Followers

Saturday, October 5, 2013

എന്തേയിങ്ങനെ...



രണ്ടും  പൂക്കളല്ലെ,
  .മുള്ളുകൾ  ഉള്ളതല്ലേ
പൂവും  ചുവന്നതല്ലേ.
എന്നിട്ടും  അഹങ്കാരിയായ|
അവളെ  മാത്രം 
   സുഗന്ധം നൽകി 
ചെമ്പനിനീർ  പൂവും
പാവം എന്നെയൊരു
മുരിക്കിൻ പൂവുമാക്കാൻ
നിനക്ക്  തോന്നിയല്ലോ

Tuesday, September 10, 2013

അനന്തരം

അനന്തരം

ആർക്കെല്ലാമോ വേണ്ടി
കത്തിയും പൊട്ടിയും
കരിഞ്ഞു പോയ ജീവിതങ്ങൾ കണ്ട്
മനം മടുത്തപ്പോൾ
തലയിൽ വെളിച്ച കയറിയ
വെടിമരുന്നിനു ബോധോദയം ,

വിനാശ പ്രതിബദ്ധതയുടെ
പാശ ബന്ധനം സ്വയം നീക്കി
ഉപ്പ് സ്വന്തം  ജീവിതത്തിലേക്കും
കരി കനലിലേക്കും
ഗന്ധകം മണ്ണീലേക്കും
മെല്ലെ അലിഞ്ഞ് ചേർന്നു.

Tuesday, September 3, 2013

സന്തോഷം സർ

സന്തോഷം  സർ

നാട്ടിലിപ്പോൾ   തേനും പാലും ഒഴുക്കുന്നവർ  ഒരുപാടുണ്ടത്രേ .പാലും  പഴവും പോരെങ്കിൽ ചോറും കറിയും ഞാൻ  നൽകാം   എന്നാരെല്ലാമോ  പാടുന്നതേറ്റ് പാടി മോഹിച്ച് ബാല്ല്യത്തിൽ നിന്നും കൊതിയോടെ  വളർന്ന് ചോറിനും കറിയ്ക്കുമായ്  ഈ നഗരത്തിരക്കിലേക്ക്   കുടിയേറപ്പെട്ട  അനേകരിൽ ഒരുരുവനാണു ഞാനും, നഗരാരവങ്ങളിൽ പെട്ടു പോയ കാതുകൾ കൂർപ്പിച്ചും ,കണ്ണു  മഞ്ഞളിക്കുന്ന പ്രൌഡ ജാഡപ്രഭകൾ   ഒരു  പാട്  കണ്ടിട്ടും, നേർത്തൊരു  ശംഖ  നാദത്തിനായോ കാറ്റിലുലയാതെ   കത്തി നിൽക്കുന്നൊരു  ചെറു  തിരിയ്ക്കായോ  അറിയാതിപ്പോളും മനസ്സിനെ   അകലങ്ങളിലേക്ക്  വെറുതെ പായിക്കാറുണ്ടിപ്പോളും . എന്നിട്ടും  ബർമുഡയുമുടുത്ത്   നഗരത്തിലലയാൻ വിധിക്കപ്പെട്ടൊരു  ഗ്രാമീണനാണു ഞാൻ  . ശ്രേഷ്ഠ  ഭാഷയുടെ  തലയിൽ കയറിയിരുന്നു നിങ്ങൾക്ക്    ഞങ്ങളുടെ  മക്കളുടെ ഉച്ഛാരണ  ശുദ്ധിയെ  പരിഹസിക്കാം വേഷ  വിധാനങ്ങളെ  വിമർശിക്കാം.പരിഭവമില്ല  ആരൊടും .എങ്കിലും  മലയാളം  അറിയുന്നവർക്കേ   സർക്കാർ  ജോലി നൽകൂ എന്ന  തീരുമാനം   ആരെല്ലാമോ  പറഞ്ഞു  കേട്ടു...സന്തോഷം സർക്കാർ സർ.  ആദ്യം  ജോലി നൽകാതെ  ഞങ്ങലെ  നാട്ടിൽ നിന്നും  ആറ്റിയോടിച്ചു,  ഇപ്പോൾ  ഞങ്ങളുടെ  വരും  തലമുറയ്ക്കും  അവിടെ   ജീവിച്ച് പോകാൻ  (  അങ്ങനെ   മിക്ക  പ്രവസി  മക്കളും  ആഗ്രഹിക്കുന്നില്ലാ ) ആഗ്രഹം  തോന്നിയാൽ  അതും  തടയണം....  നന്നായി  സർ..കലക്കൻ  തീരുമാനം.

Saturday, July 20, 2013

ചിറകടികള്‍...



