Followers

Monday, November 10, 2014

നാഗങ്ങൾ സാക്ഷി !!

നാഗങ്ങൾ  സാക്ഷി  !!

ഒട്ടും  പ്രതീക്ഷിക്കാതെ  വന്ന  മഴയയായിരുന്നു,    തൊട്ടടുത്ത്  കണ്ട  സർപ്പക്കാവിലേക്കോടിയെത്തിയപ്പോളേക്കും അവർ  ആകെ  നനഞ്ഞു കുതിർന്നിരുന്നു..രണ്ടും പേരും ഒരു  വലിയ  മരത്തിനു കീഴിലേക്ക്  ഒതുങ്ങി നിന്നു ,  ശക്തമായ  കാറ്റിൽ   മഴത്തുള്ളികൾ  വീണ്ടും അവരുടെ മേൽ   വീശിയടിച്ചപ്പോൾ  തണുത്ത്  വിറച്ച  അവർ  ഒരല്പം  കൂടെ ചേർന്നു നിന്നു, മഴ  നിൽക്കുന്ന  ലക്ഷണമില്ല,  നേരം  ഇരുണ്ട് വരികയാണു,  അവളുടെ  ഉള്ളിൽ എന്തെന്നറിയാത്ത  ഒരു  പരിഭ്രമം  വരാൻ  തുടങ്ങി, കാറ്റ്  ഒന്നുകൂടെ ആഞ്ഞ് വീശി...പെട്ടന്ന്  അവൻ  അവളുടെ നേരെ  തിരിഞ്ഞു നിന്നു,   ഇരു ചുമലിലിലും  കൈവെച്ചു,  അപ്പോൾ അവളുടെ  അധരങ്ങളിൽ മെല്ലെയൊരു വിറയൽ  പടർന്നു..അവളോട്  അല്പം കൂടെ ചേർന്ന്  നിന്ന്  അവൻ  വിതുമ്പിക്കൊണ്ട്  അത് ചോദിച്ചു. അത്  കേട്ട  അവൾ  പരിഭ്രമിച്ചു.  ചേട്ടാ...ഞാൻ..ഞാൻ..എനിക്കതൊന്നും  പരിചയം  ഇല്ലാ..പ്ലീസ്,  അവൻ  വിടുന്ന  ലക്ഷണം  ഇല്ലായിരുന്നു...  മായാ   പ്ലീസ്   എനിയ്ക്ക്  പിടിച്ച് നിൽക്കാനാവുന്നില്ലാ, ഈ ഒരു  തവണ  മാത്രം..പ്ലീസ്..അവൻ   കേഴുകയായിരുന്നു..അവൾ  ഒരു  പാവയെ  പോലെ അനങ്ങാതെ  തരിച്ചു നിന്നു, അത്തരമൊരവസ്ഥയിൽ അവനെ  അവളും  ആദ്യമായി കാണുകയായിരുന്നല്ലോ..എന്തു ചെയ്യണമെന്നറിയാതെ  അവൾ  കുഴങ്ങി. അവസാനം അവന്റെ  ക്ഷമ  കെട്ട  ഒരു  അഭിഷപ്ത  നിമിഷത്തിൽ അവൻ ഉറക്കെ  അലറി...  ഗത്യന്തരമില്ലാതെ ഇനിയും അവനെ  അനുസരിക്കയല്ലാതെ   മാർഗ്ഗമില്ലെന്ന് മനസ്സിലാക്കിയ  അവൾ  മെല്ലെ  അവനിലേക്ക്  ഒന്നുകൂടെ  ചേർന്നു നിന്നു...അവന്റെ  ഉച്ച്വാസ  വായു  അപ്പോൾ  അവളുടെ മുഖത്ത്  തട്ടുന്നുണ്ടായിരുന്നു..അവൾ സർവ്വ  ശക്തിയും  എടുത്ത്  അവന്റെ  കണ്ണിലേക്ക്  ആഞ്ഞ്  ഊതി...ഒന്നല്ല  മൂന്ന്  തവണ... “എന്റമ്മേ  കണ്ണീലൊരു  പൊടി  പോയാൽ പോലും  ഒന്നൂതിത്തരാൻ ഇത്ര  കെഞ്ചണോ  ന്റെ   നാഗത്താന്മാരേ “ വല്ലാത്തൊരാശ്വാസത്തോടെ  അവൻ  ചിരിച്ചു,.എല്ലാം കണ്ട്  നാഗത്താന്മാർ  തരിച്ചു നിന്നു.അപ്പോളേക്കും മഴ  ശമിച്ചിരുന്നു..അവർ  അവരവരുടെ വീട്ടിലേക്ക് പോയി.

