Followers

Sunday, November 25, 2012

നിങ്ങള്‍ക്കറിയാമോ...?

നിങ്ങള്‍ക്കറിയാമോ...?

കേള്‍ക്കൂ,
ഈ ശൂന്യത ഇങ്ങനെ
ഒന്നുമില്ലായ്മയായി
കരുതുന്നവരൊട് എനിക്കും
ഒന്നും പറയാനില്ല .

ഇല്ലാ ,
പല്ലും നഖവും മുടിയും,
മജ്ജയും മാംസവും,
എല്ലിൻ കൂടും നീക്കിയാൽ
നിങ്ങളിക്കാണുന്ന ശൂന്യത
എന്റെ ആത്മാവാണെന്ന്
പരിതപിക്കുന്നില്ല.

ഈ ഞാനും,
എപ്പോളോ എന്തിനോ
ആരോ നീലാകാശത്തിലേക്ക്
വലിച്ചെറിഞ്ഞ വെറുമൊരു
കരിങ്കല്ലുമാകാം .

അറിയാം,
എത്ര ഉയരത്തിലേക്കെന്നും
എപ്പോൾ വീഴണമെന്നും
ഗുരുത്വാതിജീവനവും പ്രവേഗ
ത്വരണാദികളും ചേർത്ത്
ഒരിക്കലും തെറ്റാത്ത
നിയതിയുടെ കണക്കുകൾ
അന്നേ തീരുമാനിച്ചതും.

എങ്കിലും
നിങ്ങളറിയണം ,
ഏത് കല്ലിനും ഒരു കഥ
കദനത്തിന്റെ ഒരു കഥ
പറയാനുണ്ടെന്നതും.
കന്മദത്തിന്റെ മുഴുപ്പോ
കൃഷ്ണശിലയെന്ന ഗമയോ
ഒരു വീഴ്ചയിലും ഗതിവേഗം
നിയന്ത്രിക്കില്ലെന്നതും.

എന്നിട്ടും,
അനന്തകോടി നക്ഷത്രങ്ങളും
അതി സൂക്ഷ്മ കണങ്ങളും
ആരാലും നിയന്ത്രിക്കപെടാതെ
കറങ്ങിക്കൊണ്ടിരിക്കുമ്പോളും
എല്ലാം ഞാനെന്ന ഭാവത്തില്‍
നിങ്ങളും ഗണിച്ചുകൊണ്ടിരിക്കൂ.

2 comments:

  1. < എങ്കിലും
    നിങ്ങളറിയണം ,
    ഏത് കല്ലിനും ഒരു കഥ
    കദനത്തിന്റെ ഒരു കഥ
    പറയാനുണ്ടെന്നതും.
    കന്മദത്തിന്റെ മുഴുപ്പോ
    കൃഷ്ണശിലയെന്ന ഗമയോ
    ഒരു വീഴ്ചയിലും ഗതിവേഗം
    നിയന്ത്രിക്കില്ലെന്നതും. >

    ആ വരികള്‍ വല്ലാതെ ആകര്‍ഷിച്ചു.. ഇങ്ങനൊരു ചിന്ത എനിക്കും ഉണ്ടായിരുന്നു.. പക്ഷെ എങ്ങനെ എഴുതണം എന്നറിയാതെ നിന്നുപോയി.. പക്ഷെ മുരളിയേട്ടന്‍ വളരെ കാവ്യാത്മകമായി തന്നെ എഴുതിവെച്ചു..

    ReplyDelete
  2. സന്തൊഷം സ്നേഹിതാ....

    ReplyDelete