Followers

Saturday, May 4, 2013

താറാവു ചരിതം

താറാവു  ചരിതം

ഞാനിടും  പൊന്മുട്ടയാലല്ലൊയീ
തട്ടാൻ  സമ്പന്നനായിടുന്നു  നിത്യം
എന്നൊർത്തൊരാത്താറാവമ്മയോ
കരുതീയുള്ളിൽ  കുശുമ്പുമായ്
സുഖിച്ചീടേണ്ടെൻ  മുട്ടയാലിനിയാ
പഹയനെന്നോർത്തൂ മനസ്സിലും
പിന്നീടാത്താറാവിട്ടില്ല കാഷ്ടമല്ലാതെ
മുട്ടയൊന്നുമേ  കഷ്ടം,നഷ്ടമാ
 തട്ടാനിരിക്കട്ടെയെന്നൂറിച്ചിരിച്ചൂ 
ദുഷ്ടയാം  താറാവമ്മ ദിനം ദിനം
വയറുവീർത്തു തളർന്നതിനൊടുവിലായ്
കരുതീ  താറാവമ്മ   മുട്ടയിട്ടിടാം
നാളെ മുതലല്ലെങ്കിലാകേയലമ്പായിടാം
ഞെട്ടലോടറിഞ്ഞ്ജൂ  താറാവമ്മ 
മുട്ടയൊന്നുമേയില്ലായുള്ളിൽ
വെറുതേ വീർത്തിരിക്കുന്നാ വയറു
മാത്രമായാകെ  പരിഭ്രമിച്ചോടി
തപസ്സിനായ്  പക്ഷി  രാജനാം 
ഗരുഡനെ    ധ്യാനിച്ചിടാൻ
ചിറകടിച്ചൊടുവിലെത്തീ
ഗരുഡൻ മുന്നിൽ  ചൊല്ലീ
കഥകൾ  കദനങ്ങളായ്  പക്ഷിയും
മണ്ടീ നീ കേൾക്കാ  പ്രകൃതി  തൻ വരമാണു
നീയസൂയയാൽ വേണ്ടെന്നു വെച്ചതും
മേലിൽ നിനക്കാവില്ലാ‍ാ  സുകൃതം
മച്ചിയായിരുന്നോളുക  മരിക്കും  വരെ
തന്നാലാർക്കെങ്കിലും ഗുണം  വരുവിലതു
തന്നെയാണുത്തമ  ധർമ്മമെന്നു മറന്നു
നീയെന്നോതിയപ്രത്യക്ഷനായ് രാജനും
ചെറുതേങ്ങലോടാ  പക്ഷിയും വൃഥാ.
തട്ടാനിപ്പോളും വാഴുന്നു തൻ  വീട്ടിലായ്
പൊൻ മുട്ടയില്ലെങ്കിലും സുഖ  സുഭിക്ഷമായ്

Thursday, May 2, 2013

അനുഭവങ്ങൾ പാളിച്ചകൾ

  പറ്റിച്ചേ.....

