടില്ല,
നോക്കൂ , ഞാനിപ്പോളും
നിന്റെ ജ്യാമിതീയ 
രൂപ ഭാവങ്ങളുടെ
ക്ഷേത്ര  ഗണിതത്തിലും.

എന്നിട്ടും, സഖീ
 ഉടലളവുകളുടെ 
ത്രിമാനതയ്ക്കുമപ്പുറം
നിന്റെ സൂക്ഷ്മ  സ്ഥൂല
മനസ്സിൻ  പ്രപഞ്ചത്തിൽ
ഞാനില്ലാതെ  പോയെന്നോ ?
  അറിയാതെ  പോയെന്നോ  
നീയെൻ  മനസ്സിനെ ?





Saturday, June 29, 2013

എന്റെ പൂവേ...!

 എന്റെ  പൂവേ...!

കൊഴുപ്പില്ലായ്മയാൽ
 മുഴുത്ത എത്രയോ
വിദഗ്ദ സാക്ഷ്യപത്രങ്ങൾ
കണ്ട്  മോഹിച്ചാണു
ദിവസവും   നിന്നെ
താലോലിച്ചാട്ടി
സ്നേഹപാനം നടത്തുന്നത്
ഒടുവിൽ നീയും
 എന്നെ വഞ്ചിക്കുമോ
എന്റെ  സൂര്യകാന്തിപ്പൂവേ

Friday, June 14, 2013

മാങ്ങാ പഴുപ്പിക്കുമ്പോൾ

മാങ്ങാ  പഴുപ്പിക്കുമ്പോൾ

അവരൊരുമിച്ചായിരുന്നു
മാങ്ങ  പഴുപ്പിക്കാൻ വെച്ചത്
ബൂർഷ്വാ   പരിഷ്കരണ  വാദിയും
പുരോഗമന  വാദിയും!!

മൂത്തു വിളഞ്ഞ   മാങ്ങ 
ചാക്കിൽ  കെട്ടി
പുഞ്ചിരി  തൂകി
ബൂർഷ്വാ  പരിഷ്കരണവാദി,

കാണാൻ  വലുതെങ്കിലും
ഇളയ  മാങ്ങകൾ  ചാക്കിലാക്കി
ആത്മ  വിശ്വാസത്തോടെ
പുരോഗമനവാദിയും ,

മൂവാണ്ടൻ  മാവിന്റെ 
ഗുണ  ഗണങ്ങളും,
മാമ്പഴ  പുളിശ്ശേരിയുടെ
  ഓർമ്മകളും പങ്കു വെച്ച് 
ബൂർഷ്വാ  പരിഷ്കരണ  വാദി,

നാട്ടുമാവിന്റെ  നന്മയും
മാവിലയുടെ  ഔഷധ  ഗുണങ്ങളും
   വർണ്ണിച്ച്  പുരോഗമന  വാദിയും ,
 
ഞാനാണു  പുരോഗമന  വാദിയെന്ന് 
ബൂർഷാ  പരിഷ്കരണ  വാദിയും
നീയാണു  ബൂർഷാ  പരിഷ്കരണ വാദിയെന്ന്
പുരോഗമനവാദിയും    തർക്കിച്ച് 
കൊടുമ്പിരിക്കൊള്ളുന്നതിനിടയിൽ
ആ  ദിവസം  വന്നണഞ്ഞു

രണ്ടാളും ചാക്കഴിച്ചു നോക്കി
അഴുകിയ  മാങ്ങകൾ
അവരെ  നോക്കി  കരഞ്ഞു. 
നീയിപ്പോൾ ഞാനാണെന്നും,   
 ഞാനിപ്പോൾ  നീയാണെന്നും 
ചർച്ചകൾ  വീണ്ടും പുരോഗമിക്കവേ  ,
വൈരുദ്ധ്യാത്മക  ഭൌതിക  വാദം
വായിച്ച് പണ്ടേ  ചിരിച്ച്  മണ്ണു കപ്പിയ
നാണ്വാർ  അത് കണ്ട്  
വീണ്ടും ചിരിച്ച് മരിച്ചു

Friday, May 31, 2013

അവസ്ഥാന്തരങ്ങൾ !!

അവസ്ഥാന്തരങ്ങൾ   !!

