Followers

Monday, February 11, 2013

ഇന്നലെ



ആരോ ചവിട്ടിയരച്ച
രണ്ട്  കണ്ണുനീർത്തുള്ളീകൾ
കൊളുത്തി പിടിച്ച്
  കോച്ചി വലിയുന്ന
വേദനയിൽ ഇന്നലെ 
വിയർപ്പിൽ  കുതിർന്ന്
വഴിയരുകിൽ
വിതുമ്പിക്കരഞ്ഞു
അപ്പോൾ ,
കടിച്ച് പറിച്ച
ചോരവാർന്ന
ഒരിളം ചുണ്ടുമായി
മൂന്നാലുറുമ്പുകൾ
സാക്ഷിപറയാനും

Saturday, January 26, 2013

കൂകിപ്പായും തീവണ്ടി.

 കൂകിപ്പായും തീവണ്ടി.


മനസ്സിലേക്ക് കുതിച്ചെത്തുന്നുണ്ട്
  വെളുത്ത  നക്ഷത്ര കണ്ണുകളുമായി
കരിപുരണ്ട ജീവിതങ്ങളുടെ
ഓർമ്മകൾ പോലെ
കൂകി പായുന്നൊരു തീവണ്ടി

നെഞ്ചിൻ  നെരിപ്പോടിൽ
  എരിയുന്ന കൽക്കരിയുടെ 
 ജ്വലനവേഗത്തിന്റെ
കച  കച  താളങ്ങൾ

 തിരക്കിട്ടൊരു ചൂളം വിളിച്ച്
ചിരിച്ച്കൊണ്ടവൾ 
.നിർത്താതെ  യാത്ര  തുടരവേ

ഇളകാറ്റിനൊപ്പം  തലയാട്ടി
മെല്ല  താളം പിടിക്കുന്ന
   സ്വർണ്ണ  നെൽക്കതിരുകളും
കരിവണ്ടും കാക്കപ്പൂവും
കൈവീശി    മിഴിച്ചു നിൽക്കുന്ന
കരുമാടിചെക്കനും

ജീവന്റെയും മരണത്തിന്റെയും
 സൌഗന്ധിഗങ്ങൾ   തേടി
ലക്ഷ്യത്തിലേക്ക് പോയവർക്ക്
 കറുത്ത സുന്ദരിയായിരുന്നവൾ
ഹിഡുംബിയെ  പോലെ .

മദിരാശിയ്ക്ക് പോയ  കുമാരേട്ടൻ,
 ബംഗാളിലേക്ക് സുധാകരൻ,
പിന്നെ പഴനിയിലേക്ക് 
എന്നെയും കൊണ്ട്
അച്ചനും  അമ്മയും  ചോറൂണിനും.

ഡീസലിന്റെ മാസ്മര  വേഗത്തിൽ
 കാഴ്ചയിൽ നിന്നും,മെല്ലെ
 ഓർമ്മയിൽ നിന്നും മാഞ്ഞ
 കൂകിപ്പായുന്ന തീവണ്ടികൾ

കുതിച്ചുവന്ന വികസനത്തിന്റെ
ഏതോ  വൃദ്ധ  സദനത്തിൽ

 ഓർമ്മകൾ  അയവിറക്കിയവളും
നെൽക്കതിരും വയലും
ഇപ്പോളും കരഞ്ഞിരിപ്പുണ്ടാവാം .

Friday, January 11, 2013

ഓർക്കുക

ഓർക്കുക


അന്നൊരാ  സന്ധ്യയ്ക്ക്
നീയെന്റെ  മാറിലേക്കഗ്നി വർഷിച്ചതും
അന്നത്തിനായ് വന്ന  പാവങ്ങളെ
വൃഥാ നഗരിയിൽ ചുട്ടതും
ഇല്ലാ  മറന്നതല്ലോർക്ക നീ
ആഡ്യത്വമറിയാത്ത  ശത്രുവേ
ഇന്നും തുടരുന്നൊരീ  ക്രൂര ഭീകര
താണ്ടവം നിർത്തുവതില്ലേ
ഭൂമിയോളം ക്ഷെമിച്ചീടിലും നീ
നിന്റെ  കുടിലതയ്ക്കറുതിയേകില്ലേ
ശാന്തിയാൽ ഞാൻ തീർത്ത
മഞ്ഞിൽ മലയിൽ നീ
കോപാഗ്നി  വീഴത്തവേയോർക്ക
ഒരു പ്രളയമായി ഞാൻ വന്നീടുകിൽ
നിന്റെ  ഹുങ്കും  മിടിപ്പും നിലയ്ക്കും

Monday, January 7, 2013

ആടലോടകം...