കമ്പൂട്ടർ  വാങ്ങിയ  കാലം ,  ബ്രൊഡ്  ബാന്റ്  ഒന്നും കണ്ട് പിടിച്ചിട്ടില്ലാ,  ബി  എസ്  എൻ  എൽ   ആപ്പീസിൽ പോയി  നൂറ്റി  ഇരുപത്തിയഞ്ച്  രൂപയ്ക്ക്  ഒരു കൂപ്പൺ  വാങ്ങി    ഡയലപ്പ്  ആക്ക്റ്റീവ്  ചെയ്താണു നെറ്റ്  ഉപയോഗം  ,  എതാണു മണിക്കൂർ  ആണു  നൂറ്റി  ഇരുപത്തഞ്ച്  രൂപ  കൊടുത്താൽ  ലഭിക്കുക,  വല്ല എ  മെയിലോ  മറ്റോ  ഉണ്ടോന്ന് നോക്കി  അത്  സേവ്  ചെയ്തോ  കോപ്പി  ചെയ്തോ  ഉടൻ  നെറ്റ്  ഓഫ്ഫ്  ചെയ്യണം...വായിക്കാനും മറുപടി  ഇടാനും  ഒന്നു നെറ്റ്  ഓൺ  ചെയ്ത് വെച്ച്  കൊണ്ട്  പറ്റില്ലാ,  കാശങ്ങ്  പോകും, എന്നാലും 125  രൂപായ്ക്ക് ആക്റ്റിവേറ്റ്  ചെയ്താൽ ആ  കാശ്  തീരുന്നത്വരെ   (  ഗൾഫീന്ന് വന്ന  ഭർത്താക്കന്മാരെ  പോലെ    എന്നു മുരളിയെട്ടന്റെ  ഉദാഹരണം  )  അതിന്റെ  മുന്നിൽ  തന്നെ ചുറ്റി  പറ്റി  ഇരുന്നാലേ ചേട്ടനു  സമാധാനം  ആകൂ.  അന്നു  ഹരിശ്രീ ഒന്നും  ഇല്ല ,  ഓർകൂട്ട്  തന്നെ  എന്താന്നറിയില്ല. പിന്നെയും  കുറേ  കഴിഞ്ഞാണു  ഓർകൂട്ടിൽ  അക്കൌണ്ട് ഉണ്ടാക്കിയത്...മലയാളം എഴുതാൻ ഉള്ള  ഫോണ്ടും   രീതിയും  എല്ലാം  അവിടെ നിന്നു  പരിചയപ്പെട്ട  ഏതോ  സ്നേഹിതൻ  തന്നെ   അയച്ച്  കൊടുത്തതായിരുന്നു. നാട്ടിൽ  ഉള്ള  ആളുകളെ  എല്ലാം  ആഡ്  ചെയ്യുക    അവർക്ക്  ഗ്രീറ്റിംഗ്സ്  അയക്കുക  സ്ക്രാപ്പയക്കുക  എന്നിവയാണു  പ്രധാന  വിനോദം..   ഗൂഗിൾ  ചാറ്റ്  കൂടെ  മെല്ലെ  വന്നതൊടെ  ആളു  ചാറ്റ്  ചെയ്ത്  ഇരിക്കലായി  ,  ആഴ്ചക്കു മൂന്നും  നാലും  തവണ    ബി എസ്  എൻ  എൽ  ആപ്പീസിൽ പൊയി  കാശടച്ച്  ഡയലപ്പ്  ഉണ്ടാക്കും  2  ദിവസം  നിക്കില്ലാ  അത്  തീരും,  ഒപ്പം  അവിടെ നിന്നും  പരിചയപ്പെട്ട്  ഫൊൺ  നമ്പർ വാങ്ങിയ  സ്ത്രീകളോട്  കത്തിവെപ്പും..ആ  വകയിലും  കളയും കുറെ  കാശ്.  ഏതായാലും  ഒരു  പണി കൊടുത്തില്ലെങ്കിൽ  ശര്യാവില്ലാന്നെനിക്കും  തോന്നി.കൂട്ടത്തിൽ   ഏട്ടൻ കൂടുതലായും  സംസാരിക്കുന്ന   ഒരു  പെണ്ണുണ്ടായിരുന്നു,  ചാറ്റ്  പോരാത്തതിനു  ഫോൺ  സംസാരവും..