Followers

Tuesday, October 30, 2012

ജന്മദിനം..

ജന്മദിനം..

വിശാഖം  നക്ഷത്രത്തില്‍
ശിവനൊരു  കൂവള  മാല
കുപ്പിയില്‍ നൂറെണ്ണയും
ശാന്തിക്കാരനു എട്ടണയും

 ചന്ദ്രികാ  സോപ്പ് തേച്ച്
കുളിച്ച  അഹങ്കാരത്തില്‍
ക്ലാസിലെ  പിള്ളാര്‍ക്കും
മാഷന്മാര്‍ക്കും  പാരീസു  മിഠായി

വൈകീട്ട്  ഉണക്കലരിയില്‍
അമ്മയുടെ  സ്നേഹം  ചേര്‍ത്ത്
ശര്‍ക്കര  പായസം

ഇരുപത്തേഴു  നക്ഷത്രങ്ങളും
അനേകം  ഗ്രഹങ്ങളും

പന്ത്രണ്ട്  ഭാഗമായി  തിരിച്ച
രാശിചക്രഫലകത്തിലെ
എന്റെ  ചെറു ലോകം

ഇന്നിപ്പോള്‍ മാറിയ
ഭാവിവര്‍ത്തമാനങ്ങളും
ഒപ്പം മറന്നു പോകുന്ന
എന്റെ ജന്മനക്ഷത്രവും

ഇടയ്ക്കിടെ നീട്ടിയുള്ള 
നിലവിളികള്‍ക്കിടയിലും
ജീവിതം  കട്ടിലിലേക്ക്
ഒതുങ്ങിയ അമ്മയെല്ലാം
ഓര്‍ക്കുന്നുണ്ടാവും





Wednesday, October 10, 2012

ആങ്ങള..


ആങ്ങള..

കുറേ  മുലകളും ചന്തികളും
  ആ  വഴി കടന്നു പോയി
ഒരു ഉത്തരാധുനിക
  കവിതയിലെന്ന പോലെ

പല  വേഗത്തില്‍
പല  താളത്തില്‍ 
ഒട്ടും   പരിചയമില്ല
എനിക്കൊന്നിനെയും

ചിലതെന്നെ  നോക്കി
ചുമ്മാ മുഖം വീര്‍പ്പിച്ചു,
ചിലത്  കൂര്‍പ്പിച്ചു,
ഞാനെല്ലവരെയും 
ആദരവോടെ നോക്കി
മനസ്സില്‍ ചിരിച്ചു

 ഇന്നും അനിയത്തി
ബസ്സീറങ്ങി വരാന്‍
സമയം ബാക്കിയുണ്ട്
  വല്ലാത്ത സ്ഥലമാ,
നിറയെ  പെങ്കോന്തന്മാരും.

അവളെ   സുരക്ഷിതയായി
വീട്ടില്‍ എത്തിക്കണം,
അതുവരെ  ഇവിടെ
കാത്തിരിക്കുക  തന്നെ.

Tuesday, October 9, 2012

ജനിതകം.



അതെ, അതുതന്നെയാണു
ഞാനും പറയുന്നത്,
ചില്ലകളില്‍ ചോരപുരണ്ട്
കണ്ണു തുറിച്ച ഒലീവ് മരങ്ങള്‍,
ഗോതമ്പു വയലുകളിലേക്ക്
ആളിപ്പടരുന്ന തീ ജ്വാലകള്‍,
മഞ്ഞുരുകിയപ്പോള്‍ പൊന്തിവന്ന്
ഉടലിനെ നോക്കി ഉച്ചത്തില്‍
പല്ലിളിക്കുന്ന തലയോട്ടികള്‍,
കല്‍ക്കരി പാടങ്ങളിലെവിടെയോ
പാതിവെന്തൊരു പെണ്ണിന്റെ കാല്‍,