ഉയർന്ന് പൊങ്ങിയ
കന്നിമൂലയിൽ ചുടലയും
ലിംഗത്തിൽ കിണറും,
അലക്കുകല്ലിനടുത്ത്
എവിടെയോ തൊട്ടാവാടി
പടർപ്പുകൾക്കിടയിൽ
ഇന്നും നീയുണ്ട്,
വിളറിയ ചിരിയുമായി..

ലക്ഷണമൊത്ത പറമ്പിൽ
ഇന്നിന്റെ അവലക്ഷണമായി
എന്നെ പോലെ.
പ്ലാവിലയിൽ പൊതിഞ്
കനലിൽ ചുട്ട് പിഴിഞ
കയ്പുനീർ മുൻപേ
കുടിച്ചത് കൊണ്ടാവാം
എനിയ്ക്കിപ്പോൾ ഒന്നിന്റെയും
കയ്പ്പറിയില്ല.

അജീർണ്ണം ബാധിച്ച
ജീവിത യാത്രയിൽ
നിന്നെ കൂടെ കൂട്ടാൻ
മറന്നുപോയതാവാം,
എങ്കിലും നീ അവിടെ വേണം,
കയ്പുനീർ നൽകി സുഖിപ്പിക്കാൻ.
എനിയ്ക്ക് പകരമായി
എന്റെ മുക്കുറ്റി പൂക്കൾക്കും,
കൊടകപാലയ്ക്കും
പിന്നെ ,എന്റെ അമ്മയ്ക്കും
ഒരു താങ്ങായി.

Monday, December 31, 2012

.................

 ഹിമകണമല്ലിത് കാൺക
  ചുട്ടുപൊള്ളുന്ന  കണ്ണുനീരെന്നെത്ര
പേരലറിയാർത്ത് വിളിച്ചിട്ടും
ഇളകാത്ത നിർഗുണത്വമേ
 
വ്യാസ മൌന  നിശ്ശബ്ദതേ,
അകർമണ്യതേ  വാഴ്ക
വാഴ്വിലുയരുമഗ്നിയിൽ
വെന്തുരുകാതെയൊളിച്ചീടുക

 വികസന  വിടുവായിൻ
വളർച്ചാ നിരക്കിലഭിരമിച്ചീടുക
വിഷാദ  രോഷ വിലാപങ്ങൾ 
കേട്ടില്ലെന്നും  നടിയ്ക്ക

വരുമൊരു പ്രധിഷേധ
പ്രളയമൊരിക്കലതിൽ
തകർന്നടിഞ്ഞീടാനായ്
ഒരുങ്ങീടുക മറക്കേണ്ട



Monday, December 17, 2012

യോജിപ്പ്

യോജിപ്പ്

അശാന്ത  മൌനമാം
ദിന  രാത്രങ്ങളുടെ
വിഴുപ്പലക്കലുകളുടെ
ഒടുവിലവര്‍  തീരുമാനിച്ചു
  “നമുക്ക് പിരിയാം “ ,

സ്വകാര്യതകളുടെ
നിലയില്ലാ  കഴത്തില്‍
 അവര്‍ ഇരു  ധ്രുവങ്ങാളായി

എങ്കിലും അവരുടെ
  ചിന്ത മുഴുവന്‍ 
മകള ആരെ കൂടെ
കിടത്തും  എന്നായിരുന്നു .


Wednesday, December 12, 2012

സമര്‍പ്പണം

 സമര്‍പ്പണം

തണുത്ത പച്ചക്കറികളുടെ
ഇനിയും കേടായിട്ടില്ലെന്ന
മരവിപ്പ് വെട്ടി നുറുക്കി

എന്ത് വേണേലും
ചെയ്യൂ എന്ന്
 ഒരല്പം മരവിച്ചിരുന്ന്


 അടുക്കളയില്‍ 
പല  രൂപത്തില്‍ 
തിളച്ചു  മറിഞ്ഞ്

മെല്ലെ വെന്തുരുകി
കണ്ണിര്‍ വറ്റിയൊരല്പം
വെറുതെ വിശ്രമിച്ച്

 ഇടയ്ക്കിടെ ബ്രേക്കിംഗ്  ന്യൂസ്
  തരുന്ന  വിധിയുടെ
ചാനല്‍  തിരഞ്ഞ്


മുറിയുടെ മുക്കിലും മൂലയിലും
അരിച്ച് പെറുക്കി
ഓരോ  ചിന്തയും
തൂത്ത്  വാരി
കഴുകിയെടുത്ത്

 കുളിമുറിയില്‍  കൂട്ടിയിട്ട
അഴുകിയ  തുണിയോടൊപ്പം
നുരഞ്ഞ്  പൊങ്ങി
വെയിലിലൊന്നാറി
കാത്ത്  കാത്തിരുന്ന്

  മണിയൊച്ച  കേട്ടാല്‍
ഓടിച്ചെന്ന് വാതില്‍ തുറക്കണം
  എന്നെ  എടുത്തിട്ടലക്കി
  ഞെക്കി പിഴിയാന്‍