ദ്രവിച്ച   ഡയറിത്താളുകളിലും
നിറം മങ്ങിയ ചില്ലലമാരയിൽ 
പലപ്പോളായി  ചുരുട്ടികൂട്ടിയിട്ട
മഷി പടർന്ന കടലാസിലും
അവളുടെ  കണ്ണുകൾ
പരിഭ്രാന്തിയോടെ  പരതി നടന്നു


ഒടുവിൽ , ആർത്തവ  രക്തം 
ചാലിച്ച ആർജ്ജവത്തിന്റെ 
അക്ഷരകൂട്ടങ്ങളും,

ശിശിര  രാവിന്റെ  കുളിരിൽ
പാഴ്മുളം  തണ്ടിൽ കാറ്റ്
മുരളിയൂതുന്നതോർത്ത്
കൊതിച്ച  താഴ്വാരങ്ങളും,

കരിമ്പാറക്കെട്ടുകൾക്കിടയിൽ
കിനിഞ്ഞ നീരുറവകളുടെ
മോഹഭംഗ നെടുവീർപ്പുകളും,

ഉൾപ്പുളകങ്ങളുടെ വഴുവഴുപ്പിൽ
എവിടെയെല്ലാമോ  കൊണ്ട് കയറുന്ന
മെലിഞ്ഞ് നീണ്ട  വിരലുകളും,

കിടക്കവിരിയിലെ   നനവായി
ഇരുട്ടിൽ കരഞ്ഞൊടുങ്ങിയ
ഉപ്പുരസമുള്ള   വിയർപ്പിന്റെ
  ദാമ്പത്യ  കലഹവും ,

എല്ലാം  പെറുക്കികൂട്ടി
കടലാസു  തുണ്ടുകളാക്കി
 നെഞ്ചോട്  ചേർത്ത്
അവൾ പുറത്തേക്കോടി.

നിറം  മങ്ങിയ  ശംഖ്  മാലയ്ക്കും
  തിളക്കം നഷ്ടമായ കല്ലു  കമ്മലിനും
പഴയ  കോട്ടൺ  സാരിക്കുമൊപ്പം
 കായലിലേക്ക് വലിച്ചെറിഞ്ഞ്
മനസ്സിൽ മന്ത്രിച്ചു  ,വേണ്ട,  
ഒന്നും മകൾ  വായിക്കരുത് !

അപ്പോൾ  ആകാശം
പെട്ടന്ന്  മേഘാവൃതമായി
മനസ്സിലെ  കൊടുങ്കാറ്റിനൊപ്പം
  കോരിച്ചൊരിയുന്ന   മഴയിൽ
നനഞ്ഞ് കുതിർന്ന് കുളീർന്ന്
വീട്ടിലേക്ക് നടക്കുന്നതിനിടയിൽ
  മനസ്സ് മെല്ലെ  വിതുമ്പി ,

ഈ മഴയാണു  സത്യം,
ഈ  കുളിരാണു  സത്യം,
ഈ പ്രകൃതിയാണു  സത്യം,
അക്ഷരങ്ങളാൽ  പെരുന്നുണയുടെ 
ചുഴലിക്കാറ്റ്   തീർത്ത് 
ചൂളം വിളിച്ച  ഞാൻ
വെറുമൊരു പെരുങ്കള്ളീ...!

Thursday, May 30, 2013

സ്നേഹപൂര്‍വ്വം ...

ഇപ്പോള്‍ എനിയ്ക്ക്  ഉറപ്പുണ്ട്
എന്റെ സ്വപ്നങ്ങളെല്ലാം
സഫലമാകുമെന്ന്,

  രാം രാജ്  ബനിയനും
അണ്ടര്‍ വെയറും
ഞാനും ധരിച്ചിട്ടുണ്ടല്ലോ,

മൂന്നാര്‍  കാറ്ററിംഗ് 
കോളേജില്‍ പഠിച്ചതിനാല്‍
ജോലിയും ഉറപ്പ്,

ഇന്നലെ  തന്നെ
സുഖകര   ദാമ്പത്യത്തിനു
കുറച്ച് ഹൃദയാമൃതവും
വാങ്ങിയിട്ടുണ്ട്,

എന്നിട്ടും നീ
  എന്റടുത്തേക്ക് വരാൻ
എന്താണു  മടിക്കുന്നത്