നിങ്ങളും കേൾക്കുന്നില്ലേ,
അതിരുകളില്ലാത്ത ആസക്തിയുടെ
ആർത്തിയുടെ ആഗോള സാധ്യതകളുടെ
മോഹവിലയില്‍ കുത്തിനിര്‍ത്തിയ
ഗോപുരങ്ങള്‍ ചീട്ടുകൊട്ടാരമായി
കൂപ്പുകുത്തുമ്പോൾ ,
തെരുവുകളിൽ എവിടെയെല്ലാമോ
ആരോ പിറുപിറുക്കുന്നു.
“ അവന്‍ പറഞ്ഞതത്രയും ശരിയായിരുന്നു ”

വരൂ,
വരണ്ടുണങ്ങിയ പാടങ്ങളില്‍
ഉഴുതുമറിച്ച് കാലാന്തരത്തില്‍
കൈമോശം വന്ന ജനിതക വിത്തില്‍
“നമുക്കായ് നാം തന്നെ“ സംഭരിച്ച
ചപ്പുചവറുകളെല്ലാം വളം ചേര്‍ത്ത്
പുതിയ കതിരുകള്‍ കാത്തിരിക്കാം.
വെള്ളരിപ്രാവുകള്‍ അവയ്ക്ക് കൂട്ടിരിക്കട്ടേ .
മേഘക്കീറുകള്‍ക്കിടയിലൂടെ എല്ലാം കണ്ട്
ജൂതന്റെ വെളുത്ത താടിയും കറുത്ത കോട്ടും
താഴേക്ക് നോക്കി ഊറിച്ചിരിക്കട്ടേ,
ഒരു ജനിതക വിത്താണു വേണ്ടതും.
അതുതന്നെയാണു ഞാനും പറയുന്നതും.

Monday, October 8, 2012

നേരമ്പോക്കുകള്‍.



ഇഹലോക ജനനം
ചില നേരമ്പോക്കുകളുടെ
നൈമിഷികമായ വെറും
തുറിച്ച് നോക്കലുകള്‍ മാത്രം

മരണം ! ഭയക്കേണ്ട,
പവിത്രമാം ജീവന്റെ
അഭൌമമായ ഒരു തരം
അകാര്‍ബണിക രൂപം

നിങ്ങള്‍ക്ക്
ബോറടിക്കുന്നെങ്കില്‍ തത്ക്കാലം
തത്വ ചിന്തകള്‍ മാറ്റിവെയ്ക്കാം
ചില തമാശ പറഞ്ഞു ചിരിയ്ക്കാം
ചുമ്മാ കേട്ട് പൊട്ടിച്ചിരിയ്ക്കാം

വിശപ്പ്
അത് ഞാനറിഞ്ഞത്
നിങ്ങളറിയാത്തത്
നമ്മളിന്നോര്‍ക്കാത്തതും.

പട്ടിണി,
മലദൈവങ്ങളുടെ കണ്ണുനീര്‍
പുകയാത്ത അടുപ്പ്
ചിരുതയുടെ തേങ്ങല്‍
കര്‍ഷകന്റെ നീറല്‍

Sunday, October 7, 2012

വരയും കുറിയും

വരയും  കുറിയും

വരച്ചും എഴുതിയും
ഞാന്‍ ജീവിതം
പഠിയ്ക്കുകയാണു
കാലം  കുറുകെ  കടക്കാന്‍
എനിക്കു കിട്ടിയ
 ഈ വെള്ള  കടലാസ്സില്‍

ആദ്യമല്പം  വരയാവം
പല  ചായകൂട്ടുകള്‍
 ബ്രഷില്‍ മുക്കി
അതി വിസ്മയങ്ങളുടെ
അപനിര്‍മ്മാണം
ജീവന്റെ  നേര്‍ക്കാഴ്ചകള്‍,