പണി കൊടുക്കാതെ  രക്ഷയില്ലാന്നു ഞാൻ  തീരുമാനിച്ചു.   പുറത്ത്  പോയി  വന്ന  ചേട്ടന്റെ  മുഖത്തൊരു  മ്ലാണത..എനിക്കു  കാര്യം മനസ്സിലായി.. “ എന്താ  ചേട്ടാ  സുഖമില്ലെ  “ഞാൻ  ചോദിച്ചു..“ഏയ് ഒന്നും  ഇല്ലാന്നു “മറുപടി, എന്നാലും  ആമുഖം കണ്ടാലറിയാം  ആകെ  ജിഞ്ചർ കടിച്ച  മങ്കിയെ  പോലെ  ഉണ്ട്. കുറച്ച്  കഴിഞ്ഞപ്പോൾ  മൂപ്പർ എന്റെ  അടുത്തേക്ക്  വന്നു  അടുക്കളയിലേക്ക്,  എന്നോട്  പൊതുവെ  ഒന്നും ഒളിച്ച്  വെക്കാറില്ലാ , അതോണ്ട് ഇതും  പറയും  എന്നെനിക്കുറപ്പായിരുന്നു.“.അത്  ..സ്വപ്നെ   ഞാൻ  ഫോൺ  വിളിക്കുന്ന......അവളില്ലേ ..  അവളെ  ഞാൻ  ഇന്നു ഫോൺ ചെയ്ത്  ആകെ  പ്രശ്നായി. “ അയ്യോ  എന്തുപറ്റീ  എന്നു  ഞാൻ ചോദിച്ചു.  “ ഞാൻ  അവളാന്നു കരുതി  ഭയങ്കര  ലോഗ്യത്തിൽ ഫോൺ  ചെയ്തതായിരുന്നു,  ഈ  ബി  എസ്  എൻ   എല്ലിനെയൊന്നും  വിശ്വസിക്കാൻ  പറ്റില്ലാ  ചില  സമയത്ത്  നമ്മളു വിളിക്കുന്ന  ആളിനല്ലാ  കിട്ട്വാന്നു  തോന്നുന്നു..വേറെ ഏതോ  സ്ത്രീയാ  ഫോൺ  എടുത്തേ..ഞാൻ  ആകെ  ചമ്മി. “   ഉൾലിൽ  ചിരി വന്നെങ്കിലും ഞാൻ  ഒന്നും  പറഞ്ഞില്ലാ,  രണ്ട്  ദിവസം  കഴിഞ്ഞ് വീണ്ടും  അതേ  അവസ്ഥ, ഇത്തവണ  ചമ്മുകയല്ലാ  അങ്ങേ തലയ്ക്കൽ  നിന്നും നല്ല   തെറി കേട്ട  ലക്ഷണം ഉണ്ട്.അതോടെ  ആ വിളി നിന്നു.  പിന്നെ   കുറച്ച്  കാലം കഴിഞ്ഞപ്പൊൾ  ഹരിശ്രീ ആയി  പേരായി  പേരു  ദൊഷമായി അങ്ങിനെ അങ്ങിനെ  കാലം മുന്നൊട്ട് പോയി,എന്നോട്  രഹസ്യം ഒന്നും ഒളിക്കാത്ത  ആളായതൊണ്ട് ഞാൻ  പറഞ്ഞു. “ അന്നെ  ആ പെണ്ണിന്റെ  ഫോൺ  നമ്പർ സേവ്  ചെയ്ത് വെച്ചതിൽ  അവസാന  അക്കം ഞാനായിരുന്നു മാറ്റി വെച്ചത്..ഒരു പണി  തരാൻ  തന്നെ  ചെയ്തതാ..അല്ലാതെ   ബി  എസ്  എൻ  എല്ലിന്റെ  കുഴപ്പം  ഒന്നും  അല്ലാ“.. അന്നെന്നെ  മൂപ്പരു വിളിച്ച  ചീത്ത  ഇവിടെ  പറയാൻ കൊള്ളില്ലാ  മലയാള  ഭാഷയ്ക്ക് മഹാ സംഭാവന  ആകാവുന്ന    അതുവരെ ഞാൻ  കേട്ടിട്ടില്ലാത്ത  കുറേ  വാക്ക്....!!