ചാരങ്ങളില്‍  നിന്നും
ചിറകടിച്ച് വീശി
ഉയിര്‍ത്തെഴുനേല്‍ക്കുന്ന
ഒരു  പക്ഷിയുണ്ടത്രേ

അതിമോഹങ്ങളുടെ
ആവര്‍ത്തനങ്ങളില്‍

ആരൊ കെട്ടിപടുത്ത 
പെരും നുണയാണത്


ചുണ്ട്  വക്രിച്ച് നിറമില്ലാ
കാഴ്ചകളിലേക്ക്  നോക്കി
എനിയ്ക്കത്  കേള്‍ക്കുമ്പോള്‍
ചിരിയാണു വരുന്നത്

ഇല്ലാ,  നമ്മളെ  രക്ഷിക്കാന്‍ 
 ആരും വന്നിരുന്നില്ല
നമ്മളില്‍  നിന്ന്  പോലും
ആരുമിനി  വരാനില്ല.

ഉയിരിന്‍ പോരാട്ടമാണിത്
ഉയിര്‍ത്തെഴുനേല്‍പ്പ്
കഥകള്‍ക്ക്  ഇനിയും
അന്ത്യകൂദാശ  ചൊല്ലാം

Monday, July 15, 2013

വാഴേ..!!

വാഴേ..!!

വല്ലപ്പോളും എനിയ്ക്കും
ചമ്രം പടിഞ്ഞിരുന്നു
ചുടുചോര്‍ വിളമ്പി
കഴിക്കാന്‍ ഒരു നാക്കില,

മെഴുക്കു പുരട്ടി മെല്ലെ
ഇളക്കി എടുത്ത്
കഞ്ഞിയ്ക്ക് കൂട്ടാന്‍
ഒരു പടല പച്ചക്കായ,

തെളിഞ ചിരിപോല്‍
മക്കള്‍ക്ക് കൊടുക്കാന്‍
ആത്മസമര്‍പ്പണത്തിന്റെ
മധുരം നിറഞ്ഞ കുറച്ച് പഴം,

കൊതിച്ചതാണിതെല്ലാം,
എങ്കിലും എന്റെ വാഴേ,
അവസാനം ഇങ്ങനെ
മൂന്നാലു വാഴക്കന്നുകളും തന്ന്,
പാളികള്‍ പൊളിച്ചെടുത്ത്
ഉള്ളിലെ വെളുത്ത കാമ്പും
എന്നെക്കൊണ്ട് കഴിപ്പിച്ചല്ലോ.

Tuesday, July 2, 2013

ഞാനിപ്പോളും....

ഞാനിപ്പോളും....

ഇല്ല, ഒന്നും  മറന്നിട്ടില്ല
ഞാൻ പോലുമറിയാതെ
ഓരോ  പദചലനത്തിലും
മിഴിയനക്കത്തിലും,
നീയെൻ  മനസ്സിൽ
സ്നേഹ  ചിത്രങ്ങൾ
വരയ്ക്കവേ, മോഹത്തിൻ
നഷ്ട  സ്വപ്നങ്ങൾ  രചിക്കവേ
ഒന്നും മറന്നിട്ടില്ല ഞാൻ .

ശരത്കാല  സന്ധ്യകൾ
കുങ്കുമം ചാർത്തിയ
തുടുത്ത കവിൾത്തടം,
എനിക്കായ്   മാത്രം 
തിളങ്ങിയ  നാൾകളും

മഞ്ഞു മലകളുടെ
താഴ്വാരങ്ങളിൽ
മുട്ടിയുരുമ്മിയിരുന്നപ്പോൾ
  നീയെനിക്കേകിയ
സ്നേഹ  ചുംബനങ്ങളും

ചുടു നിശ്വാസങ്ങളിൽ
ഹിമ  കണം പോലെ
ഉരുകിയ  പരിഭവങ്ങളും

ഇറുകെ  പുണർന്ന്
  കെട്ടി മറുയുമ്പോൾ 
നാണിച്ച്  തല 
താഴ്ത്തിയ  കറുകപ്പുല്ലുകളും

ഒന്നും  മറന്നിട്ടില്ല,
നോക്കൂ , ഞാനിപ്പോളും
നിന്റെ ജ്യാമിതീയ 
രൂപ ഭാവങ്ങളുടെ
ക്ഷേത്ര  ഗണിതത്തിലും.

എന്നിട്ടും, സഖീ
 ഉടലളവുകളുടെ 
ത്രിമാനതയ്ക്കുമപ്പുറം
നിന്റെ സൂക്ഷ്മ  സ്ഥൂല
മനസ്സിൻ  പ്രപഞ്ചത്തിൽ
ഞാനില്ലാതെ  പോയെന്നോ ?
  അറിയാതെ  പോയെന്നോ  
നീയെൻ  മനസ്സിനെ ?





Saturday, June 29, 2013

എന്റെ പൂവേ...!

 എന്റെ  പൂവേ...!

കൊഴുപ്പില്ലായ്മയാൽ
 മുഴുത്ത എത്രയോ
വിദഗ്ദ സാക്ഷ്യപത്രങ്ങൾ
കണ്ട്  മോഹിച്ചാണു
ദിവസവും   നിന്നെ
താലോലിച്ചാട്ടി
സ്നേഹപാനം നടത്തുന്നത്
ഒടുവിൽ നീയും
 എന്നെ വഞ്ചിക്കുമോ
എന്റെ  സൂര്യകാന്തിപ്പൂവേ