  പിന്നെ ഏതെല്ലാമോ
പ്രാകൃത ഭാഷയില്‍
ഇതുവരെ  എഴുതിയ
 ജീവിത  വരികള്‍,


വിശദീകരണങ്ങളുടെ
ഭാഗം  ആണിനിയുള്ളത്
അനന്തമായ വിവര്‍ത്തന
  സാധ്യതയുടെ   അപാരതയില്‍
വിമര്‍ശനത്തിനും മറുപടി

ഇനി  കടലാസിന്റെ 
അവസാന  കോളം
സ്ഥലം കുറവാണവിടെ
എങ്കിലും അവിടെയാണു
ജീവിതം ന്യായീകരിച്ച് 
ജയം ഉറപ്പിച്ച്
കടലാസ്  തിരികെ
കൊടുക്കേണ്ടതും

എന്റെ കുഞു കവിതകൾ


ചതിയുടെ  വെങ്കലം
എനിയ്ക്ക്
ആദ്യരണ്ടും നിങ്ങള്‍ക്കും

**********************************
അവന്‍  ക്ലാസില്‍  തോറ്റു
എങ്കിലും
അവള്‍ വീട്ടില്‍ പെറ്റു

************************************

 ഉപ്പ്
----------------
ഇത്രയൊക്കെ
വെള്ളം കുടിപ്പിച്ചിട്ടും
എന്തായിരിക്കും
ഉപ്പിനിങ്ങനെ
വിലകൂടുന്നത്...


മോഹം
----------------
ആശയും മോഹവും
ആറ്റികുറുക്കി ഉരുക്കി
എത്ര കാലം നീയിങ്ങനെ
പഴന്തുണിക്കെട്ടുകൾ
ആരും കാണാതെ
വടക്കേ പറമ്പിലേക്ക്
വലിച്ചെറിയും,
വരൂ,
നിനക്കു ഞാനെന്റെ
ബീജങ്ങൾ തരാം
എന്റെ കവിത കുഞുങ്ങളുടെ
അമ്മയാവാൻ.

കാത്തിരിപ്പ്




നീരുണങ്ങി വരണ്ട
ഭൂമിയില്‍ തെളിനീരുപോല്‍
മഴ പെയ്യുമോ

തേരിലേറി വരേണ്ട
കരിമുകില്‍ മാലകള്‍
പല കോണിലായ്

ഘോരശബ്ദമുതിര്‍ത്ത്
പൊന്‍ പ്രഭ തൂകി
മിന്നിയത് മിന്നലായ്

മോഹമേകി മറയുന്ന
നിറ തരുണിപോലത്
മാഞു പോയ്

പെയ്തതില്ല മഴയിന്നു
രാവിലും മമ മോഹമാകെ
മരിച്ച പോല്‍

രുധിര ബിന്ദു വരണ്ടു
വറ്റിയ പാടിലെ
ചെറു നീറ്റല്‍ പോല്‍

ചോര ചിന്തിയ വഴിയിലെ
കറ മായ്ക്കുവാന്‍ മഴ ഖിന്നയോ
നീളമുള്ള വടിവാളിനാല്‍
തടി വെട്ടി വീഴ്ത്തിയവരോടവേ
കേമമുള്ള തടി വേരിലും
മുള പൊട്ടുമെന്നു മറന്നുവോ

ചാരമായ ചെറു മോഹമല്ലിത്
ധീരമായൊരു മൃത്യുവേ
ശങ്കവേണ്ടയിത് കേള്‍ക്ക നിങ്ങളും
സത്യമെന്നുമമരത്വമായ്
ചാലുകീറി മല വെള്ളമായുരുള്‍
പൊട്ടി വര്‍ഷമത് വന്നിടും

കുത്തൊഴുക്കിലൊലിച്ച്
പോകുമസത്യമാസുര ജല്പനം
അന്നു ഭൂമി തണുത്തിടും
ശുഭ ലോകനീതി വിജയിച്ചിടും