Monday, April 15, 2013

ചെറുപ്പം.



ഇന്നെന്നെ നോക്കി
ദിനവും പരിഹസിക്കുന്നു
ഓണത്തിനും വിഷുവുവിന്നും
വിരുന്നുകാരായി മാത്രം വന്ന
പുട്ടും പഴവും  പിന്നെ
പല  തരം വിഭവങ്ങളും .


തൊണ്ടയിലെവിടെയോ
ഇന്നും കുരുങ്ങി കിടപ്പുണ്ട്
ഉണക്ക  വറ്റും  ഉപ്പും
പച്ച  വെളിച്ചെണ്ണയില്‍
ചേര്‍ത്ത്  കുഴച്ച  ഒരുരുള

 പതിവു ഗോഷ്ടികള്‍ക്കിടയിലും
കണ്ണടിയില്‍ നോക്കി
ദിവസവും ഉറപ്പ് വരുത്താറുണ്ട്
കഴുത്തില്‍ മെല്ലെ  തടവി
ആ ഓര്‍മ്മകള്‍

 പ്രായം സമ്മാനിച്ച
അല്പം  നരയും  ചുളിവും
ഒര്‍മ്മകള്‍ക്കിനിയും
മങ്ങലേല്‍പ്പിച്ചിട്ടില്ല

ഇല്ല  എനിയ്ക്ക് മാറ്റമൊന്നും
അധികം  വന്നിട്ടില്ലാ
നോക്കൂ ഇപ്പോളും ഞാന്‍
വളരെ ചെറുപ്പം  തന്നെ

Sunday, April 7, 2013

കവിതേ.............

കവിതേ.............

കവിതേ,  മണലൂറ്റുകാരുടെ
കയ്യിലകപ്പെട്ടൊരു
പുഴയാണു നീയിപ്പോൾ

ആദ്യം  അവർ  നിന്നെ  വാഴ്ത്തും
 വാനൊളം  പുകഴ്ത്തും,
അപദാനങ്ങൾ  പാടി
 നിന്നെ  അഹങ്കാരിയാക്കും 
കുണുങ്ങി  കുലുങ്ങി
നീ  അവരെ  നിന്റെ ജല
വിശുദ്ധിയിലേക്കു  ക്ഷണിയ്ക്കും

 തഴുകിയും  തലോടിയും
ഓരോ  മണൽ  തരികളും
അവർ വാരിയെടുക്കുമ്പോൾ
ആഴം കൂടുന്നതിൽ നീ  ആഫ്ലാദിക്കും
ഒഴുക്കു  കുറയുന്നതറിയാതെ

ഒറ്റുവിൽ ഓർമ്മയിൽ
  ഒരു  കുളിർ  മാത്രമായി,
മുന്നിലൊരു  നെടുവീർപ്പു പോൽ
  നീ  ഒടുങ്ങുമ്പോൾ
സംരക്ഷകരായി വീണ്ടും  വരും
പണ്ട് നിന്നെ  വിറ്റ്
മണി മാളികകൾ  തീർത്തവർ

Thursday, March 21, 2013

ഒരു വിലാപം...!!

ഒരു വിലാപം...!!

ആകാശ നീലിമയിലെങ്ങുമില്ലേ ,
ആര്‍ദ്രമാം മഴമേഘമൊന്നു പോലും?
ആമോദമായൊന്ന് നിശ്വസിക്കാന്‍,
ആരെങ്കിലും ഒന്ന് ചൊല്ലുകില്ലേ?

പണ്ടൊക്കെ ഞാനെത്ര കണ്ടിരുന്നൂ,
പാലാഴി പോലുള്ള നീര്‍ച്ചാലുകള്‍ !
പാവങ്ങളാം ഞങ്ങളെന്തു ചെയ്തൂ ,
പാരിലീ ദുര്‍ഗ്ഗതി വന്നീടുവാന്‍ !

കാലത്തിനേറ്റ പ്രഹരമാണോ?
കാരുണ്യമില്ലാത്ത കാലമല്ലേ ,
കാരണം ഇല്ലാതെയെല്ലാത്തിനും ,
കലഹം പതിവായ ഭൂമിയല്ലേ !

സൂര്യാ ക്ഷമിയ്ക്കൂ കൃപാകരാ തെല്ലുനേര്‍ ,
സൌമ്യമായ് നീയൊന്നു പുഞ്ചിരിക്കൂ !
സാരഥിയല്ലേ നീയീഭൂമി തന്നുടെ ,
സാരങ്ങളൊക്കെയും ഗ്രാഹ്യമല്ലേ .

