Followers

Wednesday, February 13, 2013

കടലാസു പൂക്കള്‍



നീയോർക്കുന്നുവോ
ഉച്ചവെയിൽ ചുട്ടുപൊള്ളലില്‍ 
തണല്‍ തേടി വെറുതെ
നമ്മള്‍ നടന്നതും
കടലാസു പൂക്കള്‍
കാറ്റിനോട് കിന്നാരം ചൊല്ലും
കുന്നില്‍ ചെരുവിലൂടെ
കൈകള്‍ കോര്‍ത്ത്
ആർത്ത് ചിരിച്ചോടിയതും
ആരാവും ഈ  ബോഗന്‍ വില്ലകള്‍ക്ക്
കടലാസു പൂവെന്ന  പേരുകള്‍
നല്‍കിയതെന്നും
പ്രണയചോരയില്‍  മുങ്ങിയ
പ്രണയലേഖനങ്ങളും
 ചെറുകടലാസുകളും പുനര്‍ജന്മം
നേടിയതാവുമെന്ന  ഉത്തരവും
 നീ  തന്നെ  പറഞ്ഞ് 
വീണ്ടും ചിരിച്ചതും മറന്നുവോ
ഇന്നിപ്പോള്‍  ചുട്ടുപൊള്ളുന്ന
ഈ വെയിലിലും
എന്നെ ആശ്വസിപ്പിക്കാന്‍ 
നീ  എന്താണു  വരാത്തത്
നോക്കൂ , ഇരു കൈകളും
നീട്ടി പിടിച്ചിപ്പോളും
കണ്ണുകള്‍  ഇറുക്കിയടച്ച്
ഞാനിവിടെ നിൽക്കേ
.എന്തേ നീ എന്റെ  കൈകള്‍
കൂട്ടി പിടിച്ച്  ഓടുന്നില്ലാ
നമ്മള്‍ നെയ്ത സ്വപ്നങ്ങളുടെ
കരിഞ്ഞുണങ്ങി നില്‍ക്കുന്ന
ഈ കടലാസു  പൂക്കള്‍
നീ കാണുന്നില്ലേ,
 എനിയ്ക്ക് നഷ്ടമായ
നമ്മുടെ സ്വപ്നങ്ങള്‍ .

Monday, February 11, 2013

കാഴ്ച്ചകൾ .



വാക്കുകൾക്ക്  മീശമുളച്ച് 
ശബ്ദം  കനത്തപ്പോളാണവ
  വീട്ടിൽ നിന്നുമിറങ്ങി
വൈകുന്നേരങ്ങളിലെ 
പാതയോരത്തിരുന്നത്

നോക്കുകൾ കൂർത്ത് 
നാണം  വന്നപ്പോളാണു
അടക്കം  പറച്ചിലുകൾ
ഒളികണ്ണീടാൻ  പഠിച്ചതും


വാക്കിനും നോക്കിനും
വിലയില്ലാതായപ്പോളാണു
നാക്കിട്ടടിക്കുന്നവർക്കൊന്നും
|നാണമില്ലാതായതും

മാർക്ക്



അറിവില്ലായ്മയുടെ
ഉത്തരകടലാസിൽ
എഴുതിയവനെ തോല്പിച്ച്
  ജയിച്ച് നിൽക്കുന്ന
മാർക്കിട്ടവന്റെ     ചിരി.

ഫ്രഞ്ചും  ജാപ്പാനീസും
എഴുതി  മികവുകാട്ടി
വക്രിച്ച് ചിരിക്കുന്നവന്റെ
അതിബുദ്ധിയ്ക്ക് മുന്നിൽ
പാസ്സ്  മാർക്കിന്റ   മരവിപ്പിൽ
മലയാളാം  എഴുതിയവന്റെ
മഹാ ദയനീയതയും.

അല്ലെങ്കിലും
കുറച്ചെഴുതി കൂടുതൽ
മാർക്കു വാങ്ങുന്ന
പുതു  രീതിയിൽ
ഉപഭാഷയായി നല്ലത്
 ജാപ്പാനീ്സാണത്രേ,



ഇന്നലെ



ആരോ ചവിട്ടിയരച്ച
രണ്ട്  കണ്ണുനീർത്തുള്ളീകൾ
കൊളുത്തി പിടിച്ച്
  കോച്ചി വലിയുന്ന
വേദനയിൽ ഇന്നലെ 
വിയർപ്പിൽ  കുതിർന്ന്
വഴിയരുകിൽ
വിതുമ്പിക്കരഞ്ഞു
അപ്പോൾ ,
കടിച്ച് പറിച്ച
ചോരവാർന്ന
ഒരിളം ചുണ്ടുമായി
മൂന്നാലുറുമ്പുകൾ
സാക്ഷിപറയാനും

Saturday, January 26, 2013

കൂകിപ്പായും തീവണ്ടി.

 കൂകിപ്പായും തീവണ്ടി.