Tuesday, November 4, 2014

ഗണിതം....!!



ഇത്രയൊക്കെ വക്രതയുണ്ടായിട്ടും
ഒരു വൃത്തം പോലും
വൃത്തിയായി ഇനിയും
വരയ്ക്കാനാവാത്തതെന്താവും ?

നേരെ വാ നേരെ പോ  എന്നു
പറഞു കൊണ്ടിരുന്നിട്ടും
എന്തേ ഒരു നേര്‍ വരപോലും
തികച്ച് വരയ്ക്കുവാനാവാത്തത് ?

എല്ലാ വശങ്ങളുമറിഞിട്ടും
നാലുവരകള്‍ കൊണ്ട്
സമാന്തരങ്ങള്‍ക്ക് പകരം
സമചതുരമാവാത്തതും ?

അകക്കാഴ്ചകളുടെയൊ
പുറം കാഴ്ചകളുടെയോ
ഏത് ജാമിതീയ രൂപങ്ങളില്‍
ഞാനെന്റെ മനസ്സ് വരച്ചു കാട്ടും?

Tuesday, September 16, 2014

എന്റെ മാത്രം മഴ

എന്റെ മാത്രം മഴ
മഴ തകർത്ത് പെയ്യുന്നുണ്ട്
അമ്മയടുത്ത് കിടക്കുന്നുണ്ട്
പാളിയില്ലാത്ത ജനലിലൂടെ
മിന്നൽ വെളിച്ചം 
അകത്തേക്ക് കയറുന്നുണ്ട്....
എനിയ്ക്ക് പേടിയാവുന്നുണ്ട്
ഞാൻ അമ്മയോട്
ചേർന്ന് കിടക്കുന്നുണ്ട്....
അനിയൻ കരയുന്നുണ്ട്
അമ്മ അവനെ മുലയൂട്ടുന്നുണ്ട്
അച്ഛൻ കൂർക്കം വലിക്കുന്നുണ്ട്....
ചേട്ടൻ ചുമയ്ക്കുന്നുണ്ട്
ചേച്ചി ഉറക്കത്തെന്തോ കണ്ട്
മെല്ലെ ചിരിക്കുന്നുണ്ട്....
മഴ മെല്ലെ കൂടുന്നുണ്ട്
ഞങ്ങൾ പിന്നെയും വലുതാവുന്നുണ്ട്
പായ നനയുന്നുണ്ട്
പുതപ്പ് കുതിരുന്നുണ്ട്
ഞാനുറങ്ങുന്നുണ്ട്...
മഴ തോരാതെ
കാല ദൂരങ്ങൾക്കിപ്പുറത്തേയ്ക്ക്
ആർത്ത് പെയ്യുന്നുണ്ട്....
കെട്ട്യോൾ ചേർന്ന് കിടക്കുന്നുണ്ട്
മക്കൾ അടുത്ത് കിടക്കുന്നുണ്ട്
ഫാൻ കറങ്ങുന്നുണ്ട്
നാട്ടിലെ ആളില്ലാ
പറമ്പിലൊരു മൂലയിൽ
മണ്ണീനടിയിൽ
അമ്മ തനിച്ച് മഴ
നനഞ്ഞ് കുതിരുന്നുണ്ട്...
രാത്രി വളരുന്നുണ്ട്
അച്ഛനെ ചേച്ചി
വഴക്ക് പറയുന്നുണ്ട്...
ഞാനിങ്ങ് ദൂരെ 
ഇവിടെ ഉറക്കത്തിൽ
മെല്ലെ കരയുന്നുണ്ട്
കാല ചക്രം എവിടേയ്ക്കോ 
മെല്ലെ ഇപ്പോഴും തിരിയുന്നുണ്ട്..

Friday, March 28, 2014

സൂര്യാ...!!