ഇല്ലാ ക്ഷമിക്കില്ലയായർക്കദേവന്‍ ,
ഇന്നിന്റെ കലികാല മക്കളോട് .
ഇരവിനെ പകലാക്കി നിങ്ങളെല്ലാം ,
ഈ ഭൂമി നരകമായ് മാറ്റിയില്ലേ ?

വഞ്ചന, പാതകം, മറ്റു ദുഷ്ചെയ്തികള്‍ ,
വമ്പോടെ ചെയ്തതും നീയല്ലെമനിതാ !
വെള്ളവും മാമരക്കാടും മുടിച്ചിട്ട് ,
വാനിനെ നോക്കി കരയുന്ന മനുജാ !!

എനിയെന്തു ബാക്കി വിനാശമായ് ,
എണ്ണിയാല്‍ തീരാത്ത പാപങ്ങളും ,
എള്ളൊളമില്ലാത്ത സ്നേഹവും,നിന്ദയും,
എങ്ങനെ നേടിനീ ചോരാ മനുഷ്യാ ?

താരാട്ടു പാടീയുറക്കിയൊരമ്മയെ ,
താന്‍പോരുകാട്ടി ചവിട്ടിയില്ലേ ?
താരങ്ങള്‍ സാക്ഷിയായ് നിന്ന രാവില്‍ ,
തളിരൊത്ത ബാലയെ വേയ്ചതും നീ !!

എങ്കിലും യാചിപ്പൂ ഞാന്‍ പ്രഭോ ,
എരിതീയണയ്ക്കാന്‍ ക്ഷമിയ്ക്കാന്‍ .
എന്തുണ്ട് പോംവഴി ഒരു മഴയല്ലാതെ ,
എന്നെങ്കിലും നീ കടാക്ഷിക്ക ഞങ്ങളെ .

മനമൊന്ന് കുളിരാന്‍ മദിയ്ക്കാന്‍ ,
മര്‍ത്ത്യന്റെ പാപങ്ങള്‍ കഴുകാന്‍ ,
മനമോടെ നീ വരിക വര്‍ഷമായ് ,
മനമുരുകി ഞാനിതാ കേണിടുന്നൂ !!

Thursday, February 21, 2013

കുട്ടീ നീ അറിയ്ക

കുട്ടീ നീ അറിയ്ക
വീടുവിട്ടിറങ്ങീടവേയോർക്ക
സർവ്വ തന്ത്ര സ്വതന്ത്ര നീ
ശരി തെറ്റുകളെനി
നിന്റെയിഷ്ടം,
കാടും മേടും കടന്നാ
ജീവിത കൊങ്കണപ്പാത
തന്നത്ഭുത തുരങ്ക
നീളങ്ങൾ താണ്ടവേ ,
മറക്കാതിരിക്ക നീ
കൈലാസമാവട്ടേ ലക്ഷ്യം
വൃഥാ മഥുരയിലിറങ്ങി
പെരുവഴി തെണ്ടി
കരയാതിരിക്കണേ !

Thursday, February 14, 2013

സമ്പന്നം

സമ്പന്നം

ഇല്ലായ്മയുടെ
വല്ലാത്തൊരാ വല്ലായ്മയിൽ
കടത്തിലുരുണ്ട്
 ഉണങ്ങി കറുത്തൊരാ
കടുകു  മണിയോളം
ചെറുതായ  മോഹങ്ങളും
വറുതിച്ചട്ടിയിൽ വീണു 
പൊട്ടിത്തെറിക്കും
ദാരിദ്രം

ധാർഷ്ട്യത്തിൻ
വികലമാം വിഴുപ്പലക്കി
 വെറുതെ വെളുപ്പിച്ചും
  അഹങ്കാരവെയിലിൽ
ഉണക്കാനിടും 
മുഴുത്തു കൊഴുത്ത 
ജീർണ്ണ സമ്പന്നത  !!!