മനസ്സിലേക്ക് കുതിച്ചെത്തുന്നുണ്ട്
  വെളുത്ത  നക്ഷത്ര കണ്ണുകളുമായി
കരിപുരണ്ട ജീവിതങ്ങളുടെ
ഓർമ്മകൾ പോലെ
കൂകി പായുന്നൊരു തീവണ്ടി

നെഞ്ചിൻ  നെരിപ്പോടിൽ
  എരിയുന്ന കൽക്കരിയുടെ 
 ജ്വലനവേഗത്തിന്റെ
കച  കച  താളങ്ങൾ

 തിരക്കിട്ടൊരു ചൂളം വിളിച്ച്
ചിരിച്ച്കൊണ്ടവൾ 
.നിർത്താതെ  യാത്ര  തുടരവേ

ഇളകാറ്റിനൊപ്പം  തലയാട്ടി
മെല്ല  താളം പിടിക്കുന്ന
   സ്വർണ്ണ  നെൽക്കതിരുകളും
കരിവണ്ടും കാക്കപ്പൂവും
കൈവീശി    മിഴിച്ചു നിൽക്കുന്ന
കരുമാടിചെക്കനും

ജീവന്റെയും മരണത്തിന്റെയും
 സൌഗന്ധിഗങ്ങൾ   തേടി
ലക്ഷ്യത്തിലേക്ക് പോയവർക്ക്
 കറുത്ത സുന്ദരിയായിരുന്നവൾ
ഹിഡുംബിയെ  പോലെ .

മദിരാശിയ്ക്ക് പോയ  കുമാരേട്ടൻ,
 ബംഗാളിലേക്ക് സുധാകരൻ,
പിന്നെ പഴനിയിലേക്ക് 
എന്നെയും കൊണ്ട്
അച്ചനും  അമ്മയും  ചോറൂണിനും.

ഡീസലിന്റെ മാസ്മര  വേഗത്തിൽ
 കാഴ്ചയിൽ നിന്നും,മെല്ലെ
 ഓർമ്മയിൽ നിന്നും മാഞ്ഞ
 കൂകിപ്പായുന്ന തീവണ്ടികൾ

കുതിച്ചുവന്ന വികസനത്തിന്റെ
ഏതോ  വൃദ്ധ  സദനത്തിൽ

 ഓർമ്മകൾ  അയവിറക്കിയവളും
നെൽക്കതിരും വയലും
ഇപ്പോളും കരഞ്ഞിരിപ്പുണ്ടാവാം .

Friday, January 11, 2013

ഓർക്കുക

ഓർക്കുക


അന്നൊരാ  സന്ധ്യയ്ക്ക്
നീയെന്റെ  മാറിലേക്കഗ്നി വർഷിച്ചതും
അന്നത്തിനായ് വന്ന  പാവങ്ങളെ
വൃഥാ നഗരിയിൽ ചുട്ടതും
ഇല്ലാ  മറന്നതല്ലോർക്ക നീ
ആഡ്യത്വമറിയാത്ത  ശത്രുവേ
ഇന്നും തുടരുന്നൊരീ  ക്രൂര ഭീകര
താണ്ടവം നിർത്തുവതില്ലേ
ഭൂമിയോളം ക്ഷെമിച്ചീടിലും നീ
നിന്റെ  കുടിലതയ്ക്കറുതിയേകില്ലേ
ശാന്തിയാൽ ഞാൻ തീർത്ത
മഞ്ഞിൽ മലയിൽ നീ
കോപാഗ്നി  വീഴത്തവേയോർക്ക
ഒരു പ്രളയമായി ഞാൻ വന്നീടുകിൽ
നിന്റെ  ഹുങ്കും  മിടിപ്പും നിലയ്ക്കും

Monday, January 7, 2013

ആടലോടകം...

ഉയർന്ന് പൊങ്ങിയ
കന്നിമൂലയിൽ ചുടലയും
ലിംഗത്തിൽ കിണറും,
അലക്കുകല്ലിനടുത്ത്
എവിടെയോ തൊട്ടാവാടി
പടർപ്പുകൾക്കിടയിൽ
ഇന്നും നീയുണ്ട്,
വിളറിയ ചിരിയുമായി..

ലക്ഷണമൊത്ത പറമ്പിൽ
ഇന്നിന്റെ അവലക്ഷണമായി
എന്നെ പോലെ.
പ്ലാവിലയിൽ പൊതിഞ്
കനലിൽ ചുട്ട് പിഴിഞ
കയ്പുനീർ മുൻപേ
കുടിച്ചത് കൊണ്ടാവാം
എനിയ്ക്കിപ്പോൾ ഒന്നിന്റെയും
കയ്പ്പറിയില്ല.

അജീർണ്ണം ബാധിച്ച
ജീവിത യാത്രയിൽ
നിന്നെ കൂടെ കൂട്ടാൻ
മറന്നുപോയതാവാം,
എങ്കിലും നീ അവിടെ വേണം,
കയ്പുനീർ നൽകി സുഖിപ്പിക്കാൻ.
എനിയ്ക്ക് പകരമായി
എന്റെ മുക്കുറ്റി പൂക്കൾക്കും,
കൊടകപാലയ്ക്കും
പിന്നെ ,എന്റെ അമ്മയ്ക്കും
ഒരു താങ്ങായി.