ഓർമ്മയിൽ മാത്രമുള്ളൊരു
നിറം മങ്ങിയ ക്ഷീരപഥം
ആരോ  പറഞ്ഞു മാത്രം
കേട്ടൊരു  മഹാ  വിസ്ഫോടണം,

എങ്കിലും  എന്റെ  സൂര്യാ 
അതി  സാന്ദ്രതയുടെ
തമോ  ഗർത്തങ്ങളിലലിഞ്ഞ്
നീയില്ലാതാവുന്നതിന്നു മുൻപ്
  എനിയ്ക്കും നിന്നിലലിയണം,

ചലന  നിയമങ്ങൾ  എന്തുമാവട്ടേ
നിന്നിലേക്കൊരു  തിരിച്ച്
വരവനിവാര്യമാം വിധം
ഭൌമ  താപങ്ങളുടെ ഉള്ളൂരുക്കങ്ങൾ  
എന്നിൽ നഷ്ട സ്മൃതികളുടെ
ഭ്രമണപഥം  ഭേദിച്ച്
പുറത്തേക്ക് കുതിക്കാൻ
വെമ്പൽ കൊള്ളൂന്നുണ്ട്,

 പരസ്പരാകർഷ്ണത്തിന്റെ
സ്നേഹമർമ്മത്തിൽ
എല്ലാവരും  ഒറ്റക്കെട്ടായി
ഇഴചേർന്നിരുന്നൊരാ നല്ല  നാൾ,

യുഗപ്പിറവികൾക്കും മുൻപ്
ഞങ്ങളിങ്ങനെ വെവ്വേറെ
ഗ്രഹങ്ങളായി    തനിച്ച്
അനന്തതയിലെ വിരസമാം
  ഭ്രമണ  പഥത്തിലേക്ക്
വലിച്ചെറിയപ്പെട്ടത്
ഏതൊരു  ശാസ്ത്ര  നിയോഗമാവും!!

Monday, February 24, 2014

ഇപ്പോൾ ഞാൻ എന്ത് ചെയ്യുകയാണെന്നോ ?



ഈ  തെങ്ങിൻ 
എത്ര  അണ്ണാറക്കണ്ണന്മാർ
ഓടിക്കയറിയതാണു,
കാറ്റിൽ    തെങ്ങിന്റെ  ഓലകൾ
നൃത്തം ചെയ്യുന്നത്
ഞാൻ എത്ര  ദിവസങ്ങളിൽ
നോക്കി നിന്നതാണ്

ഏതുഷ്ണത്തിലും മനസ്സിനൊരു
കുളിർമ്മയേകിയ  
ഇതിന്റെ  ഇളനീർ
എത്ര  മധുരതരമെന്നോ,

ഇതിന്റെ  ഓലകൊണ്ടായിരുന്നു
ഞങ്ങൾ  അക്കാലത്ത്
പുര മേഞ്ഞതും
 
ഈ പ്ലാവിൻ ചുവട്ടിൽ  ആയിരുന്നു
ഞാനും അവളും
കണ്ണിൽ കണ്ണിൽ നോക്കി
മണ്ണപ്പം ചുട്ട് കളിച്ചതും
 കളിവീടുണ്ടാക്കിയതും
  ചോറും കറികളും വെച്ചതും

പ്ലാവിലയിൽ  ഈർക്കിൽ കൊണ്ട്
കുത്തി   ആയിരുന്നു
  ചൂടു കഞ്ഞി 
ഊതി  ഊതി കുടിച്ചിരുന്നതും

ഈ പ്ലാവിലും തെങ്ങിലുമായിരുന്നു
ഊഞ്ഞാൽ ഉണ്ടാക്കിയതും
  ബാല്യം മുഴുവൻ 
ആടി തിമർത്തതും

ഇപ്പോൾ ഞാൻ
എന്ത് ചെയ്യുകയാണെന്നോ ?
ഇപ്പോൾ  ഞാനതെല്ലാം
മുറിച്ച് കൊണ്ടിരിക്കുകയല്ലെ,
വൈകുന്നേരം ലോറിയിൽ
കയറ്റി  അയക്കണം,
കള്ളു കുടിക്കാൻ കാശ് വേണ്ടേ !

