Followers

Wednesday, July 5, 2017

യാഗം

യാഗം

വരണ്ട  നെല്പാടങ്ങളിൽ
കണ്ണെത്താ  ദൂരം
നിരന്നിരിക്കുന്ന
കൂറ്റൻ   കഴുമരങ്ങളിൽ 
പിടഞ്ഞാടുന്നു
  ജീവിക്കാൻ  വേണ്ടി
  മരിക്കുന്നവർ

ഉണങ്ങി കരിഞ്ഞ്
പോയ  മരങ്ങളുടെ
അഷ്ട  ഗന്ധം പുകച്ച്
പഞ്ചാഗ്നിയെ  സാക്ഷിയാക്കി
മരിച്ച  പുഴയുടെ
  ദുരിതാത്മാക്കൾ  മന്ത്രമോതി
  ആകാശത്തേക്ക് പടർത്തുന്ന
  അതിരാത്ര  മഹാ ധൂമം

കറുത്ത  പുകയിൽ 
ഇരുളു മൂടിയ  ആകാശത്തിൽ
ഉരുണ്ടു കൂടിയ
  കാർമേഘങ്ങൾ
പൊട്ടിച്ചിതറി
താഴേക്ക്  പതിക്കുന്ന
മഹാമാരിയിൽ
  ഒലിച്ച് പോയ 
കഴുമരങ്ങളിൽ
അപ്പോളും  വിറങ്ങലിച്ച
ചിരിയുടെ  തേങ്ങലുകൾ

Thursday, February 9, 2017

ഒന്നും മനസ്സിലാവാത്ത പോലെ..

ഒന്നും മനസ്സിലാവാത്ത  പോലെ..

എലിക്കെണിയിൽ  കുടുക്കിയ
  എലിയെ  വെള്ളത്തിലേക്ക്
മുക്കി പിടിക്കുമ്പോൾ
  അയ്യോ  എന്നെ  കൊല്ലല്ലേ
എന്നത് നമ്മോട്
ഉറക്കെ  പറയുന്നത് 
നമ്മൾ  കേൾക്കാത്ത  പോലെ

ഇറച്ചിക്കടയിലേക്കുള്ള 
പൊള്ളിന്ന വഴിയിൽ
പാണ്ടി  വണ്ടികളിൽ
  തിരുകി കയറ്റിയ
  കാലിക്കൂട്ടങ്ങൾ 
ഞങ്ങളെ  രക്ഷിക്കൂ  എന്നു 
വിളിച്ച് കൂവുന്നത്  
നമ്മൾ കേൾക്കാത്ത  പോലെ

കല്ലും  വടിയുമായി 
ചുറ്റും  കൂടിയവരെ   നോക്കി
പത്തി  താഴ്ത്തി 
പരാജയം  സമ്മതിച്ച് 
ഞാനൊരു  പാവമാണേയെന്നു
 പാവം പാമ്പ്  പറയുന്നതാരും
കേൾക്കാത്ത  പോലെ

കടയ്ക്കൽ  മുറിവേറ്റ  മരങ്ങൾ
വീഴുന്നതിനു മുൻപ് 
നമ്മെ  ശപിക്കുന്നത്  
നമ്മൾ  കേൾക്കാത്ത  പോലെ

ഞങ്ങളെ  ഇങ്ങനെ
  വരട്ടി  തിന്നു  തീർക്കല്ലേയെന്നു 
പുഴയും  പാടവും  
ആരൊടെല്ലാമോ  പറയുന്നത് 
നമ്മളാരും കേൾക്കാത്ത  പോലെ

ഇന്നലെ  പെയ്ത
  ചാറ്റൽ മഴയും എന്തെല്ലാമോ
നമ്മോട്  വിതുമ്പി പറയുന്നത് 
നമ്മളെല്ലാം കേട്ടിട്ടും
ഒന്നും    മനസ്സിലാവാത്ത  പോലെ  .