Tuesday, February 18, 2014

ഉറക്കം വരാത്തവർ

ഉറക്കം വരാത്തവർ

വികാരം കൊണ്ട് വീർപ്പ് മുട്ടിയ
പ്രണയം  ഉറക്കം വരാതെ
  തിരിഞ്ഞും മറിഞ്ഞും
  
തണുത്തുറഞ്ഞ  കാമം
  പുതപ്പിനുള്ളിലേക്ക്
ഒന്നുകൂടെ ചുരുണ്ട്  
കൂർക്കം വലിച്ചു

ഉടലിളക്കങ്ങളിളുടെ
  താള  മേളങ്ങളിൽ
ഉരഗങ്ങളേ പോലെ
  വരിഞ്ഞ് മുറുകിയ
ഓർമ്മ്കൾക്കൊടുവിൽ 

ഗതകാല സ്മരണകളിലേക്ക്
  ഊളിയിട്ട   പ്രണയത്തിന്ന്
  മെയ്  വഴക്കങ്ങളുടെ
ഉയർച്ച  തായ്ച്ചകളിൽ
കിതപ്പിലൂർന്ന് വീണ
  വിയർപ്പു  തുള്ളികളുടെ
ദീർഘ നിശ്വാസങ്ങൾ


വിരസ  സുഷുപ്തിയുടെ
കൊക്കൂൺ  പൊട്ടിച്ച്
പ്രണയം പൂമ്പാറ്റയായി
മോഹങ്ങളുടെ ജാലകത്തിലൂടെ
പുറത്തെ നിലാവെളിച്ചതിന്റെ
  അനന്ത  സ്വാതന്ത്ര്യത്തിലേക്ക്

വിശ്വാസത്തിന്റെ  സുരക്ഷയിൽ
പുതപ്പിനുള്ളിൽ   തണുത്ത്
ഉറങ്ങിപ്പോയ കാമം 
ഒന്നുകൂടെ കൂർക്കം വലിച്ചു,
മധുര  സ്വപ്നങ്ങൾ  അയവിറക്കി

വിടർന്ന് വരുന്ന   പൂക്കളെ
കൂമ്പിയ മൊട്ടുകളെ 
തൊട്ടും  തഴുകിയും
മെല്ലെ തലോടിയും 
  തിരികെ  വന്ന  പ്രണയം ,

വീണ്ടും ജാലകത്തിലൂടെ ഊർന്നിറങ്ങി
മെല്ലെ  പുതപ്പ് വലിച്ച്  നീക്കി 
സ്നേഹത്തിന്റെ കുറുനിരകളിലെ 
വിയർപ്പ്   തുടച്ച് 
തലോടി  അവളോടൊപ്പം  
പുതപ്പിനുള്ളിലേക്കൊരു
  നിശ്വാസമായ്  ഒരു വിശ്വാസമായ് 

Friday, January 24, 2014

സംതൃപ്തന്‍

സംതൃപ്തന്‍

എനിയ്ക്കിപ്പോള്‍
പൊരിവെയിലും  പേമാരിയും
   പേടിയില്ലാതായി
നല്ലൊരു വീടായി,

ഇളം കാറ്റകത്തെക്കും 
പുറത്തേക്കും  ഒഴുകാന്‍  
നല്ല  ജനലുകളായി,

കരിവീട്ടിയില്‍  മെനഞ്ഞ 
കൂറ്റന്‍ വാതിലുകളില്‍ 
ചിത്ര  പണികളായി , 

പുകയടിച്ചും  കണ്ണെരിഞ്ഞും
 ആരും കരയേണ്ട,
ചുമന്ന  ഗ്യാസ്  കുറ്റിയായി,

സീലിഗായും  അല്ലാതെയും
തിരിയാന്‍  പങ്കകളായി,
അലസ  നിമിഷങ്ങളെ 
ഉന്മത്തമാക്കാന്‍  ടിവിയായി ,

  ഐസുകട്ടകളും  പച്ചക്കറികളും
നിറച്ച  ഫ്രിഡ്ജ്ന്റെ
എന്തും തണുക്കുന്ന
ചെറു  മുരളലായി

വിയര്‍ക്കാതുറങ്ങാനും 
കുളിരാനും എ സിയായി,

ഇതിനെയെല്ലാം തീറ്റിപോറ്റാന്‍
കരണ്ടായി, കമ്പ്യൂട്ടറായി,

  ഇനിയും നല്ലൊരു
പരിസ്ഥിതി  പ്രേമിയാവണം...